വരച്ചുവളർന്നു ചാത്തായ്‌യുടെ മകൻ

പുഷ്പാകരൻ കടപ്പാത്തും പിതാവ് ചാത്തായ്‍‌യും. ചിത്രം: ഉണ്ണി കോട്ടയ്ക്കൽ

ന്യൂയോർക്കിലെ പ്രശസ്തമായ പൊള്ളോക്ക് ക്രാസ്നെർ സ്കോളർഷിപ്പ് നേടിയ നാലാമത്തെ മലയാളിയാണ് പുഷ്പാകരൻ കടപ്പാത്ത്. ഭാവി വാഗ്ദാനമായ യുവാക്കൾക്കുള്ള എട്ടര ലക്ഷംരൂപയുടെ ഈ പഠനസഹായം ഇന്ത്യയിൽ ഇതു നേടിയിട്ടുള്ള പത്തോ ഇരുപതോ പേരിൽ ഒരാൾ. വീടു ചോർന്നൊലിക്കുമ്പോഴും ജപ്തി ഭീഷണി നേരിടുമ്പോഴും സഹകരണ സംഘത്തിലെ കടം പെരുകുമ്പോഴും ചിത്രം വരയ്ക്കാനായി ആ തുക മാറ്റിവച്ചിരിക്കുകയാണ് കടപ്പാത്ത് ചാത്തായ്‌യുടെ ഈ മകൻ....

ചാത്തായ് തെങ്ങുകയറ്റക്കാരനാണ്. രണ്ടു പശുവിനെ വളർത്തി പാലും വിൽക്കുന്നുണ്ട്. തൃശൂരിനടുത്തു മുണ്ടൂർ എഴുത്തച്ഛൻ കുന്ന് കോളനിയിലെ മേൽക്കൂര മുഴുവൻ വിണ്ടു ചോർന്നൊലിക്കുന്ന വീട്ടിലിരുന്നു കടപ്പാത്ത് ചാത്തായ് ചോദിച്ചു, ‘‘അവൻ രക്ഷപ്പെടുമായിരിക്കും അല്ലേ? നന്നായി വരയ്ക്കുംന്നാ തോന്നുന്നത്. സത്യത്തിൽ അവനെക്കാൾ നന്നായി അനുജൻ വരയ്ക്കുമായിരുന്നു. അവനെ അതു പഠിപ്പിക്കാൻ പറ്റിയില്ല. സുഖല്യാണ്ടെ എട്ടുമാസം മുൻപു മരിക്കുകയും ചെയ്തു.’’ മകനെ നേരത്തേ കൊണ്ടുപോയ മരണത്തിനോടുപോലും ചാത്തായ്ക്കു പരിഭവമില്ല.‘‘സത്യത്തിൽ ജീവിതം നല്ല കഷ്ടപ്പാടിലാണ്. ഇവൻ നല്ലനിലയിൽ എത്തിയാൽ കുടുംബം രക്ഷപ്പെടും. ഇളയവൻ ചുമട്ടുതൊഴിലാളിയായിരുന്നു. അവന്റെ വരുമാനമായിരുന്നു ഇതുവരെ തുണ. അവനാണ് അസുഖം വന്നു പോയത്. ഇവൻ വരയ്ക്കുന്നതൊന്നും എനിക്കു മനസ്സിലാകില്ല. പക്ഷേ, അമ്മാമയെ സൂപ്പറായി വരച്ചിട്ടുണ്ട്. അകത്തുണ്ട്.’’ ചാത്തായ് മകനെക്കുറിച്ചു അറിയുന്നതെല്ലാം പറഞ്ഞു കൊണ്ടിരുന്നു.

തെങ്ങുകയറിയും ചാണകം വാരിയും പാലുവിറ്റും കൂട്ടിവച്ച തുട്ടുകൾകൊണ്ടു ചാത്തായ് മകനെ ചിത്രകല പഠിപ്പിക്കാനാണു വിട്ടത്. മകൻ പുഷ്പാകരൻ കടപ്പാത്ത് വരച്ചുവരച്ചു ന്യൂയോർക്കിലെ പൊള്ളോക്ക് ക്രാസ്നെർ സ്കോളർഷിപ്പുവരെ നേടി. ഭാവി വാഗ്ദാനമായ യുവാക്കൾക്കുള്ള എട്ടര ലക്ഷംരൂപയുടെ പഠന സഹായമാണിത്. ഇന്ത്യയിൽ ഇതു നേടിയിട്ടുള്ള പത്തോ ഇരുപതോ പേരിൽ ഒരാൾ. നാലാമത്തെ മലയാളി. വെള്ളം മുകളിൽനിന്ന് ഇറ്റുവീഴുന്നതിനൊപ്പിച്ച് കസേര നീക്കി നീക്കിയിട്ടു പുഷ്പാകരൻ സംസാരിച്ചു.

