എല്ലാമാണ് ചൊവ്വല്ലൂർ

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

പെരുന്തച്ചന്റെ കുളംപോലെയാണു ചൊവ്വല്ലൂർ. ഏത് ആകൃതി മനസ്സിൽ വിചാരിച്ചുനോക്കുന്നുവോ, ആ ആകൃതിയിലാണു പെരുന്തച്ചന്റെ കുളമെന്നു തോന്നും. ചൊവ്വല്ലൂരിനെ ആരു നോക്കുന്നുവോ, അയാളുടെ ഭാഗത്താണു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എന്നു തോന്നും. പത്രപ്രവർത്തകൻ, ചെണ്ടക്കാരൻ, പാട്ടുകാരൻ, കഥകളിക്കാരൻ, എഴുത്തുകാരൻ, തമാശക്കാരൻ, കമ്യൂണിസ്റ്റുകാരൻ, തിരക്കഥാകൃത്ത്, കവി, പാട്ടെഴുത്തുകാരൻ, തായമ്പകക്കാരൻ എന്നിവയെല്ലാമാണു ചൊവ്വല്ലൂർ.

ഇതെല്ലാം കഴിഞ്ഞാൽ സംശയം തോന്നും, സത്യത്തിൽ ഇദ്ദേഹം എന്താണെന്ന്. അവസാനം നോക്കുമ്പോൾ ഗുരുവായൂരപ്പനെ വിളക്കു പിടിച്ചു പുറത്തേക്ക് എഴുന്നള്ളിക്കുന്ന കഴകക്കാരനാണു ചൊവ്വല്ലൂർ. അതിലും വലുതായി ഒന്നുമില്ലെന്നും പറയാം. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് 80 വയസ്സു തികയുകയാണ്. വിവിധങ്ങളായ വഴികളിലൂടെ വിളക്കുമായി കടന്നുവന്ന ഒരാളുടെ പിറന്നാൾ.

സ്കൂൾ വിദ്യാർഥിയായിരിക്കെ കമ്യൂണിസത്തിന്റെ പുറകെ പോയാണു ചൊവ്വല്ലൂ‍ർ യാത്ര തുടങ്ങിയത്. മുണ്ടശ്ശേരിയുടെയും എംആർബിയുടെയും കേട്ടെഴുത്തുകാരനായി കമ്യൂണ​ിസ്റ്റ് മുഖപത്രമായ നവജീവനിൽ കുറെക്കാലം ജോലി ചെയ്തു. മുണ്ടശ്ശേരിയും കുട്ടിക്കൃഷ്ണമാരാരുമായി ‘യുദ്ധം’ നടക്കുന്ന കാലമാണത്. അന്നു മുണ്ടശ്ശേരിയുടെ വാക്കുകളെല്ലാം പിറന്നതു ചൊവ്വല്ലൂരിന്റെ പേനയിലൂടെയാണ്. ഉറൂബ്, പി.ഭാസ്കരൻ, വയലാർ, തകഴി, ബഷീർ...അങ്ങനെ പലരും അന്നവിടെ അതിഥികളായിരുന്നു. വളരെ ചെറുപ്പത്തിലേ ചൊവ്വല്ലൂർ അവരുടെയെല്ലാം സുഹൃത്തും സഹോദരനുമായി. എംആർബിയുടെ തേനൂറുന്ന ലേഖനങ്ങൾക്കും ആദ്യം സാക്ഷിയായതു ചൊവ്വല്ലൂരിന്റെ പേനയാണ്.

ഭക്തിഗാനങ്ങളുടെ പാൽപായസമാണ് ഈ പഴയ കമ്യൂണിസ്റ്റുകാരന്റെ പേനയിൽനിന്നു പിറന്നത്. എവിടെ പോയാലും കേൾക്കാവുന്ന ‘ഒരുനേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം’ എന്ന പാട്ടെഴുതിയാണു ചൊവ്വല്ലൂർ തുടങ്ങിയത്. ‘ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്കു ചിലനേരമുണ്ടൊരു കള്ളനോട്ടം’, ‘ഉദിച്ചുണർന്നൂ മാമലമേലേ ഉത്രം നക്ഷത്രം’ തുടങ്ങി 2500 ഭക്തിഗാനങ്ങളെങ്കിലും ചൊവ്വല്ലൂർ എഴുതി.

