കാണാമറയത്ത്

നാരായണി അമ്മ ഭർത്താവ് അച്യുതൻ നായർക്കൊപ്പം. ചിത്രം: സിബു ഭുവനേന്ദ്രൻ

‘‘ഓരോ രാത്രിയിലും അവളെത്തും. ‘മമ്മീ’ എന്നു വിളിച്ച് എന്നെ കെട്ടിപ്പിടിക്കും. കണ്ണു തുറക്കുമ്പോ...’’

വാക്കുകൾ മുറിയും മുൻപേ നാരായണി അമ്മയുടെ കാലുകൾ ഇടറി... കയ്യിലെ ഊന്നുവടിക്കു പലപ്പോഴും കണ്ണീരുപോലും താങ്ങാനാകുന്നില്ല... മകൾ അനിത പടിയിറങ്ങിയ കാലംമുതൽ നാരായണി അമ്മയുടെ കാലുകൾ നിലത്തുറച്ചിട്ടില്ല. പലവട്ടം നിലതെറ്റി വീണിട്ടുണ്ട്... നാലുവർഷം മുൻപ് ഒരു വൈകുന്നേരത്തു പടിക്കെട്ടിൽനിന്നു വീണ നാരായണി അമ്മയുടെ കാലിലെ എല്ലുകൾ നുറുങ്ങിപ്പോയി. അതിനും എത്രയോ മുൻപു മനസ്സും... വീഴ്ചയിലേറ്റ പരുക്കുകൾ ജീവിതം ഊന്നുവടിക്കൊപ്പമാക്കി. തനിയെ എഴുന്നേൽക്കാനാകാത്ത രാപകലുകളിൽ ഭർത്താവ് അച്യുതൻ നായർ ഊന്നുവടിയായി.

കൈയിലുറയ്ക്കാത്ത വടിയിൽ നൊമ്പരങ്ങൾ ചാരി നാരായണി അമ്മ അനിതയെ ഓർക്കും. മനസ്സിലെ മുറിപ്പാടുകൾക്കിടയിൽ! വാർധക്യം പിച്ചവയ്ക്കുമ്പോൾ കൈ പിടിക്കേണ്ട മകളുടെ ഓർമകളാണ് നാരായണി അമ്മയുടെ പകലുകൾ. അച്യുതൻ നായർക്കൊപ്പം കോടതി കയറിയിറങ്ങുന്ന നാരായണി അമ്മയ്ക്കു മുന്നിൽ മകളെ എത്തിക്കാൻ ഒരു അന്വേഷണത്തിനുമായിട്ടില്ല. ഇന്നലെ വരെ...

പട്ടാമ്പി ഓങ്ങല്ലൂർ അച്യുത നിവാസിൽ സി.എച്ച്. നാരായണി അമ്മയുടെ വാക്കുകളും കണ്ണീരും പ്രതീക്ഷയാണ്. മാലദ്വീപിലേക്കു പോയ അനിതാ നായർക്കായുള്ള കാത്തിരിപ്പ്. സെക്കന്തരാബാദിലെ വീട്ടിൽനിന്നു ഭർത്താവ് സി.രാമചന്ദ്രൻ നായർക്കും മകനുമൊപ്പം പാലക്കാട്ടു വന്നശേഷമാണ് അനിത തിരുവനന്തപുരത്തേക്കു പോയത്. അനിതയെ യാത്രയാക്കി രാമചന്ദ്രനും മകനും സെക്കന്തരാബാദിലേക്കു വണ്ടികയറി. അനിതാ നായർ ആദ്യ അവധിക്കു നാട്ടിലെത്തി തിരിച്ചുപോയപ്പോഴായിരുന്നു തിരോധാനം. അനിത പോയി ദിവസങ്ങൾക്കുശേഷം ഹൈദരാബാദിലുള്ള മറ്റൊരു മകൾ പ്രഭാവതിയാണ് അനിതയെ കാണാനില്ല എന്നവിവരം നാരായണി അമ്മയെയും സി.അച്യുതൻ നായരെയും അറിയിച്ചത്.

