നക്സൽ ഡോൺ!

വര: മുരുകേശ് തുളസീറാം

നക്‌സലൈറ്റ് നേതാവ് ഒടുവിൽ മാഫിയ തലവൻ! രക്‌തം ചീന്തിത്തെറിക്കുന്ന തെലുങ്കു സിനിമ പോലെയായിരുന്നു നയിമിന്റെ ജീവിതം. കെ.എസ്. വ്യാസ് എന്ന ഐപിഎസ് ഉദ്യോഗസ്‌ഥനെ വധിച്ച ഈ നക്‌സൽ നേതാവിനെ 23 വർഷത്തിനുശേഷം പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. നക്‌സൽ നേതാവിൽ നിന്നു ക്രൂരനായ മാഫിയാ തലവനായി പരിണമിച്ച മുഹമ്മദ് നയിമുദിന്റേത് വിഭ്രമിപ്പിക്കുന്ന കഥ...

1993 ജനുവരി 27.

പ്രഭാതനടത്തത്തിലായിരുന്നു ഐജി കെ.എസ്.വ്യാസ്. ആന്ധ്രയിലെ നക്‌സൽ വിരുദ്ധ പോരാട്ടത്തിനു ചുക്കാൻപിടിക്കുന്ന കരുത്തൻ. ഹൈദരാബാദ് നഗരത്തിലെ ലാൽ ബഹാദുർ സ്‌റ്റേഡിയത്തിലെ നടത്തത്തിനുശേഷം അദ്ദേഹം വിശ്രമിക്കാനിരുന്നു.

പൊലീസിലെ മിടുക്കൻമാരായ കമാൻഡോകളെ ഉൾപ്പെടുത്തി ഗ്രേ ഹൗണ്ട്‌സ് എന്ന നക്‌സൽ വിരുദ്ധ സേനയ്ക്ക് 1986ൽ രൂപം നൽകിയതിനാൽ നക്‌സലുകളുടെ ഹിറ്റ് ലിസ്‌റ്റിൽ ഒന്നാമനായിരുന്നു ഈ 1974 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥൻ. അൽപം പിറകിലായി നടന്നുവരികയായിരുന്ന ഭാര്യയ്‌ക്കൊപ്പമായിരുന്നു സുരക്ഷാഭടൻ. പെട്ടെന്നു വ്യാസ് വെടിയേറ്റു വീണു. ഭാര്യയും സുരക്ഷാഭടനും ചേർന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.ബാലണ്ണ എന്ന മുഹമ്മദ് നയിമുദീൻ ആയിരുന്നു പൊലീസിന്റെ നട്ടെല്ലുതകർത്ത വധം നടത്തിയ നേതാവ്.

ഒരു മാസം കഴിയും മുമ്പ്, ഫെബ്രുവരി 12ന് നയിമുദീൻ പൊലീസ് പിടിയിലായി. അന്ന് 19 വയസ്സുമാത്രമായിരുന്നു നയിമിന്. തെളിവുകളുടെ അഭാവത്തിലോ മറ്റെന്തോ കാരണങ്ങളാലോ 2000 മേയിൽ നയിം പുറത്തിറങ്ങി.

മുഹമ്മദ് നയിമുദീൻ, കെ.എസ്. വ്യാസ്

1990. അക്കാലത്ത് ആന്ധ്രയെ വിറപ്പിച്ചിരുന്നത് പീപ്പിൾസ് വാർ ഗ്രൂപ്പ് ആയിരുന്നു. അവരുടെ വിദ്യാർഥി വിഭാഗമായ റാഡിക്കൽ സ്‌റ്റുഡന്റ്‌സ് യൂണിയൻ നേതാവായിരുന്നു കോളജ് വിദ്യാർഥിയായ നയിം. 2004ൽ മാവോയിസ്‌റ്റ് സംഘടനയിൽ ലയിക്കുന്നതുവരെ ആന്ധ്രയിൽ നിന്നുള്ള വാർത്തകളിൽ പീപ്പിൾസ് വാർ ഗ്രൂപ്പ് നിറഞ്ഞുനിൽക്കുകയായിരുന്നു.പൊലീസിനെ വിറപ്പിച്ച നയിം തൊണ്ണൂറുകളുടെ അവസാനമാകുമ്പോഴേക്കും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണത്രേ സംഘടനയിൽനിന്നു പുറത്തുപോയി.

