ഇന്ത്യയുടെ ഇമ്രാൻ ഖാൻ

‘‘അൾവറിൽനിന്നുള്ള ഇമ്രാനിലാണ് എന്റെ ഇന്ത്യ.’’ – പ്രധാനമന്ത്രി നരേന്ദ്ര മോദി (വേംബ്ളി സ്റ്റേഡിയത്തിലെ പ്രസംഗത്തിൽ)

ഇമ്രാൻ ഖാന്റെ കണക്കു പുസ്തകത്തിൽ ലാഭ നഷ്ടങ്ങളില്ല. അല്ലെങ്കിൽ ഇതിനോടകം അദ്ദേഹം വലിയ പണക്കാരനാകുമായിരുന്നു. മാർക്ക് സക്കർബർഗിനോളം എത്തിയില്ലെങ്കിലും ലക്ഷങ്ങളും കോടികളുമൊക്കെ ബാങ്ക് നിക്ഷേപമുള്ള ഒരു പണക്കാരൻ.

മുപ്പത്തേഴുകാരനായ ഇമ്രാൻ മുഹമ്മദ് ഖാൻ പണക്കാരനാകാനല്ല കൊതിച്ചത്. പന്ത്രണ്ടാം ക്ലാസും ടിടിസിയും പാസായി രാജസ്ഥാനിലെ സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപകനായി ജോലിയിൽ ചേരുന്നതിനും മുമ്പേ ജീവിതം മുന്നിലവതരിപ്പിച്ച വലിയ പാഠങ്ങൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ.

സർക്കാർ സ്കൂളുകളിൽ പഠിക്കാൻ വരുന്ന പാവപ്പെട്ടവരിലെ പാവപ്പെട്ടവരായ കുട്ടികളുടെ ദൈന്യതകൾ, പ്രതിസന്ധികൾക്കിടയിലും അറിവിനായുള്ള അവരുടെ തൃഷ്ണ, ഇവയ്ക്കു മുന്നിൽ ഒരു സമർപ്പണമായിരുന്നു ഇമ്രാന്റെ നേട്ടങ്ങൾ. ‘‘ഒരധ്യാപകൻ വിദ്യാർഥികൾക്കു വേണ്ടി ചെയ്യേണ്ടതു മാത്രമാണ് ഞാൻ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും’’ എന്ന് ഇപ്പോഴും ആവർത്തിക്കുന്ന എളിമയുടെ ആൾരൂപം.

പഠനം എളുപ്പമാക്കുന്നതിനു സഹായിക്കുന്ന ഒന്നിനൊന്നു മെച്ചമായ 54 മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ. അതാണ് ഇമ്രാൻ ഖാൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിനോടകം 35 ലക്ഷം ഫോണുകളിലേക്ക് അവ ഡൗൺലോഡ് ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പ്രതിദിനം അഞ്ചു കോടി വിദ്യാർഥികൾ ഓൺലൈനായി ഈ ആപ്പുകൾ ഉപയോഗിക്കുന്നു.

ഇന്റർനെറ്റുമായി ബന്ധപ്പെട്ടല്ലാതെയും (ഓഫ്‍ലൈൻ) ഉപയോഗിക്ക‍ാവുന്ന ഇവ നിത്യേന ഉപയോഗിക്കുന്നവരുടെ എണ്ണം ഇതിലും ഇത്രയോ ഇരട്ടി. ജികെടോക്.കോം, ജ്ഞാൻമഞ്ചരി.കോം, ഹസ്താക്ഷർ.കോം എന്നിങ്ങനെ മൂന്നു വെബ്സൈറ്റിലൂടെയും അദ്ദേഹം വിദ്യാർഥികൾക്കു പഠനം അനായാസമാക്കുന്നു.

