കേൾക്കണം ചന്ദൻകുമാറിനെ

മൈസൂർ ചന്ദൻകുമാർ

ഇതൊടൊപ്പമുള്ള ചിത്രം കാണുമ്പോൾ എന്തെങ്കിലും കേൾക്കാൻ കഴിയുന്നുണ്ടോ? യൂട്യൂബിലെങ്കിലും ഒരു തവണ മൈസൂർ ചന്ദൻകുമാറിന്റെ പുല്ലാങ്കുഴൽ കച്ചേരി കേട്ടിട്ടുള്ളവർക്ക് ഈ ചിത്രം കാണുമ്പോൾപോലും മാസ്മരികമായ ഒരു നാദപ്രപഞ്ചത്തിന്റെ പ്രതീതി അനുഭവിക്കാൻ കഴിയും. അത്ര മികച്ച അനുഭൂതിയാണ് ഇദ്ദേഹത്തിന്റെ ഓരോ കച്ചേരിയും. പത്തു മിനിറ്റ് കേട്ടിട്ടു പോകാമെന്നു കരുതി ഹാളിൽ കയറുന്നവർ സ്വയം മറന്നു മൂന്നുമണിക്കൂർ ഇരുന്നുപോകുന്ന മായാജാലം.

40 വയസ്സുപോലും തികയാത്ത ഈ പുല്ലാങ്കുഴൽ വാദകൻ പങ്കെടുക്കണമെന്നു രാജ്യത്തെ സംഗീതോൽസവങ്ങളുടെ സംഘാടകർ നിർബന്ധം പിടിക്കുന്നതിന്റെ രഹസ്യം മറ്റൊന്നല്ല. കൂട്ടത്തിൽ‍നിന്നു വേറിട്ടുനിർത്തുന്ന ആടയാഭരണങ്ങളില്ല.. പ്രശസ്തി ഏറിയിട്ടും വിനയം കൈമോശം വരാത്ത പെരുമാറ്റവും ചന്ദൻ കുമാറിന്റെ മാറ്റു കൂട്ടുന്നു.
ദക്ഷിണേന്ത്യയുടെ വയലിൻ പ്രതിഭ ചൗഡയ്യയുടെ കൊച്ചുമകനാണ് മൈസൂർ ചന്ദൻ കുമാർ. ‘വയലിൻ കുടുംബത്തിൽനിന്ന് എങ്ങനെയാണ് ഓടക്കുഴലിൽ എത്തിയതെന്നു പലരും ചോദിക്കാറുണ്ട്.

എന്തോ, എനിക്കു ചെറുപ്പം മുതൽ സുഷിരവാദ്യത്തോടായിരുന്നു കമ്പം.’ എം.ഗോപാലകൃഷ്ണൻ, പി.എസ്.നാരായണസ്വാമി എന്നിവരുടെ കീഴിലുള്ള സംഗീത പഠനത്തോടൊപ്പം ഔദ്യോഗിക വിദ്യാഭ്യാസത്തിനും ചന്ദൻ ശ്രദ്ധവച്ചു. മൈസൂർ സർവകലാശാലയിൽ എംകോം പഠിക്കുന്ന കാലത്തും കച്ചേരികളിൽ സജീവമായിരുന്നു. 2001 മുതൽ വിദേശരാജ്യങ്ങളിലും കച്ചേരി അവതരിപ്പിച്ചു തുടങ്ങി. ഇതുവരെ 15 വിദേശ രാജ്യങ്ങളിലായി നൂറിലേറെ വേദികൾ.

ലോകസംഗീതത്തിൽ ചന്ദൻ കുമാർ പ്രതിഭയുടെ കയ്യൊപ്പിട്ടത് 2007 ഏപ്രിലിലാണ്. ലണ്ടനിലെ പ്രശസ്തമായ സൗത്ത് ഏഷ്യൻ ആർട്സ് ഫെസ്റ്റിവലിൽ മൂന്നുമണിക്കൂർ നീണ്ട പുല്ലാങ്കുഴൽ കച്ചേരി. കർണാടക സംഗീത വിഭാഗത്തിൽനിന്ന് ഈ സംഗീതോൽസവത്തിലേക്കു ക്ഷണിക്കപ്പെട്ട ആദ്യ ഉപകരണ സംഗീതജ്ഞൻ!