ഇവിടെനിന്നാണു കഥ മാറിമറിയുന്നത്. മറ്റൊരു കേസിൽ പൊലീസ് പിടിയിലായ നയിമിനെ 2007ൽ കോടതിയിൽ ഹാജരാക്കി തിരിച്ചുകൊണ്ടുപോകവെ രക്ഷപ്പെട്ടു. മൂത്രമൊഴിക്കാൻ ഇടയ്‌ക്ക് ഇറങ്ങിയ നയിം പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞുവത്രേ. പിന്നെ അയാളെ ആരും കണ്ടിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്‌റ്റ് എട്ടിനു പൊലീസിന്റെ വെടിയേറ്റു വീഴും വരെ.

എന്നാൽ പിന്നീടുള്ള ഒരു പതിറ്റാണ്ട് നയിമിന്റെ ക്രൂരതയുടെ ഇരകളായത് സ്‌ത്രീകളും കുട്ടികളും അടക്കമുള്ള വലിയൊരു ജനവിഭാഗം. സ്വന്തമായി പല പേരുകളിൽ നയിം നക്‌സൽ ദളങ്ങളുണ്ടാക്കി. ഇവർ നടത്തിയ ഏറ്റുമുട്ടലുകളിൽ ആദ്യഘട്ടത്തിൽ ഇരകളായവർ പ്രമുഖ നക്‌സൽ നേതാക്കളായിരുന്നു. സാംബശിവഡു, സഹോദരൻ രാമുലു, ഗോവർധൻ എന്നിവരും പൗരാവകാശ പ്രവർത്തകൻ പുരുഷോത്തമും ഈ ലിസ്‌റ്റിൽ ഉൾപ്പെട്ടു. പലതും വ്യാജ ഏറ്റുമുട്ടലുകളായിരുന്നു. നയിമിന്റെ അൻപതോളം പേരടങ്ങുന്ന സ്വകാര്യസേനയെ പൗരാവകാശ പ്രവർത്തകർ ഭയപ്പെട്ടു.

സർക്കാരിലെയും പൊലീസിലെയും ചിലരുടെ പിന്തുണ കിട്ടിയതോടെ ചിറകുവിരിച്ചാലെന്തെന്നു നയിമിന്റെ ഉള്ളിലെ അക്രമിക്കു തോന്നിയതാണ് രണ്ടാം ഘട്ടം. വൻ ഭൂമി ഇടപാടുകളിലെ തർക്കങ്ങളിൽ ഇടപെട്ടുകൊണ്ടായിരുന്നു തുടക്കം. വാടകക്കൊലയാളികളെ നൽകുക, വ്യാജ ഏറ്റുമുട്ടലുകൾ സംഘടിപ്പിക്കുക തുടങ്ങിയ ഇടപാടിലേക്ക് ഇതു വളർന്നു. അടുത്ത ഘട്ടമായി ഭൂമി പിടിച്ചെടുക്കലും സെക്‌സ് റാക്കറ്റുകൾക്കു വേണ്ടി പെൺകുട്ടികളെ കടത്തലും പോലുള്ള ക്രൂരമായ സാമൂഹികവിരുദ്ധ പരിപാടികളിലേക്കു കടന്നു. നൂറോളം ഭൂമി പിടിച്ചെടുക്കൽ കേസുകളും ഇരുപതോളം കൊലകളും ഇയാളുടെ പേരിലുണ്ടായി. നക്‌സൽ നേതാവ് എന്ന വീരപരിവേഷം നിലനിർത്തിക്കൊണ്ട് നാടു വിറപ്പിക്കുന്ന മാഫിയാ തലവനായി രൂപംമാറുകയായിരുന്നു നയിം.

ഏതെങ്കിലും സ്വത്ത് തട്ടിയെടുക്കാൻ തീരുമാനിച്ചാൽ ഉടമയെ തന്റെ സങ്കേതത്തിലേക്കു വിളിച്ചുവരുത്തും. കുറച്ചു നേരം ഒന്നും സംസാരിക്കാതെ അയാളെ നോക്കിയിരിക്കും. അൽപം കഴിയുമ്പോൾ എ.കെ. 47 തോക്കുമായി ഒരു പെൺകുട്ടി ഭൂഉടമയുടെ അടുത്തുവന്നു നിൽക്കും. തുടർന്ന് ഭൂമിയുടെ രേഖകളിൽ ഒപ്പിട്ടില്ലെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്ന കാര്യം തന്റെ മൊബൈൽ ഫോണിൽ കാണിച്ചുകൊടുക്കും. ജനക്കൂട്ടം ആളെ തല്ലിക്കൊല്ലുന്നതിന്റെ ഭീകരദൃശ്യങ്ങൾ. ഭയപ്പെടുന്ന ഭൂ ഉടമ നയിം നൽകുന്ന രേഖകളിൽ ഒപ്പിട്ടുകൊടുക്കുന്നതാണ് ആ ദൃശ്യങ്ങൾ. ലിബിയയിൽ കേണൽ ഗദ്ദാഫിയെ ആൾക്കൂട്ടം തല്ലിക്കൊന്നതിന്റെ ദൃശ്യങ്ങളാണ് പലപ്പോഴും ഇതിനായി ഉപയോഗിച്ചിരുന്നത്.

