ഇവനാളു ജപ്പാനാ...

ആശുപത്രിയിൽ നിന്നു പുറത്തേക്കു വരുന്ന യമാറ്റോ തനൂക്ക.
തനൂക്കയെ കണ്ടെത്തിയതിനു ശേഷം മാധ്യമപ്രവർത്തകർക്കു മുൻപിൽ ക്ഷമാപണം നടത്തുന്ന അച്ഛൻ.

ജപ്പാനിലെ രണ്ടാമത്തെ എറ്റവും വലിയ ദ്വീപായ ഹൊക്കൈദോയിലെ മനോഹരമായ മലഞ്ചെരുവിലൂടെ കാർ നീങ്ങുമ്പോൾ കാലം തനിക്കായി കാത്തുവച്ചത് വലിയൊരു സാഹസമാണെന്ന് ഏഴുവയസുകാരനായ യമാറ്റോ തനൂക്ക അറിഞ്ഞിരുന്നില്ല. ഇടതൂർന്ന വനത്തിലെ ഓരോ വളവുകളും തിരിയുമ്പോഴും കാറിന്റെ സീറ്റിൽ മുട്ടുകുത്തി നിന്നു പുറത്തേക്കു നോക്കിയ ആ വിടർന്ന കണ്ണുകൾക്ക് പച്ചനിറമായിരുന്നു. ഒരു വളവിൽ പെട്ടന്ന് കാർ നിന്നു, ഡോർ തുറന്നു.

പുറത്തേക്കുള്ള വഴിയായിരുന്നു അതെന്നു തിരിച്ചറി‍ഞ്ഞത് വൈകിയാണ്. നദിക്കരയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ആളുകളുടെയും കാറുകളുടെയും നേരെ കല്ലെറിയുന്നുവെന്ന കാരണത്താൽ മാതാപിതാക്കൾ വനത്തിനു നടുവിൽ ഉപേക്ഷിച്ചു പോയ ബാലന്റെ അസാധാരണമായ തിരിച്ചുവരവിന്റെ കഥ ജപ്പാനിൽ വർഷങ്ങൾ കഴിഞ്ഞുള്ള മുത്തശ്ശിക്കഥകളിലൊന്നാവും.

വീട്ടിൽനിന്നു പുറത്തേക്കുള്ള വഴി

പറഞ്ഞതനുസരിച്ചില്ലെങ്കിൽ ഇറക്കിവിടുമെന്നു തനൂക്കയോടു കാറിലിരുന്ന അച്ഛൻ പറഞ്ഞപ്പോൾ ആ കുഞ്ഞിക്കണ്ണുകളിൽ കുസൃതി കലർന്ന നിസംഗതയായിരുന്നു. ദേഷ്യം പിടിച്ചാൽ ഏതമ്മയും അച്ഛനും ഗതികെട്ടു പറയുന്ന അവസാനവാചകം, അത്രയേ അവൻ കരുതിയുള്ളു. പക്ഷേ, ഞൊടിയിടയിൽ പാഞ്ഞകന്ന വണ്ടി കണ്ട് കിടുങ്ങി. പറന്നുയർന്ന പൊടി നിലംപറ്റും മുൻപവൻ ഉച്ചത്തിൽ അലറി വിളിച്ചെങ്കിലും കേൾക്കാൻ ആരുമുണ്ടായില്ല. വീട്ടിൽ നിന്നു പോരുമ്പോൾ ധരിച്ച ടീഷർട്ടും ജീൻസുമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല പക്കൽ. കരച്ചിൽ സർവ സീമകളും ലംഘിച്ചതോടെ തനൂക്ക മാനസികമായി തളർന്നു.

കാർ പോയ ദിശയിൽ നടന്നിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു, പക്ഷേ, കരഞ്ഞുലക്കുകെട്ട തനൂക്ക നടന്നത് നേരെ വിപരീത ദിശയിൽ, നിബിഡ വനത്തിനുള്ളിലേക്ക്! ശേഷം നെഞ്ചിടിപ്പോടെ ലോകം മുഴുവൻ കാത്തിരുന്ന ഏഴു ദിവസങ്ങൾ.