കുട്ടിക്കാലത്തുതന്നെ ഈ പരിസരത്തെ മതിലുകളിലും വീടിന്റെ ചുമരിലും ഞാൻ കരികൊണ്ടു വരയ്ക്കുമായിരുന്നു. സ്വന്തമായി ഞാൻ കളിപ്പാട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കെ.പി.നമ്പൂതിരി പൽപ്പൊടിയുടെ ടിന്നുകൊണ്ടുണ്ടാക്കിയ വണ്ടി വൻ ഹിറ്റായിരുന്നു. ഞാനുണ്ടാക്കുന്ന പമ്പരങ്ങൾക്കുവേണ്ടി കൂട്ടുകാർ കാത്തിരിക്കാറുണ്ട്. അച്ഛമ്മ നന്നായി കഥ പറയും. കഥകളുടെ അദ്ഭുതലോകവും എന്നെ ചിത്രങ്ങളിലേക്കു കൊണ്ടുപോയി. എന്റെയൊരു ചിത്ര പ്രദർശനത്തിന് ‘ആൻ അൺടോൾഡ് സ്റ്റോറി ബൈ ഗ്രാൻഡ്മ’ എന്നു പേരിട്ടിരുന്നു. അച്ഛമ്മയ്ക്കുള്ള സമർപ്പണമായിരുന്നു അത്. എവിടെ പോകുമ്പോഴും അച്ഛൻ പറയും, പേടിക്കേണ്ടടാ അച്ഛമ്മ കൂടെയുണ്ട് എന്ന്. അതു സത്യമാണ്. വരയ്ക്കുമ്പോൾ പോലും കൂടെ നിൽക്കുന്നതായി തോന്നാറുണ്ട്.

വരയ്ക്കാൻ മോഹിച്ചിട്ടും...

സ്കൂളിൽ പഠിക്കുന്ന കാലത്തു കളർ പെൻസിൽ വാങ്ങിത്തരാൻ അച്ഛനു കഴിയുമായിരുന്നില്ല. ചിത്രകലാ അധ്യാപകനായിരുന്ന വേലൂർ ജോൺസൻ മാഷാണ് അച്ഛനോട് ഇവനെ വര പഠിപ്പിക്കാൻ വിടണമെന്നു പറഞ്ഞത്. ആ വഴി നന്നാകുമെന്നു മാഷ് പറഞ്ഞത് അച്ഛൻ വിശ്വസിച്ചു. കാലടി സംസ്കൃത സർവകലാശാലയിൽ ചിത്രകല പഠിക്കാൻ ചേർന്നപ്പോഴാണ് പട്ടിണി എന്താണെന്നു മനസ്സിലായത്. വീട്ടിൽനിന്ന് ഒന്നും കിട്ടില്ല. കല്യാണ വീടുകൾ അലങ്കരിക്കാനും വീടു പെയ്ന്റ് ചെയ്യാനും അടക്കം എല്ലാ പണിക്കും പോയാണു പഠിച്ചത്.

അടുത്തൊരു വലിയ കല്യാണ മണ്ഡപമുണ്ട്. കല്യാണമുള്ള ദിവസം അവിടെ പോയി ആരുമറിയാതെ ഊണുകഴിക്കും. സെക്യൂരിറ്റിക്കാർക്കു കുറെ കഴിഞ്ഞപ്പോൾ ഞങ്ങളെ പിടികിട്ടി. പക്ഷേ, പഠിക്കുന്ന കുട്ടികളാണെന്ന് അറിഞ്ഞതോടെ അവിടെ വിളമ്പൽ പോലുള്ള ജോലി ചെയ്തു ഭക്ഷണം കഴിച്ചുകൊള്ളാൻ പറഞ്ഞു. സർവകലാശാല വളപ്പിൽ ധാരാളം പപ്പായ മരമുണ്ട്. അതു പറിച്ചു പഴുപ്പിച്ച് എത്രയോ നാൾ വിശപ്പടക്കിയിട്ടുണ്ട്. കാലടിയിൽ പഠിക്കുന്ന കാലത്തു ഞാൻ റോഡരികിൽ ഇരുന്നു പോർട്റെയ്റ്റ് വരച്ചു കൊടുത്തിട്ടുണ്ട്. 10 രൂപയായിരുന്നു പ്രതിഫലം. ചിലർ അഞ്ചു രൂപയേ തരൂ. എന്നാൽ നാട്ടുകാരിൽ ചിലർ അതു തടഞ്ഞു. കോളജിൽ പഠിക്കുന്ന കുട്ടികൾ ഇങ്ങനെ അലയരുതെന്നായിരുന്നു അവരുടെ ന്യായം.

