മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വീരമൃത്യുവിന് 10 വയസ്സ്; എന്തായിരുന്നു സന്ദീപ്?

കരുത്തിന്റെ പര്യായമാണു മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ എന്നതു രാജ്യം നേരിൽ കണ്ട് അംഗീകരിച്ച യാഥാർഥ്യം. സന്ദീപിന്റെ വാക്കുകൾ മതി ആ കരുത്തിനു നിദർശനമാകാൻ. ഒരിക്കൽ അമ്മ ധനലക്ഷ്മിയോടു സന്ദീപ് പറഞ്ഞു: ‘‘മമ്മീ, ഏതെങ്കിലുമൊരു സാഹചര്യം വന്നാൽ ഒരിക്കലും മറ്റുള്ളവരെ മുന്നിൽ തള്ളിയിട്ടു ഞാൻ ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല. മറ്റുള്ളവരെ രക്ഷിക്കാനേ നോക്കൂ. കഴിയുന്നത്ര പേരെ രക്ഷിക്കും. ഞാൻ മരിച്ചാലും മറ്റുള്ളവർ മരിച്ചാലും എനിക്ക് ഒരു പോലെയാണ്. ഞാൻ രക്ഷപ്പെട്ടുവന്ന്, മറ്റുള്ളവർക്കു ജീവൻ നഷ്‌ടമായിട്ടെന്തു ഫലം?’’

ഇന്ത്യൻ ജനതയുടെ മനസ്സിൽ ചിരഞ്‌ജീവിയാകുന്ന സന്ദീപ് എന്ന മകന്റെ ജ്വലിക്കുന്ന ഓർമയിലാണ് ഉണ്ണിക്കൃഷ്ണനും ധനലക്ഷ്മിയും ഇന്നും. സ്‌നേഹത്തിന്റെയും ആത്മാർഥതയുടെയും സഹജീവികളോടുള്ള കരുണയുടെയും ആൾരൂപമായി ചെറുപ്പത്തിൽതന്നെ മാറിയ മകൻ. ഈ ഗുണങ്ങളെല്ലാം മകനിൽനിന്നാണു തങ്ങൾ പഠിച്ചതെന്ന് അവർ പറയും. മകന്റെ വിയോഗം തങ്ങളുടെ ജീവിതത്തെയും മാറ്റിമറിച്ചതിന്റെ കഥ പറയുകയാണ് അവർ.

2008 നവംബർ 26

മറക്കാനാകില്ല ഇന്ത്യക്ക് ആ ദിനം. രാജ്യത്തെ ഞെട്ടിച്ചു മുംബൈയിലുണ്ടായ പാക്ക് ഭീകരാക്രമണം. മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടലിൽ കടന്നുകയറിയ ഭീകരർ ഒട്ടേറെപ്പേരെ വെടിവച്ചു വീഴ്ത്തി. ഭീകരരെ തുരത്താൻ എത്തിയ ദേശീയ സുരക്ഷാ സേന 51 എൻഎസ്ജി വിങ്ങിന്റെ നായകനായിരുന്നു മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ. സ്വന്തം സേനയെ മുന്നിൽനിന്നു നയിച്ച നായകൻ. ഭീകരർക്കെതിരെ ശക്തമായ പോരാട്ടം നടത്തി സന്ദീപും കൂട്ടരും. ഒട്ടേറെ പേരെ സന്ദീപ് ഒറ്റയ്ക്കുതന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. പോരാട്ടത്തിനിടയിൽ സന്ദീപ് വെടിയേറ്റു വീണു. അമ്മയ്ക്കു നൽകിയ വാക്കുകൾ അന്വർഥമാക്കിക്കൊണ്ട്, കഴിയുന്നത്ര പേരെ രക്ഷിച്ച് ഒടുവിൽ, വീരമൃത്യു.

സന്ദീപിന്റെ വിയോഗത്തിനു കൃത്യം രണ്ടു മാസം പ്രായമായപ്പോൾ രാജ്യം ആ ധീരനു മരണാനന്തര ബഹുമതിയായി അശോകചക്രം സമർപ്പിച്ചു. രാഷ്ട്രപതി പ്രതിഭാ പാട്ടീലിൽ നിന്ന് അത് ഏറ്റുവാങ്ങിയത് അമ്മ ധനലക്ഷ്മിയായിരുന്നു.