ഇതെല്ലാം സൃഷ്ടിച്ചിരിക്കുന്ന ഇമ്രാൻ ഖാൻ ഔപചാരിക കംപ്യൂട്ടർ വിദ്യാഭ്യാസം ഏതും ലഭിച്ചിട്ടില്ലാത്ത ഒരാളാണെന്നതാണ് ആദ്യത്തെ വിസ്മയം. ഈ ആപ്ലിക്കേഷനുകൾ എല്ലാം മനുഷ്യ വിഭവശേഷി വികസന വകുപ്പിന് (എംഎച്ച്ആർഡി) സൗജന്യമായി വിട്ടുനൽകിയിരിക്കുന്നു എന്നതാണ് അടുത്തത്. ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിലേക്കുള്ള തന്റെ എളിയ സംഭാവനയായാണ് ഇമ്രാൻ ഇതിനെ കാണുന്നത്.

കംപ്യൂട്ടറോ അതിൽ ഇന്റർനെറ്റ് കണക്‌ഷനോ പോലുമില്ലാതിരുന്ന ആദ്യകാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു ഇവയിൽ മിക്കതും നിർമിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത. ഇവയിലൊന്നിലും രണ്ടു മാസം മുമ്പുവരെ പരസ്യം പോലും അനുവദിച്ചിരുന്നില്ല എന്നതും എടുത്തുപറയേണ്ടതുതന്നെ. രണ്ട് ആപ്ലിക്കേഷനുകളിൽ ഒഴിച്ചാൽ ഇപ്പോഴും പരസ്യം പടിക്കു പുറത്തുതന്നെ. സെർവറിനായി നൽകുന്ന പണത്തിനും മറ്റുമായി വളരെ നിയന്ത്രിതമായ പരസ്യം മാത്രമാണ് ഇപ്പോഴും നൽകുന്നതും.

2015 നവംബർ 13 രാത്രി

അന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടൻ സന്ദർശനത്തിന്റെ ഏറ്റവും പ്രധാന പരിപാടികളിലൊന്ന്. ഇന്ത്യൻ പ്രധാനമന്ത്രി വിദേശ രാജ്യത്തു പൊതുചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു; ലണ്ടനിലെ വേംബ്ളി സ്റ്റേഡിയത്തിൽ. ശ്രോതാക്കളായി അറുപതിനായിരത്തിലേറെ ആളുകൾ തടിച്ചുകൂടിയ ചടങ്ങ‍ിൽ മോദി പറഞ്ഞു:

‘‘ഇന്ത്യയെന്നതു ടിവി ചാനലുകളിലോ ലണ്ടനിലെ പത്രങ്ങളിലോ മാത്രം കാണുന്ന ഒന്നല്ല. രാജസ്ഥാനിലെ അൾവറിൽ ഇമ്രാൻ ഖാൻ എന്നൊരു മനുഷ്യനുണ്ട്. അദ്ദേഹം അമ്പതിലേറെ മൊബൈൽ ആപ്ലിക്കേഷനുകൾ സൃഷ്ടിച്ച് വിദ്യാർഥികൾക്കു സൗജന്യമായി നൽകിയിരിക്കുന്നു. എന്റെ ഇന്ത്യ കുടികൊള്ളുന്നത് ഇമ്രാൻ ഖാനെപ്പോലുള്ളവരിലാണ്.’’

‘‘ഇപ്പോഴുമെനിക്ക് അതൊരു സ്വപ്നമായാണ് തോന്നാറ്. പ്രധാനമന്ത്രി എന്റെ പേരു പറഞ്ഞു പ്രസംഗിക്കുക എന്നത് വിശ്വസിക്കാൻ കുറേ പ്രയാസപ്പെട്ടു’’– ഇമ്രാൻ ഖാൻ ആ രാത്രിയെക്കുറിച്ചോർക്കുന്നു.