കാലടിയിൽനിന്ന് ഒന്നാം റാങ്ക് കിട്ടിയതോടെ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ എംഎഫ്എയ്ക്കു ചേർന്നു. അവിടെ എത്തിയതോടെ പുറംപണി കിട്ടാതായി. പട്ടിണി രൂക്ഷമായി. രണ്ടു നല്ല ബ്രഷോ ഒരുപെട്ടി ചായമോ കിട്ടാൻ മോഹിച്ചിട്ടുണ്ട്. കിട്ടിയ ചായങ്ങൾ അരിഷ്ടിച്ച് ഉപയോഗിച്ചു. അന്നും കൂടെയുള്ളവർ പലതും തന്നു. ഹോസ്റ്റലിൽ മുൻപു താമസിച്ചിരുന്നൊരു കുട്ടി കൊച്ചിയിൽ ടൂറിസ്റ്റ് ടാക്സി ഡ്രൈവറായിരുന്നു. അവൻ ഇടയ്ക്കു ഹോസ്റ്റലിൽ വന്നു താമസിക്കും. മുറിയിൽ ചിത്രം വരച്ചുവയ്ക്കുന്നത് അവൻ കണ്ടിരുന്നു. ഒരു ദിവസം അവൻ ബ്രിട്ടനിൽനിന്നുള്ള രണ്ടുപേരെ മുറിയിലേക്കു കൊണ്ടുവന്നു. അതിലൊരാൾ ഡഫൻ ഡംബ്രാൻ എന്നു പേരുള്ള ലണ്ടൻകാരൻ മനഃശാസ്ത്രജ്ഞനായിരുന്നു. എന്റെ ഒരു ചിത്രം അവർ വാങ്ങുവാൻ തീരുമാനിച്ചു. 5000 രൂപ പറയണമെന്നായിരുന്നു വിചാരിച്ചത്. കൂട്ടുകാരൻ പറഞ്ഞു 10,000 രൂപ പറയാൻ. പക്ഷേ, അതിനു മുൻപു തന്നെ ഡഫൻ പറഞ്ഞു, ‘എനിക്കു 12,000 രൂപയേ തരാൻ പറ്റൂ’ എന്ന്. പിന്നീട് എനിക്ക് അദ്ദേഹം എഴുതി അവരുടെ വീട്ടിൽ പ്രധാനപ്പെട്ട ഒരു സ്ഥലത്തു ചിത്രം വച്ചിട്ടുണ്ടെന്ന്.

സായിപ്പു തന്ന 12,000 രൂപകൊണ്ടു രണ്ടുവർഷം ജീവിച്ചു. പകുതി പൈസയ്ക്കും പെയ്ന്റും ബ്രഷും കടലാസും വാങ്ങി. വരയ്ക്കാൻ മോഹിച്ചിട്ടും കടലാസും നിറവും ഇല്ലാതെ ഞാൻ വല്ലാത്ത പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. പട്ടിണി സഹിക്കാം, ഈ പിരിമുറുക്കം സഹിക്കാനാകില്ല. പിന്നീടു കൊച്ചിയിൽ ഗാർഡൻ ഡിസൈനിങ് പോലുള്ള ചില പണികളും ചെയ്തു നോക്കി.

