പാട്ടു നിർത്തിയ പൂങ്കുയിൽ

‘‘സ്വർണവളകളിട്ട കൈകളാൽ മെല്ലെ

പൗർണമി രാത്രിയെന്നെ വിളിച്ചുണർത്തി...’’

ഭാവതീവ്രമായ ശബ്ദത്തിൽ ‘ലക്ഷപ്രഭുവിലെ’ ആ ഗാനം ഫോണിലൂടെ ഒഴുകി വരുകയാണ്. മനസ്സുതുറന്നു പാടുകയാണ് എസ്.ജാനകി. തെന്നിന്ത്യൻ സംഗീതലോകത്തിന്റെ സ്വന്തം ജാനകിയമ്മ. പാടിക്കഴിഞ്ഞപ്പോൾ നിറഞ്ഞ കണ്ണുതുടച്ചുകൊണ്ട് അമ്മയോട് ഒന്നേ ചോദിക്കാൻ തോന്നിയുള്ളൂ. ‘അമ്മേ, പാട്ടു നിർത്താതിരുന്നുകൂടേ?’ ‘ഇനി വയ്യ മോനേ... മതിയെന്ന് ഉള്ളിലിരുന്നു കണ്ണൻ പറയുന്നു... ഇത്ര മതി...’ ആ അമ്മ പറയുന്നു.

അറുപതാണ്ടുകൊണ്ടു പതിമൂന്നോളം ഭാഷകളിലായി പടുത്തുയർത്തിയ വിശാലമായ ഗാനസാമ്രാജ്യമാണു ജാനകിയമ്മ പിന്നിലുപേക്ഷിച്ചു വാനപ്രസ്ഥത്തിനായി പടിയിറങ്ങുന്നത്. വളരെ നിസംഗമായാണ് എസ്.ജാനകി തന്റെ തീരുമാനം പറയുന്നത്. പക്ഷേ, ഇനി പാടുന്നില്ല എന്ന ഒരു തീരുമാനമെടുക്കാൻ ആ അമ്മമനസ്സ് എത്ര നീറിയിട്ടുണ്ടാവും? അതിലും വേദനാജനകമാണ് ആ ശബ്ദം കേട്ട്, ആ പാട്ടുകൾ മൂളിപ്പാടി വളർന്ന തലമുറകൾക്ക് ഈ തീരുമാനവുമായി പൊരുത്തപ്പെടാൻ.

പഴയ ആന്ധ്രപ്രദേശിൽ ഗുണ്ടൂർ ജില്ലയിലെ കൊച്ചുഗ്രാമത്തിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച ജാനകി കുട്ടിക്കാലം തൊട്ട് സംഗീതവഴികളിലാണു സഞ്ചരിച്ചത്. ഭൈരസ്വാമി എന്ന സംഗീതജ്ഞന്റെ കീഴിൽ സംഗീതപഠനമാരംഭിച്ചെങ്കിലും പത്താംവയസ്സിൽ ഗുരുവിന്റെ വിയോഗത്തോടെ അവസാനിപ്പിക്കേണ്ടി വന്നു. 1956ൽ ആകാശവാണി അഖിലേന്ത്യാ തലത്തിൽ നടത്തിയ സംഗീതമത്സരത്തിൽ രണ്ടാംസ്ഥാനം നേടിയ ജാനകിയുടെ കഴിവ് അമ്മാവൻ ഡോ.ചന്ദ്രശേഖർ തിരിച്ചറിഞ്ഞു പ്രോത്സാഹനമേകിയതോടെയാണ് മദ്രാസിലേക്കു വണ്ടികയറിയത്. 1957ൽ 19–ാം വയസ്സിൽ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയിൽ ടി.ചലപതി റാവു ഇൗണംപകർന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. പാടാനായി എവിഎം സ്റ്റുഡിയോയിലെത്തിയ ജാനകിയെ കാത്തിരുന്നത് രാവിലെ ഒൻപതുമണി മുതൽ ഒരുമണി വരെയുള്ള കോൾഷീറ്റിൽ രണ്ടു യുഗ്‌മഗാനങ്ങളാണ്. പാട്ടുകൾ തെലുങ്കിൽ എഴുതിയെടുത്താണു പാടിയതത്രേ. ചിത്രത്തിന്റെ തമിഴ് പതിപ്പ് പുറത്തിറങ്ങിയില്ലെങ്കിലും തെലുങ്കു പതിപ്പ് വൻ ഹിറ്റായി. പിന്നണിഗാനരംഗത്തെത്തിയ 1957ൽത്തന്നെ ആറു ഭാഷകളിൽ തന്റെ സാന്നിധ്യമറിയിക്കുകയും ചെയ്തു. 1957ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾമൂടുകയോ എൻ വാഴ്‌വിൽ’ എന്ന ഗാനമാണ് മലയാളത്തിൽ എസ്.ജാനകിയുടെ വരവറിയിച്ചത്.