അനിതയെക്കുറിച്ചു വിവരമൊന്നുമില്ലെന്നുകാട്ടി രാമചന്ദ്രൻ പ്രഭാവതിക്കെഴുതിയ കത്തിലൂടെ തിരോധാനം പുറത്തറിഞ്ഞു. പക്ഷേ, ആ കത്ത് നാരായണി അമ്മയുടെ കൈകളിലെത്തും മുൻപേ സെക്കന്തരാബാദിൽ രാമചന്ദ്രനെയും കാണാതായി! പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് ഒടുവിൽ ഹൈക്കോടതി നിർദേശപ്രകാരം ഒൻപതു വർഷത്തോളം സിബിഐ അന്വേഷിച്ചിട്ടും അനിതയെ കോടതിയിൽ എത്തിക്കാനായില്ല. രാമചന്ദ്രനെ പിന്നീടു നാരായണി അമ്മ കണ്ടതുമില്ല.

അനിതാ നായരും ഭർത്താവ് രാമചന്ദ്രൻ നായരും

ഒരന്വേഷണത്തിനും ഉണക്കാനാകാത്ത ഒരമ്മയുടെ മുഖത്തെ കണ്ണീരാണ് അനിതാ നായർ. സിബിഐ കേസ് അന്വേഷിച്ച് ‘അൺട്രേസബിൾ’ എന്ന് എഴുതിച്ചേർത്തതു നാരായണി അമ്മയുടെ പ്രതീക്ഷകളിലായിരുന്നു. മാലദ്വീപിലും ഹൈദരാബാദിലും ചെന്നൈയിലും അനിതാ നായരെ അന്വേഷിച്ച് ഒടുവിൽ ശ്രീലങ്കയിലുണ്ടെന്ന് സിബിഐ 2012ൽ റിപ്പോർട്ട് നൽകി. പക്ഷേ അനിത എവിടെയുണ്ട് എന്നതിനു മേൽവിലാസമോ രേഖകളോ നൽകാനായില്ല. അനിത യാത്ര ചെയ്തതിന്റെ വിവരങ്ങളും സഹപ്രവർത്തകരുടെ മൊഴിയും ചേർത്ത് സിബിഐ തയാറാക്കിയ അന്തിമ റിപ്പോർട്ടിൽ ചോദ്യങ്ങൾ ബാക്കിയായി. ‘ശ്രീലങ്കയിൽ എവിടെയോ’ എന്ന ഉത്തരമല്ല തനിക്കു മകളെയാണ് വേണ്ടതെന്ന നാരായണി അമ്മയുടെ ആവശ്യത്തിനു മുന്നിൽ അന്വേഷണം തുടർന്നു. ഇന്ത്യയിലെ മികച്ച അന്വേഷണ ഏജൻസി വർഷങ്ങളോളം അന്വേഷിച്ചിട്ടും അനിതയെ കാണാൻ നാരായണി അമ്മയ്ക്കായില്ല. സിബിഐ കണ്ടെത്തലുകൾ അവശേഷിപ്പിച്ച സംശയങ്ങളുടെ ഉത്തരംതേടി നാരായണി അമ്മയും അച്യുതൻ നായരും വീണ്ടും കോടതി കയറി.