അതൊരു തുടക്കം

മകൻ പൊരുതിവീണ മണ്ണിൽ പോകണമെന്ന ധനലക്ഷ്മിയുടെ ആഗ്രഹം അടുത്ത മാസങ്ങളിൽ തന്നെ നിറവേറി. അതൊരു യാത്രയുടെ തുടക്കമായിരുന്നു. സന്ദീപിന്റെ ഓർമകൾ നിറയുന്ന ഓരോ ഇടത്തിലും അവർ പിന്നീടെത്തി. സൈന്യത്തിൽ മകന്റെ സ്വന്തം റജിമെന്റായ സെവൻ ബിഹാർ റജിമെന്റ്, എൻഎസ്ജിയുടെ 51, 52 വിങ്ങുകൾ, മകനെ ഉത്തമ സൈനികനാക്കി മാറ്റിയ നാഷനൽ ഡിഫൻസ് അക്കാദമി, മുംബൈയിലെ താജ്മഹൽ പാലസ് ഹോട്ടൽ .... ഹരിദ്വാറിലെത്തി മകന്റെ ചിതാഭസ്മം ഗംഗയിലൊഴുക്കി. യോഗ ഗുരു ബാബാ രാംദേവ് അപ്പോൾ പറഞ്ഞു: ‘ഗംഗ കൂടുതൽ പവിത്രമായി.’

സെവൻ ബിഹാർ റെജിമെന്റ് ഇപ്പോഴുള്ള അരുണാചൽ പ്രദേശിലെ ബുംലയിൽ സന്ദീപിന്റെ മാതാപിതാക്കളായ ഉണ്ണിക്കൃഷ്ണനും ധനലക്ഷ്മിയും

പ്രമോദിന്റെ വാക്കുകൾ

സന്ദീപിന്റെ ജീവൻ പൊലിഞ്ഞതിന്റെ പത്താം വാർഷികമായ ഈ  27നു രാത്രി 11 മുതൽ 12 വരെ താജിലെ പാംലോഞ്ച് റസ്റ്ററന്റിൽ മകൻ വീണ സ്ഥലത്തു മാതാപിതാക്കൾ പ്രാർഥനകളോടെ ഇരിക്കുമ്പോൾ ഇരുവരെയും ഒരിക്കലും മറക്കാനാകാതെ ഒരാൾ കൂടി ഇവിടെയെത്തും. പ്രമോദ് രഞ്ജൻ എന്ന ചെന്നൈ സ്വദേശി. സന്ദീപ് ജീവൻ രക്ഷിച്ചയാൾ.

പ്രമോദിന്റെ വാക്കുകൾ ധനലക്ഷ്മി പറയുന്നത് ഇങ്ങനെ: ‘താജിന്റെ ആറാമത്തെ നിലയിലെ മുറിയിലായിരുന്നു എന്റെ താമസം. പൊടുന്നനെ വെടിശബ്ദങ്ങൾ. വാതിലുകൾ കൊട്ടിയടയ്ക്കുന്നു. പുറത്തിറങ്ങിയപ്പോൾ ടീഷർട്ടും മുഖംമൂടിയും ധരിച്ച മൂന്നു പേർ തോക്കുമായി നീങ്ങുന്ന കാഴ്ച. മുറിക്കകത്തേക്കു വലിഞ്ഞു വാതിലടച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷ തേടിയുള്ള മുറവിളികൾ നിറഞ്ഞ 30 മണിക്കൂർ. ഒടുവിൽ വാതിൽക്കൽ മുട്ടു കേട്ടു. പൊലീസ്, പൊലീസ് എന്ന വാക്കും. രക്ഷപ്പെടാനുള്ള സമയം ഇതു മാത്രമാണ് എന്നു നല്ല ഇംഗ്ലിഷിൽ പറയുന്നതു കേട്ടു. വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്കു നോക്കിയതു യൂണിഫോംധാരി. സംഘർഷത്തിനിടയിലും ശാന്തമായിരുന്നു സന്ദീപിന്റെ മുഖം. എന്നെ അടുത്തെത്തി പരിശോധിച്ചു. ഒന്നും പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കി. ഒരു പായ്ക്കറ്റ് വെള്ളവും ആപ്പിളും തന്നു. എന്നെ പുറത്തെത്തിച്ച് സന്ദീപ് വീണ്ടും അകത്തേക്കു നീങ്ങി. എന്റെ രക്ഷകൻ. എന്റെ ദൈവം’. അങ്ങനെ എത്രയെത്ര പേർക്കു സന്ദീപ് ദൈവമായി. ഒടുവിൽ വെടിയേറ്റു വീഴും വരെ.