‘എത്ര മനോഹരമായാണു ബാബുരാജ് ഗാനങ്ങളൊരുക്കിയത്. മനസ്സിൽ വന്നുതട്ടുന്ന പാട്ടുകൾ. ആ പാട്ടുകൾ പാടാൻ കഴിഞ്ഞതുതന്നെ ഈശ്വരാനുഗ്രഹം. അല്ലാതെന്തു പറയാൻ...’ ജാനകിയമ്മ പറയുന്നു.

മലയാളത്തിൽ ജാനകിയമ്മയുടെ ശബ്ദം ഇത്ര മനോഹാരമായി ഉപയോഗിച്ച മറ്റൊരു സംഗീതസംവിധായകനുണ്ടാകില്ല. എം.എസ്.ബാബുരാജ് ഈണം നൽകിയ 576 ഗാനങ്ങളിൽ 128 ഗാനങ്ങളും ജാനകിയമ്മയുടെ ശബ്ദത്തിലാണ്. അതിൽത്തന്നെ 94 സോളോ പാട്ടുകൾ. ജാനകിയമ്മയുടെ ശബ്ദത്തിന്റെ ഭാവതലങ്ങൾ തൊട്ടറിഞ്ഞ സംഗീത സംവിധായകൻ. എം.എസ്.ബാബുരാജിന്റെ സംഗീതക്കൂട്ടുകളുടെ മനസ്സറിഞ്ഞ ഗായികയും എസ്.ജാനകി മാത്രമായിരിക്കും.

യേശുദാസിനൊപ്പം എസ്. ജാനകി

1963ൽ പുറത്തിറങ്ങിയ ‘നിണമണിഞ്ഞ കാൽപാടു’കളിലെ മീരാഭജൻ പാടാനാണ് ആദ്യമായി ബാബുക്ക, എസ്.ജാനകിയെ വിളിക്കുന്നത്. അതേവർഷം പുറത്തിറങ്ങിയ മൂടുപടത്തിലെ ‘തളിരിട്ട കിനാക്കൾ തൻ താമര മാലവാങ്ങാൻ’ രണ്ടുപേരുടെയും ഏറ്റവും മികച്ച ആദ്യ അഞ്ചുഗാനങ്ങളിൽ ഒന്നായിരിക്കുമെന്നതിൽ സംശയമില്ല.

ഭാർഗവീനിലയത്തിലെ ‘വാസന്ത പഞ്ചമിനാളിൽ...’, തറവാട്ടമ്മയിലെ ‘ഒരു കൊച്ചു സ്വപ്നത്തിൻ...’, തച്ചോളി ഒതേനനിലെ ‘അഞ്ജനക്കണ്ണെഴുതി...’ തുടങ്ങി പി.ഭാസ്കരന്റെ അനേകമനേകം സൂപ്പർ ഹിറ്റ് ഗാനങ്ങളാണു പിന്നീടു മലയാളികളുടെ നാവിൻതുമ്പിൽ തത്തിക്കളിച്ചത്. ഭാസ്കരൻമാഷെഴുതിയ 235 പാട്ടുകൾ പാടിയത് എസ്.ജാനകിയാണ് എന്നതും ചരിത്രമാണ്.