‘‘പ്രധാനമന്ത്രിയുടെ പ്രസംഗം നടക്കുമ്പോൾ ഞാൻ പകുതി ഉറക്കം പിന്നിട്ടിരുന്നു. വീട്ടിൽ ടിവിയില്ല. എന്റെ സുഹൃത്തുക്കൾ വിളിച്ച് ടിവിയിൽ നോക്കൂ, പ്രധാനമന്ത്രി നിന്നെക്കുറിച്ചു പ്രസംഗിക്കുന്നു എന്നു പറഞ്ഞപ്പോൾ തീരെ വിശ്വാസം വന്നില്ല. നേരറിയാൻ ഞാൻ യൂട്യൂബിൽ പ്രസംഗം കേട്ടുനോക്കി. വീണ്ടും വീണ്ടും കേട്ട് ആവർത്തിച്ചുറപ്പിച്ചു, അതേ, എന്നെക്കുറിച്ചുതന്നെയായിരുന്നു അദ്ദേഹം പറഞ്ഞത്.’’ ‘‘രാത്രി മുഴുവൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ വിളിയായിരുന്നു.

പിറ്റേന്നു രാവിലെ നേരം പുലർന്നപ്പോൾ ടിവി ചാനലുകളിൽനിന്നും പത്രങ്ങളിൽനിന്നുമെല്ലാമായി വൻ ജനക്കൂട്ടമായിരുന്നു വീടിനു ചുറ്റും. ശരിക്കും പറഞ്ഞാൽ ആ ദിവസങ്ങളിൽ നേരാംവണ്ണം ഭക്ഷണം കഴിക്കാൻകൂടി കഴിഞ്ഞില്ല. ഞാൻ ഒരു ചെറിയ കാര്യം ചെയ്തു. പ്രധാനമന്ത്രി ലണ്ടനിൽ അതുപോലൊരു ചടങ്ങിൽ ഇത്ര പുകഴ്ത്തിപ്പറഞ്ഞു എന്നത് വലിയ അഭിമാനം തോന്നിയ കാര്യമാണ്’’– ഇമ്രാൻ പറയുന്നു.

ഉത്തരേന്ത്യയിലെ ഹിന്ദി മീഡിയം സ്കൂളുകളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും എൻസിഇആർടി (നാഷനൽ കൗൺസിൽ ഓഫ് എജ്യൂക്കേഷനൽ റിസർച്ച് ആൻഡ് ട്രെയ്നിങ്) ഉദ്യോഗസ്ഥർക്കുമെല്ലാം സുപരിചിതനായിരുന്ന ഇമ്രാൻ ഖാൻ അതോടെ ലോകമറിയുന്ന വ്യക്തിയായി മാറുകയായിരുന്നു.

പിന്നിട്ട വഴികൾ

അൾവറിലെ ഖരേദയിലെ കർഷക ദമ്പതികളുടെ നാലു മക്കളിൽ മൂത്തയാളാണ് ഇമ്രാൻ. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾത്തന്നെ രണ്ടു വർഷത്തെ അധ്യാപന പരിശീലന കോഴ്സ് പാസായി. 1999ൽ സംസ്ഥാന സർക്കാരിന്റെ സംസ്കൃതം വിദ്യാഭ്യാസ വകുപ്പിൽ കണക്ക് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഇളയ സഹോദരൻ ഇദ്ര‍ിസ് ഖാൻ കംപ്യൂട്ടർ എൻജിനീയറിങ് പാസായി ഗുഡ്ഗാവിൽ ഒരു ഐടി കമ്പനിയിൽ ജോലിക്കു ചേർന്നു. ഇദ്രിസ് ഖാൻ വീട്ടിൽ ഉപേക്ഷിച്ചുപോയ പുസ്തകങ്ങൾ കംപ്യൂട്ടർ ലോകത്തേക്ക് ഇമ്രാൻ ഖാന്റെ വഴികാട്ടികളായി; ഒപ്പം ഗൂഗിൾ പാഠങ്ങളും.

ഇമ്രാൻ ഖാൻ വെബ് ഡിസൈനിങ് പഠിച്ചത് ഇങ്ങനെയാണ്. പഠനം പരീക്ഷണമായി മാറിയപ്പോൾ 2009ൽ ജികെടോക്.കോം എന്ന വെബ്സൈറ്റ് രൂപം കൊണ്ടു. ഹിന്ദി മീഡിയത്തിൽ പഠിക്കുന്നവർക്കിടയിൽ ഏറ്റവും പ്രശസ്തമായ വെബ്സൈറ്റുകളിൽ ഒന്ന്.ജികെടോക്.കോം ഇപ്പോൾ നോക്കുന്നവരുടെ സംഖ്യ പ്രതിദിനം രണ്ടര ലക്ഷത്തിനു മുകളിലാണ്.

