ക്ലീൻ ‍‍‍ഡ്രൈവർ

ചന്തു

വലുതായാൽ ആരാകണമെന്ന ചോദ്യത്തിനു ബസ് ഡ്രൈവർ എന്ന് ഉത്തരം നൽകിയിട്ടില്ലാത്ത ആൺകുട്ടികൾ ഉണ്ടാവാനിടയില്ല. ഡ്രൈവിങ് ആരെയും കൊതിപ്പിക്കുന്ന കർമമായി കുട്ടിക്കണ്ണുകൾ കാണുന്നു.

ബസ് ഡ്രൈവറാകണമെന്ന മോഹം കുഞ്ഞായിരിക്കുമ്പോൾ മഞ്ചേരി പാലക്കുളം ശേഖരനെന്ന ചന്തുവിന്റെ മനസ്സിലുമുണ്ടായിരുന്നു. വളരുന്തോറും അത്തരം ബാലകൗതുകങ്ങൾ മാറുമെങ്കിലും ചന്തുവിന് അപ്രകാരം സംഭവിച്ചില്ല. വീട്ടിലെ പ്രയാസങ്ങൾ കാരണം മൂന്നാം ക്ലാസിൽ പഠനം നിലച്ചു. സ്വന്തം അന്നത്തിനു വഴിതേടാനുള്ള പ്രായമായതോടെ ഡ്രൈവറാവുകയെന്ന സ്വപ്‌നം യാഥാർഥ്യത്തോടടുത്തു. ബസ് കഴുകിക്കൊണ്ടായിരുന്നു തുടക്കം.

ശേഖരനെന്ന ചന്തു (58) ഇന്നു മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച സ്വകാര്യബസ് ഡ്രൈവറാണ്. മോട്ടോർ വാഹന വകുപ്പ് ഒരുലക്ഷം രൂപ നൽകി ആദരിച്ചു. ഇക്കാലത്തിനിടെ ഒരുകോടിയിലേറെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യ സ്‌ഥാനത്ത് എത്തിച്ചു എന്നതു മാത്രം മതി ശേഖരനെന്ന ഡ്രൈവറുടെ സൂക്ഷ്‌മത മനസ്സിലാക്കാൻ. ആ കൈകൾ ബസിന്റെ വളയം പിടിക്കാൻ തുടങ്ങിയശേഷം നിസ്സാരമായ ഒരു അപകടം പോലും ഉണ്ടായിട്ടില്ല. റോഡുകൾ ചോരക്കളമായി മാറുന്ന ഇക്കാലത്ത് ശേഖരൻ ഡ്രൈവർമാർക്കുള്ള പാഠപുസ്‌തകമാകുന്നു.

പെരിന്തൽമണ്ണ-മഞ്ചേരി റൂട്ടിൽ ഓടുന്ന ടിവിആർ ബസ് ചെറുപ്പകാലത്തു തന്നെ ശേഖരന്റെ മനസ്സിൽ പതിഞ്ഞിരുന്നു. കളിവണ്ടി ഉണ്ടാക്കുമ്പോൾ പോലും അതിന് ടിവിആർ എന്നു പേരിട്ടു. ആദ്യമായി കഴുകി പഠിച്ച ബസും അതുതന്നെ. ബസുകൾ പലതവണ മാറിയെങ്കിലും പുതുതായി വാങ്ങുന്ന ബസിനു നെറുകയിലേക്ക് ടിവിആർ എന്ന പേര് മാറിക്കൊണ്ടിരുന്നു. പെരിന്തൽമണ്ണ- മഞ്ചേരി റൂട്ടിൽ 33–ാം വർഷവും ശേഖരൻ ഓടിച്ചുകൊണ്ടിരിക്കുന്ന ബസ് ടിവിആർ തന്നെ. ബസിന്റെ ഉടമ തലാപ്പിൽ കുഞ്ഞിമൊയ്‌തീനാണെങ്കിലും ടിവിആർ, ശേഖരനു സ്വന്തംബസ് പോലെ തന്നെ. അതിനെ തൊട്ടും തലോടിയും പരിപാലിച്ചും എപ്പോഴും കൂടെയുണ്ട്.

ബസ് കഴുകി ഹരിശ്രീ കുറിച്ചു കുറെക്കാലം ക്ലീനർ ജോലി ചെയ്‌തു. ക്ലീനർ പണിക്കിടെ സ്വയം പഠിച്ചതാണു ഡ്രൈവിങ്. ഇടയ്‌ക്കൊന്ന് അനക്കി നോക്കിയും തിരിച്ചിട്ടും ഡ്രൈവിങ് പഠിച്ചു. ആദ്യ ടെസ്‌റ്റിൽ തന്നെ ലൈസൻസും കിട്ടി. ഡ്രൈവറുടെ പകരക്കാരനായി തുടങ്ങി പിന്നീടു സ്‌ഥിരം ഡ്രൈവറായി.