‘നീലജലാശയത്തിൽ

ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ

നീർപ്പോളകളുടെ ലാളനമേറ്റൊരു

നീലത്താമര വിരിഞ്ഞു...’

പാടിനിർത്തിയ ശേഷം ജാനകി പറഞ്ഞു: ‘ഈ പാട്ട് എം.എസ്.ബാബുരാജല്ല സംഗീതസംവിധാനം നിർവഹിച്ചത് എന്നു വിശ്വസിക്കാൻ കഴിയുമോ? എ.ടി.ഉമ്മറിന്റെ മനോഹരമായ കോംപസിഷനാണ്. അതുപോലെ എത്രയെത്ര സംഗീത സംവിധായകർ. കെ.രാഘവൻ മാഷ്, ചിദംബരനാഥ്, ബ്രദർ ലക്ഷ്മൺ, എൽ.പി.ആർ.വർമ, പി.എസ്.ദിവാകർ, ആർ.കെ.ശേഖർ, എം.എസ്.വിശ്വനാഥൻ, ഇളയരാജ, ജോൺസൺ... ഓർമിച്ചെടുക്കാൻപോലും കഴിയുന്നില്ല പലരുടെയും പേര്... ഓരോരുത്തർക്കും ഓരോ ശൈലി. ഓരോരുത്തരും തന്റേതായ ശൈലിയിൽ സൂപ്പർഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചവർ.’ ജാനകിയമ്മ തുടരുന്നു: ‘1962ൽ കൊഞ്ചും സലങ്കൈ എന്ന സിനിമയിൽ ഒരു ഗംഭീര പാട്ടൊരുക്കി ഗായികയെ തേടുകയാണു സംഗീത സംവിധായകൻ എസ്.എം.സുബ്ബയ്യ നായിഡു.

നാദസ്വരത്തിന്റെ ലയഭേദങ്ങളോടു മൽസരിച്ചു പാടേണ്ട പാട്ടാണ്. ഈ ഗാനവുമായി സുബ്ബയ്യനായിഡു പി. ലീലയെ സമീപിച്ചു. ഈണം കേട്ടയുടനെ ‘നമുക്ക് എസ്.ജാനകിയെ വിളിക്കാം’ എന്നായിരുന്നത്രെ പി.ലീല പറഞ്ഞത്. തമിഴിൽ ഇന്നും വേദികളിൽ പാടാൻ ഗായകർ പേടിക്കുന്നയത്ര ഗംഭീരമായ പാട്ടായി ‘സിങ്കാരവേലനേ ദേവാ’ വിശേഷിപ്പിക്കപ്പെടുന്നു.

പാടാൻ വെല്ലുവിളിയായൊരു പാട്ട് ഏതാണ് എന്ന ചോദ്യത്തിനു വളരെ ലളിതമായൊരു ഉത്തരമാണ് എസ്.ജാനകി പറയുന്നത്.

‘അങ്ങനെയൊന്നുമില്ല. എത്ര വെല്ലുവിളിയുള്ള പാട്ടാണെങ്കിലും സംഗീത സംവിധായകർ കൃത്യമായി പറഞ്ഞുതരുന്നതു പഠിച്ചെടുത്ത് ആവശ്യമായ ഭാവം നൽകി പാടിയാൽ മതി. ഒരു പാട്ടുപാടാൻവേണ്ടി മുന്നൊരുക്കങ്ങൾ നടത്തുന്ന രീതിയൊന്നും ഇല്ല. രാവിലെ സ്റ്റുഡിയോയിലേക്കു പോകും. സംഗീത സംവിധായകർ പാട്ടുപറഞ്ഞുതരും. കഴിയുന്നത്ര വേഗം ആ വരികളും രാഗവും മനസ്സിലുറപ്പിക്കും. അത്ര തന്നെ’