രേഖാചിത്രങ്ങളുടെ ലോകം

കൊൽക്കൊത്ത ശാന്തിനികേതനിൽ പഠിക്കണമെന്നതു സ്വപ്നമായിരുന്നു. ഇംഗ്ലിഷ് അറിയാത്തതുകൊണ്ടു സീറ്റ് കിട്ടിയില്ല. പക്ഷേ, അവിടെ വന്ന ഏറ്റവും നല്ല ആർട്‌വർക്കിൽ ഒന്ന് എന്റേതായിരുന്നുവെന്ന് അവർ പറഞ്ഞു. ഒരുവർഷം ഞാൻ ശാന്തിനികേതൻ പരിസരത്തു കൂട്ടുകാരുടെ കൂടെ താമസിച്ചു. അവർക്കു ബാധ്യത കൂടിയപ്പോൾ തിരിച്ചുപോന്നു. പക്ഷേ, എന്റെ ചിത്രകല രേഖാചിത്രങ്ങളുടെ ലോകമാണെന്നു ബോധ്യമായത് അവിടെവച്ചാണ്.

തിരിച്ചെത്തി തിരുവനന്തപുരം ഗാലറിയിൽ ഒരുവർഷം ചിത്രങ്ങൾ കേടുതീർക്കുന്ന ജോലി ചെയ്തു. തിരുവനന്തപുരത്തെ ആർ.ശിവകുമാർ സാർ, പ്രശസ്ത ചിത്രകാരനായ സി.ഡി.ജെയ്ൻ, ഷിനോജ്, ജോൺ ഡേവി, ആർട് സ്പെയ്സ് ഗാലറി ഉടമ റോയ് തോമസ് കാട്ടൂക്കാരൻ... അങ്ങനെ പലരും സഹായിച്ചിട്ടുണ്ട്. പലരുടെയും സഹായം കൊണ്ടാണു ജീവിച്ച് ഇവിടെവരെ എത്തിയത്. ജെയ്ൻ സാർ എന്നെ രണ്ടുവർഷം മുംബൈയിൽ കൊണ്ടുപോയി താമസിപ്പിച്ചു. പക്ഷേ, മലേറിയ പിടിച്ചു തിരിച്ചുപോരേണ്ടി വന്നു.

പൊള്ളോക്ക് ക്രാസ്നെർ സ്കോളർഷിപ്പായി കിട്ടിയതിൽ ആറു ലക്ഷം രൂപ സ്ഥിരനിക്ഷേപമായി ബാങ്കിലിട്ടിട്ടുണ്ട്. ഫൗണ്ടേഷൻ നിയമപ്രകാരം ചിത്രകലയ്ക്കുവേണ്ടി മാത്രമേ ഈ പണം ഉപയോഗിക്കാവൂ. നാം വേറെ ചെലവാക്കിയാലും അവർ അറിയണമെന്നില്ല. പക്ഷേ, സത്യം വിട്ടു പോകാൻ പാടില്ല. ആ പണം കിട്ടിയില്ലായിരുന്നുവെങ്കിൽ ഞാൻ തകർന്നു പോയേനെ. അതിന്റെ പലിശകൊണ്ടാണ് പെയ്ന്റും കടലാസും വാങ്ങുന്നത്. ചൈനയിൽനിന്നു വരുത്തുന്ന കടലാസ് ചെന്നൈയിൽ പോയി വാങ്ങണം. നല്ല വിലയാണ്. നല്ല ഇന്ത്യൻ ഇങ്കും ഇന്ത്യയിൽ കിട്ടാനില്ല.

25 വർഷം മുൻപുണ്ടാക്കിയ വീടാണ്. രണ്ടുമുറികളും ചോർന്നു തുടങ്ങി. ഇടിച്ചുനിരത്തി വേറെ വീടു പണിയാൻ തൽക്കാലം കെൽപില്ല. പട്ടികജാതിക്കാർക്കുള്ള സഹായത്തിൽ വീടു കിട്ടുമെന്നു കരുതി കുറെ നടന്നുനോക്കി. അതൊന്നും ശരിയായില്ല. മഴ നനയുന്നതിനാൽ പെയ്ന്റിങ്ങുകൾ ഇവിടെ വയ്ക്കാനാകില്ല. ആ വിറകുപുര ഞാൻ സിമന്റിട്ടുകൊണ്ടിരിക്കുകയാണ്. അതു ശരിയായാൽ തൽക്കാലം അവിടെ സൂക്ഷിക്കാം.

