ഓർമയിലെ അച്ഛൻ, ഓർമ മാഞ്ഞ്...

അജയ് തുണ്ടത്തിലും കുടുംബവും അച്ഛൻ കെ.പി. നായർക്കൊപ്പം. ചിത്രം: ബി. ജയചന്ദ്രൻ

തിരുവനന്തപുരത്ത് സിനിമാ പിആർഒ ആണ് അജയ് തുണ്ടത്തിൽ. ഇക്കഴിഞ്ഞ മുപ്പതാം തീയതി; അതായതു ലോകവയോജനദിനത്തിന്റെ തലേന്നു രാവിലെ ആറു മണി. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺ. പേരെന്താണ്?

അജയ്.
ങാ. സ്റ്റേഷൻവരെയൊന്നു വരണം. ഒരാളെ തിരിച്ചറിയാനുണ്ട്.
ആരാണ് സർ?
നിങ്ങളുടെ അച്ഛനാണോയെന്നു സംശയം! പൊലീസുകാർ തുടർന്നു: നിങ്ങളെഴുതിയ പഴയ ചില കത്തുകൾ അദ്ദേഹത്തിന്റെ ബാഗിനുള്ളിൽ ഉണ്ട്. നിങ്ങളദ്ദേഹത്തോട് ഒരു ബൈക്ക് ആവശ്യപ്പെട്ടിരുന്നോ?
അതോടെ ഉറപ്പായി. ‘ഞാനങ്ങോട്ട് വരാം’ എന്നു പറഞ്ഞ് അജയ് നേരേ സ്റ്റേഷനിലേക്കു വിട്ടു.

അജയ് പറയുന്നു: അച്ഛനെ കണ്ടിട്ട് 35 കൊല്ലമായിരുന്നു. അച്ഛനു മലേഷ്യയിലായിരുന്നു ഉദ്യോഗം. ഞാനും മൂത്ത ചേട്ടനും ചേച്ചിയും ജനിച്ചത് അവിടെയാണ്. ഓരോ കുട്ടിക്കും നാലു വയസ്സാകുമ്പോ പഠനം തുടങ്ങാൻ നാട്ടിലേക്കു കൊണ്ടുവന്നു. മലേഷ്യയിൽ ഏഴെട്ടു വയസ്സിലേ അന്നു പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കൂ. ശേഷം മൂന്നു വർഷത്തിലൊരിക്കൽ മൂന്നു മാസത്തെ അവധിക്കു വരുന്ന ഒരു അച്ഛനെയാണ് കണ്ടത്. നാലാം ക്ലാസിൽ, ഏഴാം ക്ലാസിൽ ഒടുവിൽ 1981ൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ. അത്തവണ ചേച്ചിയുടെ വിവാഹം ആഘോഷമായി നടത്തി. അതിന്റെ ചില ചിത്രങ്ങളുമായി സംതൃപ്തിയോടെയാണ് അച്ഛൻ മടങ്ങിയത്. പിന്നീട് കത്തുകൾ കുറഞ്ഞു.

വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ ചെന്ന അജയ് കണ്ടത്....?

അമ്മ പത്ത് കത്തയച്ചാൽ ഒരു മറുപടി. 1986ൽ റിട്ടയർ ചെയ്തപ്പോൾ കുറച്ചു കാശ് അയച്ചു. പക്ഷേ, ആൾ വന്നില്ല. അമ്മ പരിഭവം പറഞ്ഞപ്പോ, ഒരു അപകടം പറ്റി, അതിന്റെ ക്ലെയിം കൂടി കിട്ടിയിട്ടു വരാമെന്നു മറുപടി അയച്ചു. അജയ്‌യുടെ അമ്മാവന്മാർ മലേഷ്യയിലുണ്ടായിരുന്നു. അതിലൊരാൾ അന്വേഷിച്ചിട്ടു പറഞ്ഞു: അച്ഛനവിടെ മറ്റൊരു ബന്ധമുണ്ട്. അതിൽ രണ്ടു കുട്ടികളുമായി. അമ്മ അതോടെ കത്തെഴുത്തു നിർത്തി. ശേഷം തുടർന്നതു മകനായ ഞാൻ ആണ്. നിരന്തരം എഴുതിയാൽ വല്ലപ്പോഴുമൊരു മറുപടി. ഒരു ബൈക്ക് വേണമെന്ന് ആശ തോന്നിയപ്പോൾ അച്ഛനൊരു കത്ത് അയച്ചു.

