വരായനം

മനു കള്ളിക്കാട്

 ഭൂമിപുത്രിയുടെ ജീവിതം വരയ്ക്കാൻ മണ്ണുതന്നെയാണ് ഏറ്റവും നല്ല മാധ്യമമെന്നു മനു കള്ളിക്കാട് തീരുമാനിച്ചത് ഉള്ളിലൊരു പ്രകൃതിസ്നേഹി ഉള്ളതുകൊണ്ടാണ്. ഉഴവുചാലി‍ൽനിന്നു ജനകരാജാവിനു ലഭിച്ച സീതയുടെ ജീവിതം ഭൂമി പിളർന്നു മാതൃഹൃദയത്തിലേക്കു തിരിച്ചുപോകുന്നതുവരെ നാൽപതു ദൃശ്യങ്ങളിലൂടെ മണ്ണുകൊണ്ടു വർണം ചാലിച്ചു കാൻവാസിലാക്കി.


മണ്ണോളം വരില്ല മറ്റൊന്നും എന്നു മനുവിനോടു പറഞ്ഞതു ഗുരു നിത്യചൈതന്യ യതി. ഗുരുവിന്റെ ആ വാക്കിൽനിന്നാണ് മണ്ണു മാധ്യമമാക്കി ചിത്രങ്ങൾ വരയ്ക്കണമെന്ന ആശയം ജനിച്ചത്. ഇന്ത്യയിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുമ്പോൾ കാണുന്ന വ്യത്യസ്ത മണ്ണുകൾ ചെറിയൊരു പൊതിയിലാക്കി ബാഗിലിടും.

ഊട്ടിയിൽനിന്നു മടങ്ങുമ്പോൾ ലഭിച്ച ചുവന്ന മണ്ണ്, ഉത്തരേന്ത്യയിൽനിന്നു മടങ്ങുമ്പോൾ ലഭിച്ച കറുത്ത മണ്ണ്, വീടിനടുത്തു കിണർ കുഴിക്കുമ്പോഴുള്ള മഞ്ഞ മണ്ണ്...എല്ലാം സൂക്ഷിച്ചുവച്ചു. ഒരിക്കൽ കുളിമുറിയിൽ നിലത്തുവീണുകിടക്കുന്ന നനഞ്ഞ മുടിയിഴകൾ മനുഷ്യരൂപങ്ങളായി ചലിക്കുന്നതുപോലെ തോന്നിയപ്പോൾ തന്റെ ചിത്രങ്ങൾക്കു വേണ്ട രൂപങ്ങൾ മനസ്സിൽ തെളിഞ്ഞു.

ഗുരുവാക്കുകൾ ചിത്രങ്ങളാക്കാനുള്ള സമയമായെന്നു മനസ്സു പറ‍ഞ്ഞു. യാത്രകളിൽ ശേഖരിച്ച മണ്ണെല്ലാം പുറത്തെടുത്തു.

രാമായണത്തെ ആസ്പദമാക്കി മനു ഒരുക്കുന്ന ‘വരായനം’ എന്ന 40 ചിത്രപരമ്പര പൂർത്തിയാകുന്നതു മണ്ണുകളുടെ നിറത്തിലാണ്. ചിത്രത്തിലെ രൂപങ്ങൾക്കെല്ലാം ഒരു സവിശേഷതയുണ്ട്: ശരീരം അമ്പിന്റെ രൂപത്തിലും തല ശംഖിന്റെ രൂപത്തിലും. രാമനും സീതയും ലക്ഷ്മണനും രാവണനും ലവകുശന്മാരുമെല്ലാം അമ്പിന്റെ രൂപത്തിലാണ്.

മനുഷ്യരൂപങ്ങൾക്കെല്ലാം നിറം വെള്ള. പശ്ചാത്തലത്തിനു ചുവപ്പും കറുപ്പും. രാമായണത്തിലെ പ്രസക്തമായ നാൽപതു പശ്ചാത്തലങ്ങളാണു വരായനത്തിലുള്ളത്.

മലപ്പുറം വണ്ടൂർ തിരുവാലിക്കടുത്തു താമസിക്കുന്ന മനു അറിയപ്പെടുന്നതു കൊളാഷിലൂടെയാണ്. ചായക്കൂട്ടും ബ്രഷുമില്ലാതെ, കൈകൊണ്ടു ചിത്രങ്ങൾ മുറിച്ചെടുത്ത് ഒട്ടിച്ചു തയാറാക്കുന്ന ബയോഗ്രഫിക്കൽ കൊളാഷ് മനുവിനെ കൊണ്ടെത്തിച്ചതു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലാണ്. നാലുതവണയാണ് ലിംക ബുക്കിൽ ഇടം നേടിയത്. ഏറ്റവും ഒടുവിൽ നേടിയത് എം.ടി.വാസുദേവൻനായരുടെ വലിയ കൊളാഷ് തയാറാക്കിക്കൊണ്ടായിരുന്നു. മനുവിന്റെ ശ്രദ്ധ കൊളാഷിലേക്കു കൊണ്ടുവന്നതും ഗുരു നിത്യചൈതന്യ യതിതന്നെ. അദ്ദേഹത്തിന്റെ ‘എന്റെ മതം’ എന്ന രചനയെ അവലംബിച്ചാണ് ആദ്യ കൊളാഷ് ചെയ്തത്. ഗാന്ധിജി, ജോൺ പോൾ രണ്ടാമൻ മാർപാപ്പ, മദർ തെരേസ, വാൻഗോഗ്, മാർക്‌സ്, ഇന്ദിരാ ഗാന്ധി, ഗുരു നിത്യചൈതന്യ യതി, തകഴി, വൈക്കം മുഹമ്മദ് ബഷീർ, ഇഎംഎസ്, എം.ടി.വാസുദേവൻ നായർ, കമല സുരയ്യ തുടങ്ങി ഇരുപത്തഞ്ചിലധികംപേരുടെ ബയോഗ്രഫിക്കൽ കൊളാഷ് തയാറാക്കി. ഇവരുടെയെല്ലാം ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണു കൊളാഷിനുവേണ്ടി തിരഞ്ഞെടുത്തത്. ഒരിക്കലും കത്രിക ഉപയോഗിക്കാതെ നഖംകൊണ്ടു കീറിയാണു കൊളാഷ് ചെയ്യുക.

തിരുവനന്തപുരം കള്ളിക്കാടിൽ എൻ.നാരായണപിള്ളയുടെയും പൊന്നമ്മയുടെയും മകനായ മനു ഈ വരുന്ന രാമായണമാസത്തിൽ വരായനത്തിന്റെ പ്രദർശനമൊരുക്കും. മഞ്ചേരി മെഡിക്കൽ കോളജ് ഹെഡ് നഴ്സ് ഗീതയാണു ഭാര്യ; വിദ്യാർഥിയായ ഗുരുപ്രസാദ് മകനും.