ഓടക്കുഴലിന്റെ അനന്ത സാധ്യതകളിലേക്കു ലണ്ടനിലെ സംഗീതപ്രേമികളെ നയിച്ച ചന്ദൻ കുമാർ ഒരു നേട്ടം കൂടി സ്വന്തമാക്കി. ആ സംഗീതോൽസവത്തിൽനിന്നു പ്രക്ഷേപണം ചെയ്യാൻ ബിബിസി തിരഞ്ഞെടുത്ത മൂന്നു കച്ചേരികളിൽ ഒന്നാകാനുള്ള ഭാഗ്യം കൂടി! ലോകമാകെ ചുറ്റിസഞ്ചരിക്കുമ്പോഴും ചന്ദൻ‌ കുമാറിനു വളരെ പ്രിയപ്പെട്ട ഒരു ദേശമുണ്ട് – കേരളം. ‘എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ കച്ചേരി നടത്തിയിട്ടുള്ള സ്ഥലം കേരളമാണ്. 1999ൽ കോഴിക്കോട് സ്വാതി സംഗീതോൽസവമായിരുന്നു കേരളത്തിലെ ആദ്യ അരങ്ങ്. പിന്നീടു തുടർച്ചയായി ക്ഷണം ലഭിച്ചു. ഇപ്പോൾ ഞാൻ കച്ചേരി നടത്താത്ത സംഗീതോൽസവങ്ങളോ പ്രധാന ക്ഷേത്രങ്ങളോ കേരളത്തിൽ ഇല്ല. എനിക്ക് ഇപ്പോൾ മലയാളം നന്നായി മനസ്സിലാവും. കുറശേ പറയാനും അറിയാം.’

എന്താണു രാജ്യത്തെ മറ്റു പ്രദേശങ്ങളിൽനിന്നു കേരളത്തിനുള്ള പ്രത്യേകത? ‘ഇന്ത്യയിലെ മറ്റു പ്രദേശങ്ങളേക്കാൾ ക്ലാസിക് കലകൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതു മലയാളികളാണ്. എല്ലാ ക്ഷേത്രോൽസവത്തിലും ഏതെങ്കിലും ക്ലാസിക് കല നിർബന്ധമായും അവതരിപ്പിക്കപ്പെടുന്ന നമ്മുടെ രാജ്യത്തെ ഏക പ്രദേശമാണ് കേരളം. മാത്രമല്ല, രാത്രി എട്ടിനും ഒൻപതിനുമൊക്കെയാണ് പരിപാടി ആരംഭിക്കുന്നതുതന്നെ. പരിപാടി തീരുമ്പോൾ അർധരാത്രിയാവും. ഇത്ര വൈകി കഥകളിയോ സംഗീതക്കച്ചേരിയോ ആസ്വദിക്കുന്ന ഒരു ജനതയും നമ്മുടെ രാജ്യത്തു വേറെ കണ്ടിട്ടില്ല.’
പയ്യന്നൂർ തുരീയം സംഗീതോൽസവത്തിലെ പതിവു സാന്നിധ്യമാണ് മൈസൂർ ചന്ദൻ കുമാർ.

‘ആറുവർഷം മുൻപാണ് ഞാൻ ആദ്യമായി തുരീയത്തിന് എത്തുന്നത്. ഇവിടെ പാടാൻ കഴിയുന്നതു വലിയ ഭാഗ്യമാണ്. ഏറ്റവും ശാന്തമായ സദസ്സ്. കച്ചേരിക്കിടെ ആരും എഴുന്നേറ്റു പോകില്ല. പരിപാടിക്കു മുൻപോ ശേഷമോ ആരും നമ്മളെ ശല്യപ്പെടുത്തില്ല. ഒരു കലാകാരനു തന്റെ ആത്മാവിഷ്കാരം അതിന്റെ പരമാവധിയിൽ പുറത്തെടുക്കാൻ പറ്റുന്ന സാഹചര്യം സ്വാമി കൃഷ്ണാനന്ദ ഭാരതി ഒരുക്കിത്തരുന്നു. ഒരു കോർപറേറ്റ് സ്ഥാപനത്തിന്റെയും പിന്തുണ ഇല്ലാതെ 41 ദിവസം തുടർച്ചയായി സംഗീതക്കച്ചേരി, അതും ഇന്ത്യയിലെ ഒന്നാംനിര കലാകാരന്മാരെ വച്ച്... അദ്ഭുതം തന്നെ.’ അദ്ദേഹം ചൂണ്ടിക്കാട്ടി.