ഹോണ്ട ബൈക്ക് കപ്പലിൽ അയച്ചുതരാമെന്നു മറുപടി വന്നു. വണ്ടി വന്നില്ല. കുറച്ചു നാൾ കൂടി കത്തെഴുതി. രണ്ടായിരത്തിനുശേഷം മറുപടി ഉണ്ടായിട്ടില്ല. മരിച്ചിരിക്കുമെന്നു കരുതി. കാരണം 2000ൽ തന്നെ അച്ഛന് 71 വയസ്സുണ്ടായിരുന്നു. കർക്കടക ബലിയിടാൻ പോകുന്ന കൂട്ടുകാർ ക്ഷണിക്കും. ബലിയിട്ടില്ലെങ്കിൽ പാപമാണ്. എന്നിട്ടും മനസ്സു വന്നില്ല.
വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് അജയ് കയറിച്ചെല്ലുമ്പോൾത്തന്നെ ജനാലയിലൂടെ വയസ്സായ ഒരു മനുഷ്യന്റെ മുഖം കണ്ടു. ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞു. മനസ്സ് സന്തോഷംകൊണ്ടു നിറഞ്ഞു. അച്ഛൻ. കെ. പരമേശ്വരൻ നായർ എന്ന കെ. പി. നായർ.
അച്ഛാ... എന്നു വിളിച്ചപ്പോൾ പുഞ്ചിരിച്ചു.

പൊലീസുകാർ പറഞ്ഞു: ഇന്നു പുലർച്ചേ മൂന്നു മണിക്കു തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയതാണ്. മലേഷ്യയിലെ ക്വാലലംപുരിൽനിന്ന്. ബാഗിൽ ഇതാ നോക്കൂ. നിങ്ങളുടെ അഡ്രസ് ഇരുവശവും ഡിടിപിയെടുത്ത് ഒട്ടിച്ചിരിക്കുന്നു. അജയ് പറഞ്ഞു: ഇതെന്റെ കുടുംബവീട് നിന്നിരുന്ന കൈതമുക്കിലെ അഡ്രസ്സാണ്. അതു വിറ്റുപോയി. പക്ഷേ, ഈ ഫ്രം അഡ്രസിലാണു ഞാൻ അച്ഛനു കത്തെഴുതിയിരുന്നത്.
പൊലീസ് പറഞ്ഞു: സത്യമാണ്!
രണ്ടു പതിറ്റാണ്ടു മുമ്പ് അജയ് എഴുതിയ കത്തുകൾ പൊലീസ് അച്ഛന്റെ ബാഗിൽ നിന്ന് എടുത്തു കാണിച്ചുകൊടുത്തു.
എന്തു വേണം? – പൊലീസ് ചോദിച്ചു.
അച്ഛനെ കൊണ്ടുപോകുന്നു!
ആളെ ഏറ്റുവാങ്ങിയതായി റജിസ്റ്ററിൽ ഒപ്പിട്ടു കൊടുത്തു. ഓട്ടോയിലേക്ക് 87 വയസ്സുള്ള അച്ഛനെ കയറ്റുമ്പോ ഒരു പൊലീസുകാരൻ പറഞ്ഞു: കൊണ്ടുപോകുന്നതൊക്കെ നല്ലത്. പക്ഷേ, ആൾ മലേഷ്യൻ പൗരനാണ്. വീട്ടിലൊരു അംഗം കൂടി ആയി.

അജയിനു ജോലിസംബന്ധമായി സിനിമാ ലൊക്കേഷനുകളിൽ പോകണം. ഭാര്യ യോഗ ടീച്ചറാണ്. യാത്രയുണ്ട്. ബുദ്ധിമുട്ട് സ്വാഭാവികം. എന്നിട്ടും അച്ഛൻ ശല്യമാണെന്നു തോന്നിയില്ല. പരാശ്രയം ആവശ്യമില്ല. മലേഷ്യയിൽ ഇംഗ്ലിഷുകാരുടെ റബർ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ യൂറോപ്യൻ ചിട്ടവട്ടങ്ങൾ. ആഹാരം കഴിച്ചാൽ നന്ദി പറയും. ഒരു കടലാസ് താഴെ വീണാൽ വരെ കുനിഞ്ഞെടുത്ത് ഇംഗ്ലിഷിൽ ഇതാരുടേതാണ് എന്ന് ചോദിക്കും. ഇഷ്ടപ്പെട്ട് യൂറോപ്യൻ മുതലാളി ഓസ്ട്രേലിയയിലേക്കു ക്ഷണിച്ചുകൊണ്ടുപോയിട്ടുണ്ട്. ആ കഥയൊക്കെ പറഞ്ഞു.