ഫർഹാന എന്ന പെൺകുട്ടിയായിരുന്നു നയിമിന്റെ ബോഡിഗാർഡ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അറസ്‌റ്റിലായ ഫർഹാന പൊലീസിനോടു പറഞ്ഞത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നതും ഇംഗിതത്തിനു വഴങ്ങാത്തവരെ കൊലപ്പെടുത്തുന്നതും ഇയാൾക്കു ഹോബിപോലെയായിരുന്നു. എതിർത്ത ഘട്ടത്തിൽ തന്നെയും ഭീഷണിപ്പെടുത്തി.

പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ കണ്ടെത്തി അവരെ മുംബൈയിലെയും വിദേശത്തെയും സംഘങ്ങൾക്കു കൈമാറിയും ധാരാളം പണം സമ്പാദിച്ചിരുന്നു. 2006ൽ കീഴടങ്ങിയ മറ്റൊരു നക്‌സൽ നേതാവ് ടെക് മധുവും ഇതിന് ഇടനിലനിന്നു. ആയുധ നിർമാണ വിദഗ്‌ധൻ ആയ ടെക് മധു ആണ് ആയുധങ്ങൾ നൽകിയിരുന്നത്. മിഡ് വൈഫ് ആയിരുന്ന ഭാര്യാമാതാവ് സുൽത്താനയും ചെറിയ പെൺകുട്ടികളെ ഇയാൾക്കു നൽകിയിരുന്നു.

ആയിരം കോടി രൂപയുടെ സ്വത്തും മറ്റു സൗകര്യങ്ങളും ആയതോടെ രാഷ്‌ട്രീയത്തിലിറങ്ങിയാലോ എന്നായി അടുത്ത ചിന്ത. നൽഗൊണ്ട ജില്ലയിലെ ഭോൻഗിറിൽനിന്നു നിയമസഭയിലേക്കു മത്സരിക്കാനായിരുന്നു ആഗ്രഹം. വില്ലൻ ഇമേജ് അതിനു തടസ്സമാണെന്നു കണ്ടപ്പോൾ പ്രതിച്ഛായ നന്നാക്കാനും ശ്രമം തുടങ്ങി. ഒരു തെലുങ്കു ചാനൽ വാങ്ങാൻ പദ്ധതിയിട്ടു. ക്രിക്കറ്റു കളികൾ സംഘടിപ്പിച്ചും പാവപ്പെട്ടവർക്കു വീട്ടുപകരണങ്ങൾ ദാനം ചെയ്‌തും ഇമേജ് മാറ്റാൻ ശ്രമിച്ചു. എന്നാൽ മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികൾക്കു നയിമിനെ ഭയമായിരുന്നു. അതിനാൽ ഒപ്പം കൂട്ടാൻ എല്ലാവരും മടിച്ചു.

ദുബായിലേക്കോ മലേഷ്യയിലേക്കോ കടന്ന് ശിഷ്‌ടകാലം കഴിക്കാനായിരുന്നു അവസാനത്തെ തീരുമാനം. ഇതിനായി പ്ലാസ്‌റ്റിക് സർജറി നടത്തി രൂപമാറ്റം വരുത്തിയശേഷം പുതിയ പാസ്‌പോർട്ട് എടുത്തു.വിദേശത്തേക്കു കടക്കുംമുൻപ് നയിമിനായി വലകൾ മുറുകി.

2016 ഓഗസ്‌റ്റ് എട്ട്.

