ഒരു ഇന്ത്യൻ മൗഗ്ലിക്കഥ!

സാബു.

സിനിമയെന്തെന്നു പോലും അധികമാർക്കുമറിയാത്ത കാലത്താണ് മൈസൂർ രാജാവിന്റെ കൊട്ടാരത്തിലേക്ക് ഇംഗ്ലണ്ടിൽ നിന്നൊരു സിനിമാസംഘം എത്തുന്നത്. ജംഗിൾ ബുക്കെഴുതിയ റഡ്യാഡ് കിപ്ലിങ്ങിന്റെ 'ടു മൈ എലിഫന്റ്' എന്ന കൃതി 'എലിഫന്റ് ബോയ്' എന്ന പേരിൽ സിനിമയാക്കുകയായിരുന്നു സംവിധായകരായ റോബർട്ട് ഫ്ലാഹെർട്ടിയുടെയും സോൾട്ടാൻ കോർദയുടെയും ലക്ഷ്യം. ആനയും ഒരു കുട്ടിയും തമ്മിലുള്ള ആത്മബന്ധം സൂചിപ്പിക്കുന്ന കഥയായതിനാൽ ആനയുമായി വളരെ അടുത്തിടപഴകുന്ന ഒരു കുട്ടിയെയായിരുന്നു അവർക്ക് ആവശ്യം.

സിനിമയെന്നൊരു സംഗതിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു സേലാർ ഷെയ്ക് എന്ന ബാലനിലാണു സിനിമാസംഘത്തിന്റെ അന്വേഷണം എത്തിയത്. ആനപ്പാപ്പാനായ ഇബ്രാഹിമിന്റെ മകനായിരുന്നു സേലാർ. ഇബ്രാഹിം സേലാറിനെ വളർത്തിയത് ഹാഥിയെന്ന് വിളിപ്പേരുള്ള തന്റെ പ്രിയപ്പെട്ട ആനയുടെ ഒപ്പമായിരുന്നു. കുഞ്ഞായിരുന്ന സേലാറിന്റെ തൊട്ടിലാട്ടിയിരുന്നതുവരെ ആ ആനയായിരുന്നു. ഇബ്രാഹിം മരിച്ചതോടെ ഹാഥി ഭക്ഷണം പോലും കഴിക്കാതെയായി. അങ്ങനെ മനസ്സില്ലാമനസ്സോടെ സേലാർ അച്ഛന്റെ ആനയെ കാട്ടിലേക്കു പറഞ്ഞുവിട്ടു.

വീണ്ടും ആനയോടൊപ്പം

അമ്മ കൂടി മരിച്ചതോടെ മൈസൂർ രാജാവിന്റെ ആനക്കൊട്ടിലിൽ ജോലിക്കു കയറി സേലാറും സഹോദരൻ ദസ്തഗീറും. ആനക്കൊട്ടിലിലെ ഐരാവതം എന്ന പേരുള്ള ആനയുമായി സേലാർ വളരെയധികം അടുത്തു. വലുതാകുമ്പോൾ ഒരു വലിയ ആനപ്പാപ്പാനാകാൻ കൊതിച്ച സേലാറിലേക്ക് സംവിധായകൻ‌ ഫ്ലാഹെർട്ടിയുടെ അന്വേഷണം ഒരു നിയോഗം പോലെ എത്തുകയായിരുന്നു. ആനകളെ സേലാർ അനായാസം മെരുക്കുന്ന വിദ്യ കണ്ട് ഫ്ലാഹെർട്ടിയും സംഘവും കോരിത്തരിച്ചു.

സിനിമയിൽ ഒരു കുട്ടി ആനപ്പാപ്പാന്റെ വേഷമായിരുന്നു സേലാറിന്. കുത്തിയൊലിച്ചൊഴുകുന്ന ഒരു നദിയിലൂടെ ആനയുമായി അപ്പുറം കടക്കുന്നതു പോലെയുള്ള അതിസാഹസികരംഗങ്ങൾ ഒരു പേടിയും കൂടാതെ സേലാർ അഭിനയിച്ചു തകർത്തു. അത്ഭുതപ്പെടുത്തുന്ന അഭിനയമികവു കണ്ട സംവിധായകൻ സേലാറിന് കൂടുതൽ പ്രാതിനിധ്യം നൽകുന്ന തരത്തിൽ സ്ക്രിപ്റ്റ് മാറ്റിയെഴുതി.

ജംഗിൾ ബുക്ക് (1942) സിനിമയിൽ സാബുവും മൃഗങ്ങളും.