പക്ഷേ, അജയ് പുറത്തേക്കു പോകാനൊരുങ്ങിയപ്പോൾ അച്ഛൻ ഭാര്യയോടു ചോദിച്ചു: ‘ആ ആൾ എങ്ങോട്ടാണു പോകുന്നത്? അയാളോട് എനിക്ക് പത്തു ഡോളർ തരാൻ പറയൂ. എനിക്ക് കെംപോങ്ങിൽ (മലേഷ്യയിലെ ഒരു നഗരം) എത്തണം.’
അജയ് ഞെട്ടിപ്പോയി. മെല്ലെ ചോദിച്ചു.
അച്ഛനിപ്പോ എവിടെയാണു നിൽക്കുന്നത്?
കെംപോങ്ങിൽ. ക്വാലലംപുരിനടുത്ത് വീട്ടിൽ.

സിനിമക്കാരനായ അജയ് പറയുന്നു: അപ്പോൾ മനസ്സിലായി. ഇന്റർവെല്ലിനു മുമ്പുള്ള ഒരു റീലും അച്ഛന്റെ മനസ്സിലൂടെ ഓടുന്നില്ല. ശേഷമുള്ളതേ ഓർമയുള്ളൂ.
കാറിന്റെ ഹോൺ കേട്ടാൽ അച്ഛൻ ഉടൻ പുറത്തേക്കു പോകാൻ ശ്രമിക്കും. എന്നിട്ട് പറയും: എന്റെ മകൾ ശ്രീകുമാരി വരുന്നു. അവൾക്ക് 6.30നു ഡ്യൂട്ടി തീരും. എന്നെ തിരികെ കൊണ്ടുപോകാൻ വന്നതാണ്.

അജയ് ഊഹിക്കുന്നു: മലേഷ്യയിലെ ബന്ധത്തിലെ മകളെയായിരിക്കണം ഉദ്ദേശിച്ചത്. വയോധികർക്കുള്ള ഏതെങ്കിലും പകൽവീട്ടിൽ രാവിലെ കൊണ്ടുചെന്നാക്കി തിരികെ വിളിച്ചു കൊണ്ടുവരുന്ന ശീലമായിരിക്കണം. മലേഷ്യയിലെ ഭാര്യയുടെയും മകന്റെയും പേരും തെറ്റാതെ ആവർത്തിക്കുന്നു. ആ പേരുകളിൽനിന്ന് അവർ മലയാളികൾ ആണോയെന്ന് അജയ്ക്ക് സംശയമുണ്ട്. ദുരൂഹമായ ചില കാര്യങ്ങൾ അജയിനെ അലട്ടുന്നു: എങ്ങനെ ഒറ്റയ്ക്ക് അച്ഛൻ മലേഷ്യയിൽനിന്നു തിരുവനന്തപുരത്തെത്തി? ആരു കയറ്റിവിട്ടു? അതോ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ? അച്ഛന്റെ പാസ്പോർട്ട് ഒരു മാസം മുമ്പ് പുതുതായി എടുത്തതാണ്.

കെ. പി. നായർ

പഴയ പാസ്പോർട്ടിലെ പ്രായക്കുറവുള്ള ഫോട്ടോ മാത്രം കീറിയെടുത്ത് ബാഗിലിട്ടിട്ടുണ്ട്. അതായത് അച്ഛന്റെ പഴയ മുഖം ആദ്യ ബന്ധത്തിലെ മകൻ തിരിച്ചറിയണം. കൈയിലെ ബാഗ് മറന്നുപോയാലും തിരിച്ചറിയപ്പെടാൻ അജയ്‌യുടെ കെയർ ഓഫ് അഡ്രസ് എഴുതിയ വലിയ ടാഗ് കഴുത്തിൽ തൂക്കിയിരുന്നു. പാസ്പോർട്ടിലെ അഡ്രസ് എഴുതിയ പേജ് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. പിന്തുടർന്നു മടക്കിക്കൊണ്ടു ചെല്ലാതിരിക്കാനാവും. പക്ഷേ, ആ പാസ്പോർട് ഉപയോഗിച്ചല്ലേ ഇവിടെ വരെയെത്തിയത്? അതിന്റെയർഥം ഇവിടെ എത്തിയശേഷമാണു പാസ്പോർട്ടിലെ പേജ് നീക്കിയിരിക്കുന്നത്. ആസൂത്രിതമായി ഉപേക്ഷിക്കലല്ലേ ഇതെന്ന് അജയ് ചോദിക്കുന്നു.