കാട്ടിലേക്കുള്ള വഴി

പെട്ടെന്നൊരു ദേഷ്യത്തിനു കാറിൽ നിന്ന് ഇറക്കി വിട്ടെങ്കിലും കുറച്ചു സമയത്തിനു ശേഷം തനൂക്കയെ തേടി അവർ തിരിച്ചെത്തി. മകനെ വാരിപ്പുണർന്നു തിരികെ കൊണ്ടുപോകാൻ. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. കാട്ടിലൂടെ കുറെ ദൂരം ഉള്ളിലേക്ക് ഓടി നോക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണു ദിവസങ്ങൾ നീണ്ടു നിന്ന അന്വേഷണത്തിനായി ജപ്പാനിലെ പൊലീസും സൈനികവിഭാഗങ്ങളും രംഗത്തെത്തുന്നത്. മാതാപിതാക്കൾ പറഞ്ഞ സൂചനകളൊന്നും അവരുടെ അന്വേഷണത്തിനു മതിയാകുമായിരുന്നില്ല.

കുട്ടിയെ എങ്ങനെയാണ് നഷ്ടപ്പെട്ടതെന്ന ചോദ്യത്തിനു  വനത്തിൽ ചില ചെടികൾ ശേഖരിക്കാനെത്തിയപ്പോൾ കാണാതായി എന്നായിരുന്നു അവരുടെ ആദ്യത്തെ മറുപടി. എന്നാൽ പിന്നീട് സത്യം വെളിപ്പെടുത്താതെ പോംവഴിയില്ലാതായി.

വഴി ഏതുമില്ലാതെ ഏഴു ദിനങ്ങൾ

മേയ് 28 നു കുട്ടിയെ കാണാതായി എന്ന പരാതി കിട്ടിയയുടൻ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. ആദിയും അന്തവുമില്ലാതെ പരന്നു കിടക്കുന്ന വനത്തിൽ ഇത്തിരിപ്പോന്ന ഒരു കുട്ടിയെ കണ്ടെത്തുക വലിയ വെല്ലുവിളിയായിരുന്നു. മാതാപിതാക്കളെ പലതവണ വിളിച്ചു തിരിച്ചും മറിച്ചും ചോദ്യം ചെയ്തു. കുട്ടി പോകാനിടയുള്ള സ്ഥലങ്ങൾ കണ്ടെത്താൻ കുട്ടിയുടെ പെരുമാറ്റ രീതികൾ മനസിലാക്കുകയായിരുന്നു ലക്ഷ്യം. ഒരു ഏഴുവയസുകാരൻ ഇത്തരമൊരു അവസ്ഥയിൽ പെട്ടാൽ എങ്ങനെ പ്രതികരിക്കുമെന്നറിയാനായി മനശാസ്ത്രജ്ഞരെയും പൊലീസ് സമീപിച്ചു.

കുട്ടിയുടെ മാനസികനില കണക്കിലെടുക്കുമ്പോൾ കുന്നുകളെ പേടിയുണ്ടാവാൻ സാധ്യതയുള്ളതിനാൽ അതൊഴിവാക്കിയാണ് തിരച്ചിൽ ആരംഭിച്ചത്. കാണാതായ സ്ഥലത്തിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലായിരുന്നു ആദ്യ ദിവസങ്ങളിൽ അന്വേഷണം. ഫലമില്ലെന്നു കണ്ടതോടെ അതു 15 കിലോമീറ്ററായി  വിസ്തൃതമാക്കി. 180 പേരുള്ള സംഘത്തെയാണ് വനത്തിനുള്ളിൽ നിയോഗിച്ചത്.

രണ്ടു ദിവസത്തിനു ശേഷം അത് ഇരുനൂറാക്കി. മണം പിടിക്കാനായി ഒരു പറ്റം പൊലീസ് നായ്ക്കളും. സൈന്യത്തിലെ കുതിരപ്പടയുടെ സേവനവും ലഭ്യമാക്കി. എല്ലാവരും കുട്ടിയുടെ പേരുച്ചത്തിൽ വിളിച്ചുകൊണ്ടാണ് കാട് വകഞ്ഞു മാറ്റി മുന്നേറിയത്. വളരെ പെട്ടെന്നു തന്നെ രാജ്യാന്തര മാധ്യമ സംഘങ്ങൾ ഉൾപ്പടെ സ്ഥലത്തു തമ്പടിച്ചുതുടങ്ങി. ഹെലികോപ്ടറുകൾ ആകാശക്കണ്ണുകളുമായി പാറി നടന്നു. ഉത്തരമില്ലാത്ത മണിക്കൂറുകൾ.

തനൂക്ക എവിടെ?