പയ്യന്നൂർ തുരീയം സംഗീതോൽസവത്തിൽ മൈസൂർ ചന്ദൻകുമാർ പുല്ലാങ്കുഴൽ കച്ചേരി അവതരിപ്പിക്കുന്നു.

കലാകാരന്മാർക്ക് ഏറ്റവും പെട്ടെന്നു പ്രശസ്തി കിട്ടുന്ന മാധ്യമമാണ് സിനിമ. എന്തുകൊണ്ടു സിനിമയിൽനിന്ന് പൂർണമായി അകന്നു നിൽക്കുന്നു?.

‘അത് എനിക്കു ശരിയാവില്ല. സിനിമാഗാനങ്ങളുടെ പിന്നണിയിലേക്ക് പലപ്പോഴും ക്ഷണം ലഭിക്കാറുണ്ട്. ക്ലാസിക്കൽ സംഗീതവും അതും തമ്മിൽ ചേരില്ല. എന്റെ മേഖല ഇതാണ്.’
കച്ചേരിയുടെ ഒടുവിൽ ഒന്നോ രണ്ടോ സിനിമാഗാനങ്ങൾ വായിക്കുന്ന സമ്പ്രദായം ചിലർക്കുണ്ടല്ലോ. ‘അങ്ങനെ ചെയ്യുന്നവരുണ്ട്. എല്ലാ വിഭാഗം ആസ്വാദകരെയും പെട്ടെന്നു രസിപ്പിക്കാൻ അതിനു കഴിയും. പക്ഷേ, ഞാനതു ചെയ്യാറില്ല. പകരം ‘അലൈപായുതേ...’യും ‘നഗുമോ..’.യും വായിക്കും. ഇവ സിനിമാഗങ്ങൾപോലെ ജനങ്ങൾ ആസ്വദിക്കുന്ന കീർത്തനങ്ങളാണ്. ജനങ്ങൾ ഇന്ന് അതു നന്നായി ആസ്വദിക്കുന്നതു നിങ്ങളും കണ്ടില്ലേ?’

സിനിമാഗാനങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും അവയുടെ വലിയ ആസ്വാദകനാണ് മൈസൂർ ചന്ദൻ കുമാർ. ബാബുരാജിന്റെ ‘കണ്ണു തുറക്കാത്ത ദൈവങ്ങളേ...’, ജോൺസന്റെ ‘ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം...’ രവീന്ദ്രന്റെ ‘പ്രമദവനം വീണ്ടും ഋതുരാഗം ചൂടി...’ അങ്ങനെ ഒരുപാടു നല്ല മലയാളം ഗാനങ്ങൾ യാത്രകളിൽ കേൾക്കാനായി മൊബൈലിൽ കരുതിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ കേൾക്കുന്ന മലയാളഗാനം ഏതെന്ന ചോദ്യത്തിന് ഉത്തരം ഇതായിരുന്നു. ‘ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ....’ (പി. ഭാസ്കരന്റെ രചനയിൽ ബാബുരാജിന്റെ സംഗീതം) കണ്ണുംപൂട്ടി ഈ പാട്ട് കേട്ടാൽ ഏതു കഠിനഹൃദയനും മയങ്ങിപ്പോകുമെന്നു ചന്ദൻ കുമാർ പറയുന്നു. തന്റെ ഓടക്കുഴൽവിളിയിലൂടെ ആസ്വാദകരെ അനുഭൂതിയുടെ ഓളങ്ങളിലൊഴുക്കുന്ന ചന്ദൻ കുമാർ സ്വയം അലിയുന്ന യമുന!