വഴിത്തിരിവ്

വെബ് ഡെവലപ്പർ എന്നതിൽനിന്ന് ആപ്ലിക്കേഷൻ ഡെവലപ്പറായി ഇമ്രാന്റെ മാറ്റം ആരംഭിച്ചത് 2012ലാണ്. ഇമ്രാന്റെ 55 ആപ്ലിക്കേഷനുകളും ഡൗൻലോഡ് ചെയ്യുന്നവർ ഇതിനെല്ലാം മറ്റൊരാളോടുകൂടി കടപ്പെട്ടിരിക്കുന്നു. സർവശിക്ഷാ അഭിയാനിൽ (എസ്എസ്എ) സിവിൽ എൻജിനീയറായ രാജേഷ് ലൊവാനിയയോട്.ആദ്യ വെബ്സൈറ്റ് രൂപകൽപന ചെയ്തകാലം അൾവറിനു സമീപം ജാട്ടോം കാ ബാഗ് എന്ന സ്ഥലത്തെ സ്കൂളിലായിരുന്നു ഇമ്രാൻ ഖാന്റെ സേവനം.

വെബ്സൈറ്റ് നവീകരിക്കുകയും പുതിയ വിവരങ്ങൾ ചേർക്കുകയുമൊക്കെ ചെയ്തിരുന്നെങ്കിലും അത് എത്രപേർ കാണുന്നു എന്ന വിവരംപോലും ഇമ്രാന് അറിവില്ലായിരുന്നു. ഇതൊക്കെ അറിയുന്നതിനുള്ള ഗൂഗിൾ അനാലിറ്റിക്സിനെക്കുറിച്ചൊക്കെയുള്ള വിവരം നേടുന്നത് അടുത്തകാലത്തു മാത്രം. എസ്എസ്എ ഫണ്ട് ഉപയോഗിച്ച‍് സ്കൂളിൽ ക്ലാസ്മുറികൾ നിർമിക്കുന്നതിന്റെ പ്രവർത്തനങ്ങളുമായി എത്തിയതായിരുന്നു രാജേഷ് ലൊവാനിയ.

ഇമ്രാൻ ഖാന്റെ വൈബ്സൈറ്റിന്റെ ഗുണം എത്രമാത്രമെന്നും അതിന്റെ പ്രായോജകർ പതിനായിരക്കണക്കിനു വിദ്യാർഥികളാണെന്നും അറിയാമായിരുന്നു ലൊവാനിയയ്ക്ക്. അദ്ദേഹം ഇനിയും ഇതു ശ്രദ്ധിക്കപ്പെടാതെപോകരുതെന്ന ലക്ഷ്യത്തോടെ ഇമ്രാനെയും കൂട്ടി അന്നത്തെ കലക്ടർ അഷുതോഷ് എ.ടി. പട്നേക്കറെ കണ്ടു.

മാറിയ കാലത്തു പഠനത്തിന് ഏറെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ എന്തുകൊണ്ടു നിർമിച്ചുകൂടാ? എന്ന പട്നേക്കറുടെ ചോദ്യത്തിനു മുന്നിൽ ഇമ്രാൻ കൈ മലർത്തി. ‘‘മൊബൈൽ ആപ്ലിക്കേഷനുകൾ എന്നുപോലും അന്നു ഞാൻ കേട്ടിരുന്നില്ല. കലക്ടർ എന്നെ അദ്ദേഹത്തിന്റെ ടാബിൽ ചില ആപ്പുകൾ കാണിച്ചു. അവ എങ്ങനെ ലളിതമായി പ്രവർത്തിക്കുന്നുവെന്നു കാണിച്ചുതന്നു. ‘ശ്രമിക്കാം’ എന്ന ഒറ്റവാക്കിൽ ഞാൻ അദ്ദേഹത്തിനുള്ള മറുപടി ഒതുക്കി’’– ഇമ്രാൻ പറയുന്നു.