∙ അനിതാ നായർ, മാലദ്വീപ്

നാരായണി അമ്മയ്ക്കും അച്യുതൻ നായർക്കുമൊപ്പം സെക്കന്തരാബാദിലായിരുന്നു അനിതാ നായരും സഹോദരിമാരായ പങ്കജാക്ഷിയും പ്രഭാവതിയും. അച്യുതൻ നായർക്കും നാരായണി അമ്മയ്ക്കും സെക്കന്തരാബാദിലെ ആർമി ഓർഡനൻസ് കോറിലായിരുന്നു ജോലി. രാമചന്ദ്രനുമായുള്ള വിവാഹശേഷം അനിത സെക്കന്തരാബാദിലെ നാച്ചരത്തേക്കു താമസം മാറി. അവിടെ ജോൺസൺ ഗ്രാമർ സ്കൂളിൽ അധ്യാപികയായി. മകനെ ഡോക്ടറാക്കണമെന്ന സ്വപ്നമാണ് അനിതയെ മാലദ്വീപിലെത്തിച്ചത്. 2003 ജനുവരി 18നു മാലദ്വീപിലെ റാ അറ്റോളിലെ (RAA ATTOL) ഇൻഗുറൈദൂ (INGURAIDHOO) സ്കൂളിലേക്ക് എൺപതോളം അധ്യാപകർക്കൊപ്പമായിരുന്നു അനിതയുടെ യാത്ര. ദ്വീപിലെ ഒരു വീട്ടിൽ പേയിങ് ഗെസ്റ്റായി താമസിച്ചായിരുന്നു ജോലി. നവംബർ 26നു തിരികെ പട്ടാമ്പിയിലെത്തി. പിന്നീടു സെക്കന്തരാബാദിലേക്കു പോയി. ഡിസംബർ 24നു പാലക്കാട് കണ്ണാടിയിൽ രാമചന്ദ്രന്റെ വീട്ടിലെത്തിയ അനിത 27നു രാമചന്ദ്രനൊപ്പം കാറിൽ തിരുവനന്തപുരത്തേക്കു പോയി. 28ന് ഇന്ത്യൻ എയർലൈൻസിന്റെ ഐസി 963 എന്ന വിമാനത്തിൽ അനിത പറന്നു.

∙ സി.രാമചന്ദ്രൻ നായർ, സെക്കന്തരാബാദ്

അനിതാ നായരുടെ സഹോദരീ ഭർത്താവാണു രാമചന്ദ്രനുമായുള്ള വിവാഹാലോചന എത്തിച്ചത്. സെക്കന്തരാബാദിലായിരുന്നു രാമചന്ദ്രനു ജോലി. വിവാഹാലോചന തുടങ്ങിയപ്പോൾ അച്യുതൻ നായർ പാലക്കാട്ടെത്തി രാമചന്ദ്രന്റെ കുടുംബവുമായി സംസാരിച്ചു. 1991 ഫെബ്രുവരിയിൽ സെക്കന്തരാബാദ് അയ്യപ്പ ക്ഷേത്രത്തിൽ അവർ വിവാഹിതരായി. സുരാന ഇൻഡസ്ട്രീസിലായിരുന്നു രാമചന്ദ്രനു ജോലി. സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ രാമചന്ദ്രനും അനിതയുമായി മാലദ്വീപിലേക്കുള്ള യാത്രയ്ക്കു മുൻപു കലഹിച്ചിരുന്നതായി ചേർത്തിരുന്നു. അനിത നായർ തിരികെ പോകുന്നതിനോടു രാമചന്ദ്രന് എതിർപ്പായിരുന്നത്രെ. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ തിരികെ പോകണമെന്ന തീരുമാനത്തിലായിരുന്നു അനിത. ഒടുവിൽ രാമചന്ദ്രൻ പോകാൻ സമ്മതിച്ചെന്നും റിപ്പോർട്ട് ചെയ്തു. അനിതയുടെ സഹോദരി പ്രഭാവതിയുടെ ഭർത്താവ് പി.ശശി നായരുടെ പേരിൽ 2004 ജനുവരി 14നു ലഭിച്ച കത്തിൽ അനിതയെക്കുറിച്ചു വിവരമൊന്നുമില്ലെന്ന കാര്യം രാമചന്ദ്രൻ അറിയിച്ചു. അനിതയില്ലാതെ തനിക്കു ജീവിക്കാനാകില്ലെന്നും അതിനാൽ വീടുവിട്ടു പോകുകയാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും രാമചന്ദ്രൻ എഴുതി. അനിത മാലദ്വീപിലേക്കു പോയി 17 ദിവസങ്ങൾക്കു ശേഷം! രാമചന്ദ്രനെ ഹൈദരാബാദിലും പുറത്തും അന്വേഷിച്ചെന്നും വിവരം ലഭിച്ചില്ലെന്നും സിബിഐ റിപ്പോർട്ട് നൽകി.