ആദ്യ താജ് യാത്ര

സന്ദീപിന്റെ വീരമൃത്യുവിനു ശേഷമുള്ള ആദ്യ താജ്മഹൽ പാലസ് ഹോട്ടൽ യാത്ര ഓർക്കുകയാണു ധനലക്ഷ്മി. ‘വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ, വിറയ്ക്കുന്ന ശരീരത്തോടെയാണ് ആദ്യമായി താജ്മഹൽ ഹോട്ടലിലേക്കു കാലെടുത്തുവച്ചത്. ഓരോ അടിവയ്ക്കുമ്പോഴും ശക്തി കുറയുന്നതായി അനുഭവപ്പെട്ടു. പൊട്ടിപ്പിളർന്ന് അലങ്കോലമായിക്കിടന്ന മാർബിൾ കൂമ്പാരങ്ങൾ. വെടിയുണ്ടകൾ ചീറിപ്പാഞ്ഞ സ്ഥലങ്ങൾ. ഓരോ ചുവടു മുന്നോട്ടു പോകുമ്പോഴും എന്റെ മനസ്സിൽ ഒരേയൊരു ചിത്രം. കരിമ്പൂച്ചയുടെ വസ്ത്രം ധരിച്ച്, തോക്കും കയ്യിൽപിടിച്ച് ഓടിനടക്കുന്ന എന്റെ മകൻ. താജിലുള്ളവർ നടന്നതെല്ലാം വിസ്തരിക്കുന്നുണ്ടായിരുന്നു. അവയൊക്കെ അവ്യക്തമായിരുന്നു എനിക്ക്. ഒടുവിൽ അവൻ ചേതനയറ്റു വീണ മുറിയിലെത്തി. ഭീകരർ വെടിയുതിർക്കുമ്പോൾ സന്ദീപ് മറയാക്കിയ സോഫ. അതിൽ 13 വെടിയുണ്ടകളാണു പതിഞ്ഞിരിക്കുന്നത്. (ആ സോഫ എൻഎസ്ജിയിൽ ഇന്നും സന്ദീപിന്റെ ഓർമയ്ക്കായി സൂക്ഷിച്ചിരിക്കുന്നു). നിലത്തു വീണു കരയാനല്ലാതെ മറ്റൊന്നിനുമായില്ല. ഒരു പിടി പൊടി അവിടെനിന്നു വാരിയെടുത്തു. ഇന്നും വീട്ടിൽ അതു സൂക്ഷിക്കുന്നു. സന്ദീപിന്റെ ജന്മദിനമായ മാർച്ച് 15നു ബെംഗളൂരു യെലഹങ്ക ഐഎസ്ആർഒ ലേ ഔട്ടിൽ ഞങ്ങളുടെ വീട്ടിലെത്തുന്ന വിദ്യാർഥികൾ സന്ദീപിന്റെ ചിത്രത്തിനും ആ ഒരു പിടി മണ്ണിനും മുന്നിൽ നമസ്കരിക്കും’.

സെവൻ ബിഹാർ റജിമെന്റ്

ഓരോ വർഷവും ഏപ്രിൽ ആദ്യവാരമാണു സന്ദീപിന്റെ മാതൃ റജിമെന്റായ സെവൻ ബിഹാർ യൂണിറ്റിലേക്കുള്ള യാത്ര. മൂന്നു വർഷമായി അരുണാചൽ പ്രദേശിലാണ് ഈ റജിമെന്റിന്റെ പ്രവർത്തനം. അവിടെ നാലു ദിവസമാണു റജിമെന്റ് ദിനാഘോഷ പരിപാടികൾ. സന്ദീപിന്റെ മാതാപിതാക്കൾ എത്തിയാലേ അവർ ആഘോഷം തുടങ്ങൂ. സന്ദീപ് ഇല്ലാത്ത വീട്ടിൽ, സെവൻ ബിഹാർ റജിമെന്റിൽനിന്ന് ഒരാൾ എപ്പോഴുമുണ്ടാകും. രണ്ടു വർഷത്തേക്കാണ് ഓരോരുത്തരുമുണ്ടാകുക. ഇപ്പോഴുള്ള ഭൂപേഷ് മണ്ഡൽ അഞ്ചാമത്തെയാളാണ്.

സന്ദീപ് ഉണ്ണിക്കൃഷ്ണൻ മാതാപിതാക്കളോടൊപ്പം

എൻഎസ്ജിയിൽ

സെവൻ ബിഹാർ റജിമെന്റിൽനിന്നാണു സന്ദീപ് ഡപ്യൂട്ടേഷനിൽ ദേശീയ സുരക്ഷാ സേനയിലേക്കു (എൻഎസ്ജി) മാറിയത്. എൻഎസ്ജി 51 വിങ്ങിലായിരുന്നു സന്ദീപെങ്കിലും 52 വിങ്ങിനും പ്രിയപ്പെട്ടവനായിരുന്നു. ഒക്ടോബറിലാണു 52 വിങ്ങിലെ ആഘോഷം. 51ലേതു ഡിസംബറിലും. ഇന്നും രണ്ടിടത്തും മാതാപിതാക്കൾ മുടങ്ങാതെ എത്തുന്നു. ഡൽഹി മനേസറിലാണ് ഈ ആഘോഷങ്ങൾ.