വർഷങ്ങളായി തങ്ങൾ തിരയുന്ന നയിം ഹൈദരാബാദിൽനിന്ന് അൻപതു കിലോമീറ്റർ അകലെ മെഹബൂബ് നഗർ ജില്ലയിലെ ഷാദ്‌നഗറിൽ ഉണ്ടെന്നു പൊലീസിനു വിവരം കിട്ടുന്നു. ഇയാൾ തങ്ങിയ കെട്ടിടം പുലർച്ചെ തന്നെ പൊലീസ് വളഞ്ഞു. പൊലീസിനെ കണ്ട നയിം എ.കെ.47 തോക്ക് ഉപയോഗിച്ച് വെടിവച്ചു. പൊലീസ് സംഘം തിരിച്ചു നടത്തിയ ആക്രമണത്തിൽ നയിം കൊല്ലപ്പെട്ടു. രക്‌തത്തിൽ കുളിച്ച് നയിം കിടന്നു. 23 വർഷത്തിനുശേഷം കെ.എസ്.വ്യാസിന്റെ ദാരുണാന്ത്യത്തിന്റെ കണക്കുതീർത്തതിൽ പൊലീസ് ആശ്വസിച്ചു.

എന്നാൽ പത്തുവർഷത്തോളം പൊലീസിനെയും സിബിഐയെയും വെട്ടിച്ച് ഇയാൾ എങ്ങനെ സ്വന്തം സാമ്രാജ്യമുണ്ടാക്കി? ഗുജറാത്തിൽ നടന്ന സൊഹ്‌റാബുദീൻ, ഭാര്യ കൗസർബി എന്നിവരുടെ വ്യാജ ഏറ്റുമുട്ടൽ കേസിൽ പങ്കുണ്ടായിരുന്നതിനാൽ ഇയാളെ സിബിഐയും തിരയുകയായിരുന്നു.

പൊലീസിന്റെ ഇൻഫോർമർ എന്ന നിലയിൽ ഒരുവിഭാഗം പൊലീസുകാരുടെ പിന്തുണ ഇയാൾക്കു കിട്ടിയിരുന്നു എന്നാണു പൗരാവകാശ സംഘടനകൾ ആരോപിക്കുന്നത്. പതിനൊന്നു തവണ നയിം കസ്‌റ്റഡിയിൽനിന്നു രക്ഷപ്പെട്ടത് ഇതിനു തെളിവാണെന്നും സംഘടനയുമായി തെറ്റിപ്പിരിയുന്ന നേതാക്കളെ ഉപയോഗിച്ചു മറ്റുള്ളവരെ പിടികൂടുന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ തന്ത്രങ്ങൾക്കു കൂട്ടുനിൽക്കുകയായിരുന്നു നയിം എന്നുമാണ് ഇവർ കരുതുന്നത്.

ഇക്കാര്യം പൂർണമായും തള്ളാതെയാണ് 1996 മുതൽ 2000 വരെ ആന്ധ്രയിൽ സംസ്‌ഥാന ഇന്റലിജൻസ് മേധാവിയായിരുന്ന ശ്രീറാം തിവാരിയുടെ വാക്കുകൾ. നയിം പൊലീസിനെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. നയിം രൂപംകൊടുത്ത ദളങ്ങൾ പല ഉന്നത നക്‌സൽ നേതാക്കളെയും വധിച്ചിട്ടുണ്ട്. ഇതുപക്ഷേ തീർത്തും പ്രഫഷനൽ സമീപനമായിരുന്നു എന്നാണു തിവാരി അവകാശപ്പെടുന്നത്. എല്ലാ ഇന്റലിജൻസ് ഏജൻസികളും ഇത്തരം പ്രവർത്തനരീതി അവലംബിക്കാറുണ്ട്. ഇതിനായി പലവട്ടം താൻ നയിമിനെ കണ്ടിട്ടുണ്ട്. നക്‌സൽ നേതാക്കളുടെ വിവരങ്ങൾ നയിം കൈമാറിയിട്ടുമുണ്ട്.

നയിം മെഹബൂബ് നഗറിൽ കൊല്ലപ്പെട്ടതിനു തൊട്ടുപിന്നാലെ ഹൈദരാബാദ് നഗരത്തിലെ ഇയാളുടെ വമ്പൻ മൂന്നുനില കെട്ടിടത്തിൽ പൊലീസെത്തി. മൂന്നുകോടിയോളം രൂപയും രണ്ടു കിലോ സ്വർണവും ആധുനിക ആയുധങ്ങളും കണ്ടെടുത്തു. കെട്ടിടത്തിൽ സ്‌ത്രീകളെയും പാർപ്പിച്ചിരുന്നു.

ഇരുന്നൂറോളം ഭൂമി വിൽപന പത്രങ്ങളാണ് കണ്ടെടുത്തത്. ആന്ധ്ര, മഹാരാഷ്‌ട്ര സംസ്‌ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുകയായിരുന്നു 45 വയസ്സിനുള്ളിൽ നയിം സൃഷ്‌ടിച്ച സാമ്രാജ്യം.