ചെറുപ്പത്തിൽതന്നെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട രാമചന്ദ്രന് ആശ്രയമായത് ബന്ധുക്കളായിരുന്നു. പാലക്കാട് കണ്ണാടിയിൽ വിദ്യാഭ്യാസം നേടിയാണ് രാമചന്ദ്രൻ സെക്കന്തരാബാദിലേക്കു പോയത്. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ വളർന്ന രാമചന്ദ്രന്റെ അതേ അവസ്ഥയായി പിന്നീട് രാമചന്ദ്രന്റെ മകനും. അനിതയെയും രാമചന്ദ്രനെയും കാണാതായപ്പോൾ മകന് ആശ്രയമായത് നാരായണി അമ്മയും അച്യുതൻ നായരുമായിരുന്നു.

∙ നാരായണി അമ്മ, അച്യുതൻ നായർ. പട്ടാമ്പി

അനിതയുടെ മുഖത്തു കാലംവരച്ചിട്ട ചുളിവുകളും നരകെട്ടി തുടങ്ങിയ മുടിയിഴകളും വന്നേക്കാമെങ്കിലും നാരായണി അമ്മയുടെ ഓർമകളിൽ അനിത ഇപ്പോഴും പടിയിറങ്ങിപ്പോയ 37 വയസ്സുകാരിയാണ്. അനിതയുടെ തിരോധാനം കുടുംബത്തിലുണ്ടാക്കിയ ദുരിതങ്ങളേറെ. പലവട്ടം നാരായണി അമ്മ തളർന്നുവീണിട്ടുണ്ട്. അനിതയുടെ തിരിച്ചു വരവിനായി നാരായണി അമ്മയും അച്യുതൻ നായരും പലയിടങ്ങളും കയറിയിറങ്ങി. 2004 ഏപ്രിൽ 26നു പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് അച്യുതൻ നായർ പരാതി സമർപ്പിച്ചു. കേസ് അന്വേഷിക്കാൻ പട്ടാമ്പി പൊലീസിനു നിർദേശം ലഭിച്ചു. ക്രൈം നമ്പർ 195/05 എന്ന കേസ് പട്ടാമ്പി പൊലീസ് റജിസ്റ്റർ ചെയ്തു. കേന്ദ്ര–സംസ്ഥാന സർക്കാരുകളിലും മനുഷ്യാവകാശ കമ്മിഷനിലും നോർക്കയിലും നിവേദനങ്ങളെത്തി. മെച്ചപ്പെട്ട അന്വേഷണം ആവശ്യപ്പെട്ട് അച്യുതൻ നായർ ഹൈക്കോടതിയിലെത്തി. 2005 ജൂൺ ആറിനു കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈം ബ്രാഞ്ചിനും അനിതയെ കണ്ടെത്താനായില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അച്യുതൻ നായർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. 2006 ഒക്ടോബർ 19ന് ഹൈക്കോടതി കേസ് സിബിഐയെ ഏൽപ്പിച്ചു.

2007 ഓഗസ്റ്റ് മൂന്നിനു സിബിഐ ‘അൺഡിറ്റക്റ്റഡ്’ എന്ന റിപ്പോർട്ടുമായി കോടതിക്കു മുന്നിലെത്തി. പട്ടാമ്പി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സ്വീകരിച്ച അന്തിമ റിപ്പോർട്ട് കൂടുതൽ അന്വേഷണത്തിനായി 2008 ജൂൺ 26നു സിബിഐക്കു തിരിച്ചു നൽകി.