ശങ്കരൻനായരുടെ തുലാവർഷം എന്ന സിനിമയിലെ ‘സ്വപ്നാടനം ഞാൻ തുടരുന്നു’ എന്ന ഗാനം എഴുതിയാണു ചൊവ്വല്ലൂർ സിനിമയിലേക്കു കാലെടുത്തുവച്ചത്. 175 ദിവസം പ്രദർശിപ്പിച്ച മധുവിന്റെ പ്രഭാതസന്ധ്യ എന്ന സിനിമയുടെ കഥയും തിരക്കഥയും ചൊവ്വല്ലൂരിന്റേതായിരുന്നു. ശ്രീരാഗം, കർപ്പൂരദീപം, ചൈതന്യം തുടങ്ങിയ സിനിമകൾക്കും തിരക്കഥയെഴുതി. ഹരിഹരൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സിനിമയായ സർഗത്തിന്റെ സംഭാഷണമെഴുതിയതും ചൊവ്വല്ലൂരായിരുന്നു.

മേളക്കാർക്കു തുച്ഛമായ കൂലി കിട്ടിയിരുന്ന കാലത്താണു ചൊവ്വല്ലൂർ അവരെക്കുറിച്ച് എഴുതാൻ തുടങ്ങിയത്. ഏഴാം വയസ്സിൽ ചെണ്ടയിൽ അത്ഭുതം തീർക്കുന്ന ബാലൻ എന്നു രാമൻകുട്ടിയെന്ന കുട്ടിയെക്കുറിച്ചെഴുതിയതു പ്രവചനംപോലെയായി. ആ കുട്ടിയാണ് ഇന്നത്തെ തായമ്പകക്കാരണവരിൽ ഒരാളായ കല്ലൂർ രാമൻകുട്ടി. കല്ലൂർ, മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങി പോരൂർ ഉണ്ണിക്കൃഷ്ണൻവരെ നീളുന്ന തായമ്പകക്കാരെ താരമാക്കിയതിൽ ചൊവ്വല്ലൂരിന്റെ പേനയ്ക്കു പങ്കുണ്ട്. ചെമ്പൈ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം രാമൻകുട്ടി നായർ, കീഴ്പ്പടം കുമാരൻ, കുടമാളൂർ കരുണാകരൻ നായർ തുടങ്ങിയ പ്രമുഖരെക്കുറിച്ചു ചൊവ്വല്ലൂർ സംവിധാനം ചെയ്ത ഡോക്യുമെന്ററികൾ കലാരംഗത്തെ അപൂർവ ശേഖരങ്ങളാണ്. മറന്നുപോകുമായിരുന്ന പലരുടെയും ജീവിതത്തിന്റെ നേർരേഖകളാണിത്.

സൂപ്പർ ഹിറ്റ് ലളിതഗാനങ്ങൾ, സൂപ്പർ ഹിറ്റ് സിനിമകൾ, ശ്രദ്ധേയമായ ലേഖനങ്ങൾ തുടങ്ങിയ പലതും തുണയുണ്ടായിട്ടും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അവിടെയൊന്നും തങ്ങാതെ യാത്ര തുടർന്നു. അതുകൊണ്ടുതന്നെ അവിടെയെല്ലാം മിന്നലുപോലെ അദ്ദേഹത്തെ കാണുക മാത്രം ചെയ്തു. പക്ഷേ, 80 വയസ്സു തികയുമ്പോൾ ചൊവ്വല്ലൂരിന്റെ മുദ്ര പതിഞ്ഞ ഒരുപാടു മേഖലകളുണ്ട്. ചൊവ്വല്ലൂർ പറയുന്നത് ഇത്രമാത്രമാണ്: ‘‘എല്ലാം യാദൃച്ഛികമാണ്. ഒന്നും ആകാൻവേണ്ടി ഓടിനടന്നിട്ടില്ല. ജീവിതത്തിലേക്കു വന്നു കയറിയ ഒന്നിനെയും ഒഴിവാക്കിയിട്ടുമില്ല. 80 വയസ്സു തികയുന്നതുപോലും യാദൃച്ഛികമായി തോന്നുന്നു.’’