കംപ്യൂട്ടർ പോയിട്ടു മിക്ക വീടുകളിലും വൈദ്യുതി പോലും എത്തിയിട്ടില്ലാത്ത വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ സംഭവിച്ച മൊബൈൽ ഫോൺ വിപ്ലവത്തിലൂടെ മറ്റൊരു വിപ്ലവം സാധ്യമാക്കാം എന്നുള്ള തിരിച്ചറിവു കിട്ടുന്നത് അങ്ങനെയാണ്. പിന്നെ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള പഠനത്തിൽ മുഴുകി ഇമ്രാൻ. ഇതിനുള്ള സർവ പിന്തുണയുമായി ഇമ്രാനെ പ്രോൽസാഹിപ്പിച്ചതും പട്നേക്കറാണ്. ഇമ്രാന്റെ ശ്രമങ്ങൾ വെറുതേയായില്ല. എൻസിഇആർടി ഇപ്പോൾ നൽകുന്ന ലേൺ സയൻസ് ഇൻ ഹിന്ദി എന്ന ആദ്യ ആപ് പിറവിയെടുത്തു 2012ൽ. മൂന്നു വർഷം പിന്നിടുമ്പോൾ ദിവസേന കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന 55 ആപ്ലിക്കേഷനുകൾ നിർമിച്ചുകഴിഞ്ഞിരിക്കുന്നു ഇമ്രാൻ. അതിൽ 54 എണ്ണവും പഠന സഹായികൾ.

മറ്റൊരു ആപ്ലിക്കേഷൻ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമായുള്ള വിവരങ്ങൾ വളരെ ലളിതമായി പറഞ്ഞുകൊടുക്കുന്നതാണ്. ഡോക്ടർമാരുടെ ആവശ്യപ്രകാരം അവരുടെ സഹകരണത്തോടെ തയാറാക്കിയ ഇതു സമർപ്പിച്ചിരിക്കുന്നതു ഫ്ലോറൻസ് നൈറ്റിങ്ഗേലിനും... കംപ്യൂട്ടറും ഇന്റർനെറ്റും ഒന്നുമില്ലാത്ത ഗ്രാമീണ വിദ്യാർഥികളിലേക്ക് അറിവിന്റെ വെളിച്ചം എത്തിക്കാൻ കഴിയുന്നു എന്നതാണ് ഇമ്രാന്റെ പ്രവർത്തനംകൊണ്ട് സാധ്യമായിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസം

ഇതിനെല്ലാം ഇടയിലും സമയം കണ്ടെത്തി വിദൂര പഠനത്തിലൂടെ ഡിഗ്രിയും പിന്നെ ഇംഗ്ലിഷിലും ഇക്കണോമിക്സിലും എംഎയും നേടി ഇമ്രാൻ. സ്കൂൾ കഴിഞ്ഞു വീട്ടിലെത്തിയാൽ കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും കംപ്യൂട്ടറിനു മുന്നിലാണ് ജീവിതം. ആപ്ലിക്കേഷനുകളിലും വെബ്സൈറ്റിലുമെല്ലാം ഫീഡ് ബാക്ക് ബട്ടൺ നൽകിയിട്ടുണ്ട്. ഇതിലൂടെ ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും കണക്കിലെടുത്താണ് അവ പരിഷ്കരിക്കുന്നത്.

പത്താം ക്ലാസ് വിദ്യാർഥിനിയായ സാമിയയാണ് ഇക്കാര്യത്തിലെല്ലാം പിതാവിനു സഹായവുമായുള്ളത്. ഏഴിൽ പഠിക്കുന്ന സാനിയ, ഒന്നാം ക്ലാസുകാരൻ ജുനൈദ് എന്നിവരാണ് മറ്റു മക്കൾ. വീട്ടമ്മയായ ഭാര്യ കാഷ്മീരിയുടെ പിന്തുണയാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് ഇമ്രാൻ സ്നേഹത്തോടെ ആവർത്തിക്കുന്നു. പ്രധാനമന്ത്രിയുടെ അഭിനന്ദനം കിട്ടിയതിന്റെ പിറ്റേന്നു കേന്ദ്ര വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് ഇടപെട്ടു ലാൻഡ് ഫോണും ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്‌ഷനും ലഭ്യമാക്കിയത് വലിയ സഹായമായെന്ന് ഇമ്രാൻ പറയുന്നു.