2012 ഫെബ്രുവരിയിൽ വീണ്ടും സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. സിബിഐയുടെ കണ്ടെത്തലുകളിൽ ആക്ഷേപം ഉന്നയിച്ച് അച്യുതൻ നായർ കോടതിയെ സമീപിച്ചു. ആളെക്കുറിച്ചു വിവരങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ കണ്ടെത്തേണ്ടതും കോടതിയിൽ എത്തിക്കേണ്ടതും ആവശ്യമാണെന്നു നിർദേശം വന്നു. അഡ്വ. വി.കെ.കൃഷ്ണകുമാറായിരുന്നു അച്യുതൻ നായർക്കും നാരായണി അമ്മയ്ക്കും വേണ്ടി കോടതിയിലെത്തിയത്. അനിത ശ്രീലങ്കൻ സ്വദേശി സുരാഗെന്ന ശ്രീരംഗനൊപ്പം ശ്രീലങ്കയിലേക്കു പോയെന്നും ദിവസങ്ങൾക്കുശേഷം തിരിച്ച് ചെന്നൈയിൽ എത്തിയെന്നുമായിരുന്നു സിബിഐ റിപ്പോർട്ട്. ശ്രീരംഗൻ എന്ന പേരിനപ്പുറം അയാളുടെ മേൽവിലാസമോ ആളെ തിരിച്ചറിയാനുള്ള രേഖകളോ എത്തിയില്ല. ആ കണ്ടെത്തലുകൾ ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാക്കി. അനിതയുടെ ഒപ്പമുണ്ടായിരുന്ന ഒരു ആന്ധ്രാക്കാരിയെക്കുറിച്ചും അവരുമായി ബന്ധമുണ്ടായിരുന്ന ശ്രീരംഗൻ എന്ന ആളെക്കുറിച്ചും അനിത പറഞ്ഞിരുന്നതായി നാരായണി അമ്മ ഓർക്കുന്നു...

∙ ശ്രീരംഗൻ @ സുരാഗ്, ശ്രീലങ്ക

(സിബിഐ 2012ൽ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽനിന്ന്)

2012 ഫെബ്രുവരിയിൽ സിബിഐ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ശ്രീരംഗൻ കടന്നുവന്നു. മാലദ്വീപിൽ അനിത ജോലി ചെയ്ത സ്കൂളിനു സമീപം ഹിതാഹ്ഫിനിവാ മാഗുവിലെ (HITHAHFINIVAA MAAGU) ഹോട്ടൽ ‘ബുർനീജ് (BURNEEGE) റസിഡൻസിയിലെ’ റിസപ്ഷനിസ്റ്റായിരുന്നു ശ്രീരംഗൻ. കൊളംബോയിലെ മൗണ്ട് ലാവിനിയ (MOUNT LAVINIA) എന്ന സ്ഥലത്തുനിന്നു 2003ലാണു ശ്രീരംഗൻ ബുർനീജിലെത്തിയത്. അനിതയ്ക്കൊപ്പം താമസിച്ചിരുന്ന സെക്കന്തരാബാദ് സ്വദേശിനിയുടെയും സഹപ്രവർത്തകരുടെയും മൊഴിയിൽനിന്ന് അനിതയും ശ്രീരംഗനുമായി അടുപ്പത്തിലായിരുന്നെന്നു സിബിഐ കണ്ടെത്തി. പലപ്പോഴും അവർ കണ്ടുമുട്ടിയിരുന്നെന്നും ഇടയ്ക്ക് ശ്രീരംഗൻ ടീച്ചേഴ്സ് കോളനി സന്ദർശിച്ചിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. അനിത ഇതിനിടെ സിംഹള ഭാഷ പഠിക്കാനും തുടങ്ങി. അനിത ശ്രീരംഗനുമായി ശ്രീലങ്കയിലെത്തിയെന്നും കൊളംബോയിലാണു താമസമെന്നും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും സിബിഐ അന്തിമ റിപ്പോർട്ടിൽ ചേർത്തു.

