ക്ഷമയുടെ കയ്യൊപ്പ്

ഇമ്മാനുവൽ ഹെൻറി

ഏഴുവട്ടമല്ല എഴുപതുവട്ടം ക്ഷമിക്കുക എന്ന യേശുക്രിസ്തുവിന്റെ പഠിപ്പിക്കൽ ഇമ്മാനുവൽ ഹെൻറി അനുസരിച്ചു. ക്ഷമിച്ചത് 1177 വട്ടം. യേശുക്രിസ്തുവിന്റെ ക്ഷമയുടെ പാത പിന്തുടർന്നത് ഇമ്മാനുവൽ ഹെൻറി സ്വന്തം കൈപ്പടയിൽ എഴുതിത്തീർത്തത് ഒരു മലയാളം ബൈബിൾ മുഴുവൻ. അച്ചടിയെ വെല്ലുന്ന കൈപ്പടയുമായി ഉള്ളടക്കങ്ങൾ മുതൽ അനുബന്ധ സൂചിക വരെ 1177 പേജുകൾ. പോയിന്റ് അഞ്ച് അഗ്രമുള്ള റീഫിൽ പേനയാണ് എഴുത്തിനായി ഉപയോഗിച്ചത്. അഞ്ചുവർഷം കൊണ്ടാണ് കയ്യെഴുത്തുപ്രതി പൂർത്തിയായത്.

ഇമ്മാനുവൽ ഹെൻറി എഴുതിയ ബൈബിൾ പേജ്

വൈകിട്ട് ആറുമണി മുതൽ പതിനൊന്നു വരെയായിരുന്നു എഴുത്ത്. 110 വരികൾ വീതമുള്ള രണ്ടര പേജ് വരെ ഒരുദിവസം പകർത്തി എഴുതും. മുൻപ് മലയാളം പുതിയ നിയമം മാത്രം കൈപ്പടയിൽ എഴുതി പുസ്‌തക രൂപത്തിൽ ആക്കിയിരുന്നു. പിന്നീട് 1462 പേജുള്ള തമിഴ് ബൈബിളിന്റെ പകർപ്പ് തയാറാക്കി.

‘‘1995ൽ ആണ് ആദ്യമായി ബൈബിൾ മുഴുവൻ വായിച്ചുതീർത്തത്. അതിനുശേഷം പത്തുതവണ കൂടി മുഴുവൻ വായിച്ചു. എങ്കിലും ബൈബിൾ പകർത്തിയെഴുതുമ്പോൾ കൂടുതലായി ആ വാക്കുകളിലെ അർഥങ്ങൾ ഗ്രഹിക്കാൻ കഴിയും. ദീർഘമായ ക്ഷമ ശീലിക്കാനും ഇതുവഴി സാധിക്കും.’’ അദ്ദേഹം പറഞ്ഞു. മൂന്നുവർഷം മുൻപ് 348 പേർ ചേർന്നു ബൈബിൾ കൈപ്പടയിൽ പകർത്തി എഴുതി എന്ന പത്രവാർത്തയാണ് ഇമ്മാനുവലിനെ സ്വന്തമായി ഇതുചെയ്യാൻ പ്രേരിപ്പിച്ചത്.

പാളയം കത്തീഡ്രലിൽ സൂക്ഷിച്ചിരുന്ന ഈ ബൈബിൾ ഇമ്മാനുവൽ നേരിൽ കാണുകയും ചെയ്‌തു. അതു വലിയ അക്ഷരങ്ങളിലായിരുന്നു. നാഗർകോവിൽ സ്വദേശിയായ ഇമ്മാനുവൽ ഹെൻറി ബിഎസ്‌എൻഎൽ റിട്ട. എൻജിനീയറാണ്. ദൂരദർശൻ കേന്ദ്രത്തിലെ എൻജിനീയർ കമലയാണു ഭാര്യ. ഷേർളിയും നഥാനിയേലും മക്കളാണ്.