മൂന്നു മാസത്തേക്കാണു വീസ. അതിൽത്തന്നെ 45 ദിവസത്തിൽ കൂടുതൽ ഒരിടത്തു നിയമപരമായി താമസിക്കാൻ പാടില്ലെന്നു പറയുന്നു. താൻ ഒറ്റയ്ക്കുതന്നെയാണു വന്നതെന്ന് അച്ഛൻ പറയുന്നു. ആരെങ്കിലും സ്വീകരിക്കാനെത്തിയോ എന്ന ചോദ്യത്തിന് എന്റെ ബ്രദർ ഇൻ ലോ എന്നു പറയുന്നു. ഏതു ബ്രദർ ഇൻ ലോ. എങ്കിൽ അദ്ദേഹം എവിടെ? അച്ഛന്റെ കൈയിൽ മറ്റൊരു ട്രോളി കൂടി ഉണ്ടായിരുന്നതായി എയർപോർട്ടിൽ ജോലിയുള്ള അജയ്‌യുടെ സുഹൃത്ത് ഓർമിക്കുന്നു.

വിമാനത്താവളത്തിൽ പാസ്പോർട്ട് ചോദിച്ചപ്പോൾ ഇല്ല എന്നാണ് അച്ഛൻ മറുപടി പറഞ്ഞതെന്നാണ് ഓർക്കുന്നതെന്നും താൻ ട്രോളിയിൽനിന്നാണു പാസ്പോർട്ട് എടുത്തതെന്നും ആ ഉദ്യോഗസ്ഥൻ പറഞ്ഞുവത്രേ. അജയ്‌യുടെ അമ്മ, അതായത് പരമേശ്വരൻ നായരുടെ ഭാര്യ ജീവിച്ചിരിപ്പുണ്ട്. അമ്മയ്ക്ക് അച്ഛനെ ഒന്ന് കാണാനുള്ള അവസരം ഒരുക്കാവുന്നതാണ്. പക്ഷേ അമ്മയ്ക്കും കുട്ടിക്കാലത്തെ ഓർമകൾ മാത്രമാണിപ്പോൾ ഉള്ളതെന്നതാണ് അതിന്റെ വേദന. മകനായ അജയിനെ തന്റെ ഇളയ സഹോദരൻ രവിയായിട്ടാണ് അമ്മ ഓർക്കുന്നത്.

ഓരോ തവണയും മൂത്രമൊഴിക്കാൻ പോകുന്നതു മറന്ന്, വീണ്ടും ബാത്ത് റൂമിലേക്ക് പോയി, ഇടയ്ക്ക് ബാത്ത് റൂം തന്നെ മറക്കുന്ന അച്ഛൻ... വൈകിട്ട് സിക്സ് തേർട്ടിക്ക് എനിക്ക് ക്വാലലംപുരിൽ വരെ പോകാൻ കമ്പനിവരാമോയെന്ന് അജയ്‍യോടു നിഷ്കളങ്കമായി ചോദിക്കുന്ന അച്ഛൻ. അച്ഛൻ മറക്കാതിരിക്കുന്ന ചിലതുണ്ട്. ആഹാരശേഷം ഒരു ചുവന്ന ഗുളിക. അതു ചോദിക്കും. ബാഗിൽനിന്ന് എടുത്തുകൊടുക്കും. ഹൈ ബിപിക്കുള്ള ഗുളികയാണത്രേ..തീരാറായി. പുതിയതു വാങ്ങണം.

അജയ്‌യുടെ രണ്ട് പെൺമക്കളും ഇതുവരെ കണ്ടിട്ടില്ലാത്ത അപ്പൂപ്പനുമായി ചങ്ങാത്തം കൂടുന്നതിന്റെ സന്തോഷത്തിലാണ്. രണ്ട് ബർമുഡയും രണ്ട് ടീഷർട്ടും മാത്രമായിരുന്നു ബാഗിൽ. കുറച്ചു തുണി വാങ്ങേണ്ടതുണ്ടെന്ന് അജയ് പറയുന്നു. പക്ഷേ ഈ സാന്നിധ്യം ശാശ്വതമാണെന്ന് അജയ് കരുതുന്നില്ല. അച്ഛനാണെങ്കിലും വിദേശപൗരനാണു വീട്ടിൽ. മലേഷ്യയിലെ അച്ഛന്റെ രേഖകൾ കണ്ടെത്തേണ്ടതുണ്ട്.
താഴെ ഒരു ഹോൺ കേൾക്കുന്നു. വീണ്ടും അച്ഛൻ എഴുന്നേൽക്കുന്നു...
മൈ.. ഡോട്ടർ ശ്രീകുമാരി...