ജീവിതം മാതൃക

ഇപ്പോൾ പഠിപ്പിക്കുന്ന അൾവർ ഗവ. സംസ്കൃതം സീനിയർ സെക്കൻഡറി സ്കൂളിൽ കണ്ടുമുട്ടുമ്പോൾ കുട്ടികൾക്കായി ഒരു കംപ്യൂട്ടർ ലാബ് ഒരുക്കുന്നതിനുള്ള തിരക്കിലായിരുന്നു ഇമ്രാൻ. എംഎൽഎ ഫണ്ട്, എംപി ഫണ്ട് എന്നിവയൊന്നും ഇത്തരം കാര്യങ്ങൾക്കായി ലഭിക്കുന്നത് ഇവിടെ കേട്ടുകേൾവി പോലുമില്ല. പക്ഷേ, ചുറ്റുമുള്ളവർക്കായി ചെയ്യുന്ന പല നന്മകളും ഒരധ്യാപകന്റെ കടമയെന്നു വിശ്വസിക്കുന്ന ഇമ്രാന് ഇതൊന്നും തടസ്സമായില്ല.

ഐടി കമ്പനിയായ ഇൻഫോസിസ് ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ച 10 കംപ്യൂട്ടറുകൾ ഇമ്രാനു സംഭാവന നൽകിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രസംഗംകൊണ്ടു ലഭിച്ച സൽപ്പേര് ഇക്കാര്യത്തിൽ വലിയ തുണയായി എന്ന് ഇമ്രാൻ പറയുന്നു.

പ്രധാനമന്ത്രിയുടെ പ്രസംഗം കഴിഞ്ഞുള്ള ദിവസങ്ങളിൽ സ്വീകരണ യോഗങ്ങളുടെ തിരക്കിലായിരുന്നു ഇമ്രാൻ. അതുവരെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ മാനിക്കാതിരുന്നവരും അഭിനന്ദനങ്ങളുമായി രംഗത്തിറങ്ങി. സംസ്ഥാന സർക്കാരിന്റെ മന്ത്രിമാരും ആദ്യമായി യോഗം നടത്തി അഭിനന്ദനം ചൊരിഞ്ഞു.

എന്നാൽ, ഇതൊന്നും ഇമ്രാൻ ഖാൻ എന്ന അധ്യാപകന്റെ തലയ്ക്കുപിടിച്ചിട്ടില്ല. സയൻസ് ആൻഡ് ടെക്നോളജി വകുപ്പിൽ പ്രോജക്ട് ഓഫിസറായി ജോലി നൽകാം എന്ന രാജസ്ഥാൻ സർക്കാരിന്റെ വാഗ്ദാനവും അദ്ദേഹം സ്നേഹപൂർവം നിരസിച്ചു. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. ‘‘എനിക്ക് ഇതുപോലുള്ള സ്കൂളുകളിൽ വളരെ കാര്യങ്ങൾ ചെയ്യാനുണ്ട്.’’

വേംബ്ളിയിലെ പ്രസംഗപീഠത്തിൽ നിന്നുമാത്രം പറയേണ്ടതല്ല, മറിച്ച് എവിടെയും, കൊടിയുടെ നിറവും വിശ്വസിക്കുന്ന മതവുമൊക്കെ നോക്കി രാജ്യസ്നേഹത്തിന്റെ നിർവചനങ്ങൾ ചമയ്ക്കുന്നവർക്കെല്ലാമുള്ള മറുപടിയാണ് അൾവറിലെ ഇമ്രാൻ ഖാൻ - ജീവിതംകൊണ്ട്, സമർപ്പണംകൊണ്ട് മാതൃകയാകുന്ന ഒരധ്യാപകൻ!!