മെയ്ൽ ആർട്ട് എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഈജിപ്ത്, ടെക്സാസ്, പോർട്‌ലാൻഡ് ഷോകളിലെല്ലാം പുഷ്പാകരന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. രാജാ രവിവർമ്മ അവാർഡ് അടക്കമുള്ള ബഹുമതികൾ കിട്ടിയിട്ടുണ്ട്. കേന്ദ്ര ലളിതകലാ അക്കാദമിയുടെ സ്കോളർഷിപ്പുപോലുള്ള ബഹുമതികൾ വേറെയും. പുഷ്പാകരന്റെ ചിത്രങ്ങൾ ഇന്ത്യൻ ഇങ്കുകൊണ്ടുള്ളതാണ്. കുറെ കുത്തുകൾ അടുത്തടുത്തിട്ടു വലിയ ചിത്രമാക്കി മാറ്റുകയാണ് പലപ്പോഴും ചെയ്യുന്നത്. ദിവസങ്ങളോളം തുടരുന്ന ജോലിയാണിത്. മിക്കതും വലിയ കാൻവാസുകൾ. ലോകത്ത് ഇന്ത്യൻ ഇങ്കിൽ ഈ രീതിയിൽ വരയ്ക്കുന്നവർ കുറവാണ്.

‘എനിക്കു തരാനുള്ളത് സ്വപ്നങ്ങൾ മാത്ര’മാണെന്ന നെരൂദയുടെ വരികൾ പുഷ്പാകരന്റെ നോട്ടുപുസ്തക ചട്ടയിൽ കുറിച്ചുവച്ചിട്ടുണ്ട്. കറുപ്പിലും വെളുപ്പിലുമായി കുറെ സ്വപ്നങ്ങൾ പുഷ്പാകരൻ സൂക്ഷിച്ചുവച്ചിരിക്കുന്നു. വിറ്റുപോയാൽ വീണ്ടും കടലാസും ഇന്ത്യൻ ഇങ്കും വാങ്ങാം. കേരളത്തിന്റെ ഗ്രാമീണ ചരിത്രം കുറെ ചെറിയ പുസ്തകങ്ങളിലേക്കു വരയായി പകർത്തി വലിയൊരു ഇൻസ്റ്റലേഷനുണ്ടാക്കുക എന്നതാണ് ഇപ്പോഴത്തെ സ്വപ്നം.

ചാത്തായ്ക്ക് വേണമെങ്കിൽ മകനെ ചുമട്ടുതൊഴിലാളിയാക്കാമായിരുന്നു. അല്ലെങ്കിൽ വർക്‌ഷോപ്പിലെ ജോലിക്കാരൻ. നല്ല സിമന്റു പണിക്കാരനോ കല്ലുപണിക്കാരനോ ആക്കാനും പ്രയാസമില്ലായിരുന്നു. ദിവസവും നല്ലകൂലി കിട്ടുന്ന ഈ ജോലി വല്ലതും ഉണ്ടായിരുന്നുവെങ്കിൽ സുഖമായി ജീവിക്കുകയും ചെയ്യാം. ചാത്തായ്ക്കു വയസ്സുകാലത്തു പശുവിനെ വളർത്തി ജീവിക്കേണ്ടി വരില്ലായിരുന്നു. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ചാത്തായ് ചോദിച്ചു, ‘‘അവൻ രക്ഷപ്പെടുമായിരിക്കും അല്ലേ? കുട്ടികൾ എന്താകണമെന്നു മോഹിച്ചോ അതാക്കാൻ പറ്റി എന്നതാണു സന്തോഷം. അതിലും വലിയ സന്തോഷമില്ലല്ലോ. അവൻ വരയ്ക്കട്ടെ’’ ചാത്തായ് ചിരിക്കുകയാണ്. വീടു ചോർന്നൊലിക്കുമ്പോഴും ജപ്തി ഭീഷണി നേരിടുമ്പോഴും സഹകരണ സംഘത്തിലെ കടം പെരുകുമ്പോഴും ചിത്രം വരയ്ക്കാനായി മകൻ ആറുലക്ഷം രൂപ ബാങ്കിലിട്ടതു ചാത്തായ്‌യെ വേദനിപ്പിക്കുന്നതേ ഇല്ല. ചാത്തായ് അവനെ വരയ്ക്കാൻ വിട്ടിരിക്കുകയാണ്. അച്ഛനും അമ്മയും വരയ്ക്കുന്ന വരകൾക്ക് അപ്പുറം പോകുന്നൊരു കുട്ടിയായി വളരാൻ.