എസ്.ജാനകി പിന്നിലവശേഷിപ്പിക്കുന്നത് നമ്മുടെ ഹൃദയം കീഴടക്കിയ അനേകമനേകം ഗാനങ്ങളാണ്. ചിരിയോ ചിരിയിൽ കുട്ടികളുടെ ശബ്ദത്തിൽ പാടിയ ‘കൊക്കാമന്തി കോനാനിറച്ചി’, കാറ്റത്തെ കിളിക്കൂടിലെ ‘ഗോപികേ നിൻവിരൽ’, ചാമരത്തിലെ നിത്യഹരിത പ്രണയഗാനം ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ’ തുടങ്ങിയ മനോഹര ഗാനങ്ങൾ. തേവർമകനിലെ ‘ഇഞ്ചി ഇടുപ്പഴകാ...’, അന്നക്കിളിയിലെ ‘മച്ചാനെ പാത്തിങ്കളാ...’ ദളപതിയിലെ ‘ചിന്നത്തായവൾ, സുന്ദരി, കണ്ണാൽ’ തുടങ്ങി അനേകമനേകം തമിഴ് ഗാനങ്ങൾ. നാലു ദേശീയ പുരസ്കാരങ്ങൾ. 33 സംസ്ഥാന പുരസ്കാരങ്ങൾ. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം. മൈസൂർ സർവകലാശാലയുടെ ബഹുമതിയായി ഡോക്ടറേറ്റ്. 2013ൽ പദ്മഭൂഷൺ തേടിയെത്തിയപ്പോൾ വേണ്ട എന്ന് എസ്.ജാനകി സ്നേഹപുരസ്സരം നിരസിക്കുകയും ചെയ്തു. കുട്ടിക്കാലം തൊട്ടേ കടുത്ത കൃഷ്ണഭക്തയായ എസ്.ജാനകി പറയുന്നു: ‘കണ്ണൻ; അവനാണ് എല്ലാം... മുന്നിലിരുന്നു വഴികാട്ടുന്നതും അവനാണ്, ഉള്ളിലിരുന്നു പാടുന്നതും അവനാണ്’

വിവാഹം കഴിഞ്ഞ് ഭർത്താവ് വി.രാമപ്രസാദിന്റെ വീട്ടിലെത്തിയപ്പോഴാണു ഷിർദ്ദി ബാബയെക്കുറിച്ചു ജാനകിയമ്മ അറിയുന്നത്. പിന്നീട് കൃഷ്ണനൊപ്പം ഷിർദ്ദിബാബയും ജാനകിയമ്മയുടെ പ്രാർഥനകളിൽ നിറഞ്ഞു. ‘അമ്മയുടെ സ്പർശമുള്ള പാട്ടുകൾ, താരാട്ടുപാട്ടുകൾ എന്നിവ വരുമ്പോൾ സംഗിതസംവിധായകർ ഓടി എസ്.ജാനകിയുടെ മുന്നിലേക്കെത്തും. ഇനി ഓടിനടന്നു പാട്ടുകൾ പാടാൻ വയ്യ. മതിയാക്കാം എന്നു ചിന്തിച്ചുതുടങ്ങിയിട്ട് ഏറെക്കാലമായി’ എസ്.ജാനകി പറഞ്ഞു.

കോഴിക്കോട്ട് ഒരു സംഗീതപരിപാടിക്ക് എത്തിയപ്പോൾ പശ്ചാത്തല സംഗീതമൊരുക്കിയതു കോഴിക്കോട് മധുവാണ്. മലബാറിലെ ഗായകർക്കെല്ലാം പ്രിയങ്കരനായ കീബോർഡിസ്റ്റാണു മധു. അദ്ദേഹത്തിന്റെ മകൻ മിഥുൻ ഈശ്വർ ജാനകിയമ്മയുടെ പഴയ ഗാനങ്ങൾ കൂട്ടിച്ചേർത്ത് വയലിനിൽ ഫ്യൂഷൻ അവതരിപ്പിച്ചു.തലയിൽ കൈവച്ച് അഭിനന്ദിച്ചപ്പോൾ മിഥുൻ ആവശ്യപ്പെട്ടത് ഒന്നുമാത്രം. ഡോൺമാക്സ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘പത്തുകൽപനകളിൽ’ താൻ സംഗീതസംവിധാനം നിർവഹിക്കുന്ന ‍ഒരു താരാട്ടുപാട്ടുണ്ട്. ജാനകിയമ്മ പാടിത്തരണം. മൂന്നാറിൽ ബിസിനസുകാരനായ റോയ് പുറമഠമാണ് പാട്ടെഴുതിയിരിക്കുന്നത്. പാട്ടുപാടി പുറത്തിറങ്ങിയ ഉടനെ എസ്.ജാനകി പറഞ്ഞു: ‘പാടിക്കൊണ്ടിരുന്നപ്പോൾ ഉള്ളിലിരുന്ന് കണ്ണൻ പറഞ്ഞു... ഇതുകൂടി മതി. ഇതാണു നിന്റെ അവസാന ഗാനം. ഇനി പാടണ്ട.’