മികച്ച ബസ് ഡ്രൈവറെ തിരഞ്ഞെടുക്കുന്ന പദ്ധതിക്കു മോട്ടോർ വാഹന വകുപ്പ് തുടക്കമിട്ടതു മലപ്പുറത്താണ്. ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ച് ഉദ്യോഗസ്‌ഥർ വിലയിരുത്തി വിശദമായ പരിശോധനയും അന്വേഷണവും നടത്തിയാണു മികച്ച ഡ്രൈവറെ തിരഞ്ഞെടുക്കുന്നത്. 25 വർഷത്തെ പരിചയമാണ് അടിസ്‌ഥാന യോഗ്യത. 33 വർഷത്തിനിടെ ശേഖരൻ ജോലിചെയ്‌ത ദിവസങ്ങളും ഒരുദിവസം ബസിൽ എത്രപേർ സഞ്ചരിക്കുന്നുവെന്ന ശരാശരി കണക്കും ചേർത്തുവച്ചപ്പോഴാണ് ശേഖരന്റെ മഹത്വം മോട്ടോർ വാഹന വകുപ്പിനു ബോധ്യപ്പെട്ടത്.

ഇക്കാലത്തിനിടയ്‌ക്ക് ഒരുകോടിയിലേറെ യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്‌ഥാനത്തെത്തിച്ചു എന്നതായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. ഒരു അപകടവും ശേഖരൻ വരുത്തിയിട്ടില്ല. എവിടെയും പൊലീസ് കേസുമില്ല. നാട്ടുകാരോടും യാത്രക്കാരോടും നടത്തിയ അന്വേഷണത്തിലും നൂറിൽ നൂറുമാർക്ക്. മികച്ച ഡ്രൈവർക്കുള്ള ഒരുലക്ഷം രൂപ ശേഖരനു നൽകാൻ ഉദ്യോഗസ്‌ഥർക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ശേഖരനുമായി സംസാരിച്ചുകൊണ്ടു നിൽക്കുന്നതിനിടെ ഒരു ബസ് ഞങ്ങൾക്കരികിലൂടെ ചീറിപ്പാഞ്ഞു പോയി. നിലമ്പൂരിൽനിന്നു മഞ്ചേരിയിലേക്കുള്ള ബസാണ്. അതിന്റെ പോക്കുകണ്ടപ്പോൾ ശേഖരൻ പറഞ്ഞു. ‘കണ്ടില്ലേ, ഇങ്ങനെയുള്ള പോക്കാണ് അപകടങ്ങൾ ഉണ്ടാക്കുന്നത്. വളവും ഇറക്കവുമാണിവിടെ. ബ്രേക്കിൽ കാൽവച്ച് വേഗംകുറച്ചു വേണം പോകാൻ. ആ ബസ് ഓടിക്കുന്നയാൾ ബ്രേക്കിൽ കാൽ തൊട്ടിട്ടില്ല.

എതിരെ ഒരു വാഹനം വന്നാൽ നിയന്ത്രണം വിട്ട് അപകടം ഉറപ്പാണ്.’ - ഡ്രൈവിങ്ങിലെ ഇത്തരം സൂക്ഷ്‌മതകളാണു ശേഖരനെ പിഴവുകളില്ലാത്ത ഡ്രൈവറാക്കുന്നത്. അശ്രദ്ധയാണ് അപകടങ്ങളുടെ പ്രധാനകാരണമെന്നാണു ശേഖരന്റെ പക്ഷം. സാങ്കേതിക തരാറുമൂലമുള്ള അപകടങ്ങൾ വളരെക്കുറച്ചേ ഉണ്ടാകുന്നുള്ളൂ. റോഡ് മറ്റു യാത്രക്കാർക്കുകൂടി ഉള്ളതാണെന്ന ബോധ്യം എപ്പോഴും ഡ്രൈവറുടെ മനസ്സിൽ ഉണ്ടാകണം.

സ്വകാര്യബസുകളുടെ മൽസര ഓട്ടവും അപകടത്തിനു കാരണമാവുന്നുണ്ട്. ശേഖരൻ വണ്ടി ഓടിക്കുന്ന റൂട്ടിലും ഗതാഗതക്കുരുക്കും സമയക്കുറവുമൂലം പ്രയാസങ്ങളും ഉണ്ടാവാറുണ്ട്. അമിതവേഗം കൊണ്ടല്ല ശേഖരൻ ഇതു മറികടക്കുന്നത്. ഒന്നിടവിട്ട സ്‌റ്റോപ്പുകളിൽ നിന്നേ ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാരെ കയറ്റൂ. ഒഴിവാക്കി വിടുന്ന സ്‌റ്റോപ്പുകളിലെ യാത്രക്കാർ തൊട്ടു പിറകെയുള്ള ബസുകാർക്കുള്ളതാണ്. അങ്ങനെ വരുമ്പോൾ മൽസരിച്ച് ഓടേണ്ടിവരില്ലെന്നു ശേഖരൻ പറയുന്നു.

ഒട്ടേറെ യാത്രക്കാരുടെ ജീവനാണു നമ്മുടെ കയ്യിലെന്ന വിചാരം എപ്പോഴുമുണ്ടാകണം. ഡ്രൈവിങ് സുരക്ഷിതമാക്കാൻ ഈ ചിന്ത പ്രധാനമാണ്. ഭാര്യ അംബുജവും മൂന്നു മക്കളും അടങ്ങുന്നതാണു കുടുംബം. ഇനിയുള്ള കാലവും അപകടമൊന്നും കൂടാതെ അനേകരെ ലക്ഷ്യസ്‌ഥാനത്ത് എത്തിക്കാൻ കഴിയട്ടെ എന്ന ചിന്തയിലേക്കു ഗിയറിട്ടാണ് ദിവസവും ശേഖരൻ ജീവിതം മുന്നോട്ടെടുക്കുന്നത്.