ട്രസ്റ്റും പ്രവർത്തനങ്ങളും

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റ് എന്ന പേരിൽ ഒരു ട്രസ്റ്റിനു തുടക്കമിട്ടിട്ടുണ്ടു ധനലക്ഷ്മിയും ഐഎസ്ആർഒയിലെ റിട്ട. ഉദ്യോഗസ്ഥനായ കെ. ഉണ്ണിക്കൃഷ്ണനും. ബെംഗളൂരുവിലെ വീടുതന്നെയാണ് ട്രസ്റ്റ് ആസ്ഥാനം. സന്ദീപിന്റെ ഛായാചിത്രവും സ്കൂൾതലം മുതൽ ലഭിച്ച മെഡലുകളും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ചിത്രങ്ങളുമെല്ലാം ഉൾപ്പെടുത്തി ഒരു ഗാലറിയും തയാറാക്കിയിട്ടുണ്ട്.

മാർച്ച് 15നു സന്ദീപിന്റെ ജന്മദിനത്തിൽ ആയിരത്തിലേറെ പേർ വീട്ടിലെത്തും. സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികളും ജാതി–മത–രാഷ്ട്രീയ ഭേദമെന്യേ രൂപീകൃതമായ യുവ ബ്രിഗേഡിലെ യുവാക്കളുമെല്ലാം അവരിലുണ്ടാകും. യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ ബന്ധുക്കളെ ആദരിക്കുന്നതും ഈ ദിവസത്തെ പതിവാണ്.

രാജീവ് ചന്ദ്രശേഖർ എംപി നൽകിയ 25 ലക്ഷം രൂപയുമായാണു തുടക്കം. ഒട്ടേറെ വിദ്യാർഥികളുടെ പഠനച്ചെലവു ട്രസ്റ്റ് വഹിക്കുന്നുണ്ട്. ഒന്നര വയസ്സുമുതലുള്ള രോഗികളായ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ചികിത്സച്ചെലവുകളും വഹിക്കുന്നു. ട്രസ്റ്റിന്റെ പരിമിതമായ വരുമാനവും വ്യക്തിപരമായ വരുമാനവും ഉപയോഗിച്ചാണു പ്രവർത്തനങ്ങൾ. നാട്ടിലെത്തുമ്പോൾ അവിടെ രോഗാതുരരായ അർഹരെ സഹായിക്കാനും കോഴിക്കോട് സ്വദേശികളായ ഈ ദമ്പതികൾ സമയം കണ്ടെത്തുന്നു. രാജ്യത്തെമ്പാടുമായി ഒട്ടേറെ കോളജുകളിലും മറ്റും ഇന്നും ക്ഷണിച്ച് ആദരിക്കാറുണ്ട്. യാത്രയിലായിരിക്കും മിക്കപ്പോഴും.

സ്കൂളിലും കോളജിലും സന്ദീപിന്റെ സഹപാഠികളായിരുന്നവർ വിദേശത്തുനിന്നും മറ്റും നാട്ടിലെത്തിയാൽ ഇന്നും മക്കളുമായെത്തുന്നു. നൂറുകണക്കിനു പേർ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നവരായുണ്ട്.

പിറക്കട്ടെ, ഏഴു ജന്മത്തിലും

‘‘സന്ദുമോൻ നൽകിയ പ്രചോദനങ്ങൾ ഏറെയാണ്. അവൻ നൽകിയ വിശ്വാസങ്ങളും കരുത്തും ഞങ്ങളെ മുന്നോട്ടു നയിക്കുന്നു. അവൻ ആഗ്രഹിച്ച വിധത്തിലാണു ഞങ്ങളിന്നു ജീവിക്കുന്നത്. അത് അവനെ സന്തോഷിപ്പിക്കുന്നുണ്ടാകാം. സ്വന്തം ജീവൻ നോക്കാതെ മറ്റുള്ളവരുടെ ജീവൻ അവൻ രക്ഷിച്ചു.’’

മനസ്സുകൊണ്ട് ആ മകന്റെ പാദങ്ങൾ കഴുകി ആ തീർഥം കുടിക്കുന്നു ഈ അമ്മ.

‘‘ഏഴു ജന്മമുണ്ടോ? അറിയില്ല. ഉണ്ടെങ്കിൽ ഏഴിലും അവൻ ഞങ്ങളുടെ മകനായി പിറക്കട്ടെ. ഞങ്ങളില്ലെങ്കിലും അവന്റെ ഓർമകൾ സൂര്യപ്രഭയോടെ ജ്വലിക്കും’’–ധനലക്ഷ്മി പറയുന്നു.