മാതാപിതാക്കൾ കാറിൽ നിന്ന് ഇറക്കിവിട്ട  സ്ഥലത്തുനിന്നു വനത്തിനുള്ളിലേക്കു നടന്ന തനൂക്കയ്ക്ക് എങ്ങോട്ടേക്കാണു പോകുന്നതെന്ന് ഒരു ധാരണയുമില്ലായിരുന്നു. ചുറ്റും കൊടുംകാട് മാത്രം. തൊട്ടുമുന്നിലെ ഭീമൻ കുന്ന് കണ്ടു ഭയന്നോടിയ തനൂക്ക പിന്നീട് നടന്നത് അഞ്ചു മണിക്കൂറിലേറെ. അപ്പോഴേക്കും അവൻ തീർത്തും അവശനായിക്കഴിഞ്ഞിരുന്നു.  തണുപ്പു സഹിക്കാൻ പറ്റാതെ വീണു പോകുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് മുന്നിൽ ആളൊഴിഞ്ഞൊരു കെട്ടിടം കണ്ടത്. ഒരു കതക് മാത്രം തുറന്നുകിടന്നിരുന്നു.

വൈദ്യുതി പോലുമില്ലാത്ത ആ കെട്ടിടത്തിലേക്ക് തനൂക്ക കയറി. തണുപ്പിൻ നിന്നു രക്ഷനേടാനായി വഴി തിരഞ്ഞപ്പോൾ മുഷിഞ്ഞ ഏതാനം മെത്തകൾ കണ്ടു. അവയെടുത്ത് ഒന്നിനു മുകളിലായി അടുക്കി അതിനിടയിൽ മുഖമമർത്തി തനൂക്ക കിടന്നു. ഭക്ഷണമില്ലാത്തതുകൊണ്ട് മുറ്റത്തുള്ള ഒരു പൈപ്പിലെ വെള്ളമാണ് ജീവൻ രക്ഷിച്ചത്.  ആറു ദിവസം കൊണ്ടു തനൂക്കയുടെ ഭാരം രണ്ടു കിലോ കുറഞ്ഞ് 20 കിലോഗ്രാമായി. കാണാതാകുന്ന സ്ഥലത്തുനിന്നു ആറു കിലോമീറ്റർ അകലെയായിരുന്നു തനൂക്ക അപ്പോൾ.

ഉദ്വേഗത്തിനൊടുവിൽ!


സ്വയം പ്രതിരോധ സംഘത്തിലെ (എസ്ഡിഎഫ്)അംഗങ്ങൾ കായിക പരിശീലനത്തിനു ശേഷം രാത്രി വിശ്രമിക്കുന്ന കേന്ദ്രത്തിന്റെ ഭാഗമായ ഒരു പഴയ കെട്ടിടത്തിൽ ആക്സമികമായാണ് ഒരു ഉദ്യോഗസ്ഥൻ തനൂക്കയെ ദിവസങ്ങൾക്കു ശേഷം കണ്ടെത്തുന്നത്. നിർജലീകരണം മൂലം ക്ഷീണിതനായ തനൂക്കയുടെ കയ്യിലെയും കാലുകളിലെയും മുറിവുകൾ ഒഴിച്ചു നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. വിശക്കുന്നുവെന്നാണ് കുട്ടി ആദ്യം പറഞ്ഞത്.

സൈനികൻ നൽകിയ ഭക്ഷണം ആർത്തിയോടെ അവൻ കഴിച്ചുതീർത്തു. ആറു ദിവസങ്ങളായി പച്ചവെള്ളമല്ലാതെ യാതൊന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല. അൽപ്പം കൂടി വൈകിയിരുന്നെങ്കിൽ തനൂക്കയുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു.

കുന്നിൻമുകളിലായിരുന്നതിനാലും നിബിഡമായ വനമായതിനാലും എസ്ഡിഎഫ് കേന്ദ്രത്തിന്റെ ഭാഗത്തേക്കു പോകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഫയർഫോഴ്സ് അംഗങ്ങളും പൊലീസും. പക്ഷേ, എല്ലാവരുടെയും കണക്കുകൾ തെറ്റിച്ചുകൊണ്ട് ഇതേ വഴിയിലാണ് തനൂക്ക നടന്നു നീങ്ങിയത്.

വിഷച്ചെടികളും ഭീകരൻ കരടികളും

വനത്തിലൂടെ തനൂക്ക നടന്ന വഴിയിലൂടെ സൈന്യത്തിനു പോലും പ്രത്യേക സുരക്ഷാ കവചങ്ങളും തണുപ്പിനെ മറികടക്കാനുള്ള ജാക്കറ്റുകളും വേണ്ടിവന്നു. രാത്രിയിൽ 9 ഡിഗ്രി സെൽഷ്യസിനു താഴെയെത്തുന്ന സ്ഥലമാണ്, കൂടാതെ വർഷത്തിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള സമയവും.  തൊട്ടടുത്തുള്ള മലകൾ ഐസ് പുതച്ചിരുന്നു. സാസ എന്ന പ്രത്യേക തരം ചെടിയാണ് വനത്തിലെങ്ങും. കുട്ടിയെക്കാൾ ഉയരമുള്ള  ഈ ചെടി പ്രയാസപ്പെട്ട് വകഞ്ഞുമാറ്റിയാവണം തനൂക്ക നടന്നത്. സൈനികർ പോലും പ്രത്യേകതരം ഉപകരണങ്ങളുമായാണ് ഇതിനിടയിലൂടെ നടന്നുനീങ്ങിയത്.