ഇനി പാടുന്നില്ലെന്നു തീരുമാനിച്ചതോടെ എസ്.ജാനകിയെ തേടി ആരാധകരുടെ അനേകായിരം ഫോൺകോളുകളാണ് ഒഴുകിയത്. എല്ലാവർക്കും പറയാൻ‌ ഒന്നു മാത്രം... അമ്മ പാട്ടുനിർത്തരുത്. പക്ഷേ, എസ്.ജാനകിയുടെ തീരുമാനത്തിൽ മാറ്റമില്ല. ഫോൺകോൾ അവസാനിപ്പിക്കുമ്പോൾ എസ്.ജാനകി പറഞ്ഞു: ‘ഇനി മതി. എനിക്കുചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. എത്രയെത്ര ഗാനങ്ങൾ... എന്നും ഇതുപോലെയിരിക്കാൻ ഈശ്വരൻ അനുവദിക്കില്ലല്ലോ. എന്റെ കാലം കഴിഞ്ഞാലും ആ ഗാനങ്ങൾ ഈ മണ്ണിൽ നിലനിൽക്കും...’ 

‘അമ്മപ്പൂ’വിന് ദക്ഷിണയുമായി മിഥുൻ

മലയാള സിനിമയിൽ ജാനകിയമ്മ അവസാനമായി പാടിയ ‘അമ്മപ്പൂവിന്’ എന്ന താരാട്ടു പാട്ടൊരുക്കിയ സംഗീത സംവിധായകൻ ഒരു പുതുമുഖമാണ്. 2007, 2008 വർഷങ്ങളിൽ കോഴിക്കോട് സർവകലാശാലയുടെ മുൻ കലാപ്രതിഭയായിരുന്ന മിഥുൻ ഈശ്വർ. ആദ്യചിത്രത്തിലെ ഗാനം ജാനകിയമ്മയ്ക്ക് ഗുരുദക്ഷിണയായി സമർപ്പിക്കുകയാണെന്ന് മിഥുൻ പറയുന്നു.‌

തമിഴിൽ മിഥുൻ രണ്ടുമൂന്നു ചിത്രങ്ങൾ‌ക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത സുരൈയാടലാണ് ആദ്യ തമിഴ് ചിത്രം. ഇതിനു പുറമേ അൺഎംപ്ലോയ്ഡ് എന്ന പേരിൽ മിഥുൻ നയിക്കുന്ന ഒരു ബാൻഡുമുണ്ട്.മൂന്നാംവയസ്സിൽ അച്ഛന്റെ കീഴിലാണ് മിഥുൻ സംഗീതം പഠിച്ചുതുടങ്ങിയത്. കൈതപ്രത്തിനുപുറമേ ടി.എച്ച്.ലളിത, പ്രസാദ് കുര്യൻ, തൃശൂർ ചേതനയിലെ ഫാ. തോമസ്, ശങ്കരനാരായണൻ തുടങ്ങിയവരും ഗുരുക്കൻമാരായി. ലണ്ടൻ ട്രിനിറ്റി കോളജിൽനിന്ന് വയലിനിൽ എട്ടാംഗ്രേഡ് നേടിയ മിഥുൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയാണ്.