ശ്രീരംഗൻ ജോലി ചെയ്തിരുന്ന ഹോട്ടലിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സിബിഐക്കു വഴിമുട്ടി. ആ ഹോട്ടൽ 2007ൽ പൊളിച്ചുപോയി എന്നായിരുന്നു വിവരം. ശ്രീരംഗന്റെ കൂടുതൽ വിവരങ്ങളറിയാൻ സഹപ്രവർത്തകനായിരുന്ന മറ്റൊരു ശ്രീലങ്കൻ സ്വദേശിയെയും സിബിഐ ബന്ധപ്പെട്ടു. മാലദ്വീപിലെ മജസ്റ്റിക് ഗെസ്റ്റ് ഹൗസിലെ ജീവനക്കാരനായിരുന്ന അയാൾക്കു ശ്രീരംഗന്റെ കൂടുതൽ വിവരങ്ങൾ നൽകാനായില്ല. മാലദ്വീപിൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്ന ഒരാൾവഴിയുള്ള അന്വേഷണത്തിലൂടെ അനിത ശ്രീലങ്കയിലേക്കു പോയെന്ന് സിബിഐ റിപ്പോർട്ടിലെഴുതി.

രാമചന്ദ്രന്റെ പാലക്കാട് സ്വദേശിയായ ബന്ധുവിനു 2003 മാർച്ച് 14ന് അനിത മാലദ്വീപിൽനിന്ന് അയച്ച കത്തിൽ പാലക്കാട്ടുനിന്നുള്ള രണ്ടു സഹപ്രവർത്തകരെക്കുറിച്ച് അറിയിച്ചിരുന്നു. അവരുടെ മാതാപിതാക്കളിൽനിന്ന് അനിത തനിക്കൊപ്പം പഠിപ്പിച്ചിരുന്ന അധ്യാപകനൊപ്പം ശ്രീലങ്കയിലേക്കു പോയി എന്ന വിവരം സിബിഐ റിപ്പോർട്ടിൽ ചേർത്തിട്ടുണ്ടായിരുന്നു. പലരുടെയും വാക്കുകൾക്കൊപ്പം അനിതാ നായർ സഞ്ചരിച്ച വഴികളിലൂടെയായി പിന്നീട് സിബിഐ യാത്ര.

2003 ഡിസംബർ 28നു മാലദ്വീപിലിറങ്ങിയ അനിത സഹപ്രവർത്തകർക്കൊപ്പം സ്കൂളിലേക്കു പോയില്ലെന്നു സിബിഐ റിപ്പോർട്ടിൽ ചേർത്തു. 29ന് അനിത ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് നമ്പർ ഐസി 964ൽ തിരികെ തിരുവനന്തപുരത്തേക്കു വന്നു. പിന്നീട് അവിടെനിന്ന് ഐസി 932ൽ ചെന്നൈയിലേക്കു പോയി. 2004 മേയ് 26ന് ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് നമ്പർ ഐസി 573ൽ അനിത ചെന്നൈയിൽനിന്നു കൊളംബോയിലേക്കു പറന്നു. ശ്രീലങ്കയിൽ 45 ദിവസം താമസിച്ചശേഷം 2004 ജൂലൈ 10ന് ഐസി 574ൽ അനിത തിരികെ ചെന്നൈയിലെത്തിയെന്നായിരുന്നു കണ്ടെത്തൽ. ശ്രീരംഗനെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലാത്തതിനാൽ അയാൾ ഒപ്പം സഞ്ചരിച്ചോ എന്നതും ചോദ്യമായി. അനിത എന്നപേരിലും ശ്രീരംഗൻ എന്നപേരിലും 2004 ജൂലൈ മുതൽ 2011 വരെ യാത്ര ചെയ്തവരുടെ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ശ്രീരംഗൻ എന്ന പേരിൽ ആരുടെയും യാത്രാ വിവരങ്ങൾ ലഭിച്ചില്ല. ലിസ്റ്റിൽ കണ്ടെത്തിയ അനിതാ നായരും വേറെയായിരുന്നു.

ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും കേരളത്തിലും അനിതയെ തേടി സിബിഐ അലഞ്ഞു. അനിതാ നായരുടെ കോൾ ലിസ്റ്റുകളും പരിശോധിച്ചു. കൊളംബോയിലേക്കും തിരിച്ചുമുള്ള വിമാന യാത്രച്ചെലവുകളുടെ വിവരങ്ങൾ അന്വേഷിച്ചു. ഒപ്പം അനിതയുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും. പക്ഷേ ഫലമുണ്ടായില്ല. പാസ്പോർട്ട് ഓഫിസ്, റീജനൽ റജിസ്ട്രേഷൻ ഓഫിസ്, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ തുടങ്ങി അനിതയുടെ വിവരങ്ങൾ തേടി സിബിഐ ഏറെ അലഞ്ഞു. അനിത ഇന്ത്യ വിടാതിരിക്കാനായി ബ്യൂറോ ഓഫ് ഇമിഗ്രേഷനു തിരച്ചിൽ നോട്ടീസും കൈമാറി. കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും പത്രങ്ങളിലൂടെയും മാലദ്വീപിൽ വെബ്സൈറ്റിലൂടെയും ശ്രീരംഗനെക്കുറിച്ചും അനിതയെക്കുറിച്ചും വാർത്തകൾ നൽകി. സിബിഐക്ക് ഒരു വിവരവും ലഭിച്ചില്ല. ശ്രീരംഗന്റെ പാസ്പോർട്ട് നമ്പരോ മേൽവിലാസമോ തേടി ബാങ്ക് വിവരങ്ങളും അന്വേഷിച്ചു. പക്ഷേ, ശ്രീരംഗൻ എന്ന പേരിൽ ഒരു അക്കൗണ്ടും കണ്ടെത്താനായില്ല.

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിൽ വർഷങ്ങളായി താമസിക്കുന്ന ഒരു മാലദ്വീപ് കുടുംബത്തിൽ ഇടയ്ക്കിടെ മാലദ്വീപുകാർ വന്നുപോകുന്നതായി സിബിഐക്കു വിവരം ലഭിച്ചു. അനിതാ നായരും ശ്രീരംഗനും ആ വീട് സന്ദർശിച്ചിരുന്നോ എന്നും സിബിഐ അന്വേഷിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ഒട്ടേറെ അന്വേഷിച്ചിട്ടും അനിതാ നായരെയോ ശ്രീരംഗനെയോ കണ്ടെത്താൻ സാധിക്കാത്തതിനാൽ ‘അൺട്രേസബിൾ’ എന്നുചേർത്തു സിബിഐ അന്തിമ റിപ്പോർട്ട് നൽകി. പക്ഷേ അച്യുതൻ നായരുടെ ചോദ്യങ്ങൾക്കു മുന്നിൽ, നാരായണി അമ്മയ്ക്ക് മകളെ കാണണമെന്ന ആഗ്രഹത്തിനു മുന്നിൽ വീണ്ടും കാലം അനിതാ നായരെ അന്വേഷിച്ചു തുടങ്ങി.

അനിതാ നായരുടെ തിരോധാനത്തിൽ സിബിഐ അന്വേഷണം തുടരുന്നുണ്ട്. എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ മാർച്ച് മൂന്നിന് സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. അനിതയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് നാരായണി അമ്മയും അച്യുതൻ നായരും...