അപ്രതീക്ഷിതമായി പെയ്യുന്ന മഴ പലപ്പോഴും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. ഹൊക്കൈദോയിലെ വനം കൂറ്റൻ കരടികൾക്കു പേരുകേട്ടതാണ്. ബ്രൗൺ ബെയർ എന്നു വിളിക്കുന്ന ഇവയ്ക്ക് 400 കിലോ തൂക്കവും ആറടിയിലധികം വലുപ്പമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന 57 വർഷങ്ങളിൽ 140 ആളുകളെ ഇവ കൊലപ്പെടുത്തിയതായാണ് കണക്ക്.  

വിശപ്പാണു മറ്റൊരു പ്രശ്നം. കാട്ടിലുള്ള കായ്കനികൾ പറിച്ചുതിന്നുകയോ രക്ഷയുള്ളു. പക്ഷേ, വിഷച്ചെടികൾ അനേകമുള്ളതിനാൽ അതൽപ്പം റിസ്ക് തന്നെ. ജപ്പാനിലെ ചില അരുവികളിലെ വെള്ളം പ്രത്യേകതരം ചെടികളുടെ സാന്നിധ്യം മൂലം തിളപ്പിച്ചശേഷമേ കുടിക്കാൻ കഴിയൂ. ഇത്തരം കുരുക്കുകളിലൊന്നും പെടാതെയാണ് തനൂക്ക രക്ഷപ്പെട്ടത്!

അച്ഛന്റെ ക്ഷമാപണം

തനൂക്ക ആശുപത്രിയിൽ സുഖം പ്രാപിച്ചുകൊണ്ടിരുന്നപ്പോൾ പ്രതികരണത്തിനായി കാത്തുനിന്ന ക്യാമറകൾക്കു മുന്നിൽ അച്ഛൻ വിങ്ങിപ്പൊട്ടുകയായിരുന്നു. തല കുനിച്ച് ഇരുകൈകളും ചേർത്തുവച്ച് ക്ഷമാപണം നടത്തി.  ഏറെ വൈകാതെ തന്റെ സുഹൃത്തുക്കൾ ഫുട്ബോളിന്റെ രൂപത്തിൽ എഴുതി നൽകിയ ആശംസകളുമായി തനൂക്ക ചിരിച്ചുകൊണ്ടു പുറത്തിറങ്ങി. കൗ ബോയ് തൊപ്പി വച്ച് പുഞ്ചിരിതൂകുന്ന പഴയ ചിത്രവുമായി ഒരു ജനക്കൂട്ടം പുറത്തുണ്ടായിരുന്നു. സ്കൂളിലേക്കു പോയി ഈ കഥകളൊക്കെ കൂട്ടുകാരോടു പറയുമെന്നാണ് ആവേശത്തോടെ അവൻ പറഞ്ഞത് .

തൊട്ടുപിറകിൽ അമ്മ മുഖം പൊത്തിക്കരയുന്നുണ്ടായിരുന്നു. തനൂക്കയെ കണ്ടെത്തുമ്പോൾ ഒരു തുള്ളി കണ്ണീർ പോലും ആ കണ്ണുകളിൽ നിന്നു വീണില്ലെന്നാണ് സൈനിക വക്താക്കൾ പറഞ്ഞത്. അടുത്തനിമിഷം എന്തു സംഭവിക്കുമെന്നു പോലും തീർച്ചയില്ലാതെ ഇരുട്ടുമുറിയിലെ ആ രണ്ടു മെത്തകൾക്കിടയിൽ മുഖം പൊത്തിക്കിടന്നപ്പോൾ‌ കണ്ണീരു മുഴുവനും വീണു വറ്റിയിട്ടുണ്ടാകില്ലെന്നാരു കണ്ടു!

നാളുകൾക്കുശേഷം തനൂക്കയുടെ സാഹസിക കഥ ലോകമെങ്ങും പ്രചരിക്കുമ്പോൾ ആരും കാണാത്തെ ചില കണ്ണീർപ്പാടുകൾ കൂടിയില്ലേയെന്നു ചില ഏഴു വയസുകാരെങ്കിലും ചോദിച്ചേക്കാം.