കുഴഞ്ഞു മറിഞ്ഞ പേരുകൾ

താരമാകുമെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ സേലാറിനു പുതിയൊരു പേര് നൽകാൻ നിർമാതാവായ കോർദ തീരുമാനിച്ചു– സേലാർ അന്നു മുതൽ സാബുവായി. സിനിമയുടെ ചില ഭാഗങ്ങൾ ഇംഗ്ലണ്ടിൽ ചിത്രീകരിക്കേണ്ടതിനാൽ സാബുവിനെയും സഹോദരൻ ദസ്തഗീറിനെയും ഒപ്പം കൊണ്ടുപോയിരുന്നു. യാത്രാരോഖകളിലുണ്ടായ ചില പിഴവുകൾ മൂലം സഹോദരന്റെ പേരു കൂടി സാബുവിന്റെ പേരിനൊപ്പമെത്തിയതോടെ, സാബു ദസ്തഗീറായി.

സിനിമ തിയറ്ററുകളിൽ തകർത്താടി, തന്നെക്കാൾ‌ പലമടങ്ങ് വലുപ്പമുള്ള ഒരു മൃഗത്തെ മെരുക്കുന്ന ഒരു മെലിഞ്ഞ പയ്യനെ കണ്ട് യൂറോപ്പിലെയും അമേരിക്കയിലെയും പ്രേക്ഷകർ അന്തംവിട്ടു. എലിഫന്റ് ബോയ് 4,50,000 ഡോളറാണു തിയറ്ററുകളിൽ നിന്നു വാരിക്കൂട്ടിയത്. സിനിമയുടെ പ്രചാരണാർഥം പാരിസിലും ന്യൂയോർക്കിലും സാബുവുമായി സംഘം പര്യടനം നടത്തി.

വെനീസ് ഫിലിം ഫെസ്റ്റിവലിലടക്കം ചിത്രം പുരസ്കാരങ്ങൾ നേടി. പത്രങ്ങളിലും റേഡിയോ ചാനലുകളിലും സാബു തരംഗമായി. റിലീസിനു പിറ്റേന്നിറങ്ങിയ ലണ്ടനിലെ ടൈംസ് പത്രം സാബുവിന്റെ പ്രകടനത്തെ ജന്മസിദ്ധമായ മികവെന്നു വിശേഷിപ്പിച്ചു.

കാട്ടുപയ്യൻ സൂപ്പർ സ്റ്റാർ

എലിഫന്റ് ബോയ് ഹിറ്റായതോടെ സാബുവിന്റെ മികവ് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ രണ്ടാമത്തെ ചിത്രത്തിനായുള്ള അന്വേഷണത്തിലായി കോർദ സഹോദരങ്ങൾ. 'ദ് ഡ്രം' എന്ന രണ്ടാമത്തെ ചിത്രവും വൻവിജയമായതോടെ ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള പത്രങ്ങൾ സാബുവിന്റെ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ ഡി റൂസ്‌വെൽറ്റും ഭാര്യയും ഈ കുഞ്ഞുപ്രതിഭയെ വൈറ്റ്ഹൗസിൽ സ്വീകരിച്ചു.

ജംഗിൾ ബുക്ക്

സാബുവിനായി കാലം കാത്തുവച്ച റോളായിരുന്നു മൗഗ്ലി. ലൊസാഞ്ചൽസിൽ നിന്ന് 20 മൈൽ അകലെ ഒരു വനത്തിലാണ് മൗഗ്ലി ചിത്രീകരിച്ചത്. ജീവനുള്ള മൃഗങ്ങളെ ഉപയോഗിച്ചുള്ള ജീവൻമരണ പോരാട്ടമായിരുന്നു ചിത്രീകരണം. ഷേർ ഖാനായി അഭിനയിച്ചത് രാജാ, റോസ് എന്നീ രണ്ടു ബംഗാൾ കടുവകളായിരുന്നു. ഇതിനു പുറമേ 22 പിടിയാനകൾ, അഞ്ചു പുലി, ഒരു കരടി, വിവിധ തരം മാനുകൾ, കുരങ്ങുകൾ, ചെന്നായ്ക്കൾ, കാട്ടുപോത്തുകൾ, ആടുകൾ എന്നിവയെല്ലാം സെറ്റിൽ തയാറായിരുന്നു.

ഒട്ടേറെ തവണ പിന്നണി പ്രവർത്തകരെ പല മൃഗങ്ങളും ആക്രമിക്കാൻ ശ്രമിച്ചു. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഏറെ പണിപ്പെട്ട് ഷൂട്ടിങ് പൂർത്തിയാക്കി. ഡിസ്നിയുടെ ആനിമേറ്റഡ് ജംഗിൾ ബുക്ക് സിനിമ ഇറങ്ങുന്നതിന് 25 വർഷം മുൻപിറങ്ങിയ സാബുവിന്റെ ജംഗിൾ ബുക്ക് നേടിയത് നാല് ഓസ്കർ നോമിനേഷനുകൾ.

ബഗ്ദാദിലെ കള്ളൻ

സാബുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം 1940ൽ അലക്സാണ്ടർ കോർദ നിർമിച്ച ‘തീഫ് ഓഫ് ബഗ്ദാദി’ലെ അബുവെന്ന മോഷ്ടാവിന്റേതായിരുന്നു. യൂണിവേഴ്സൽ പിക്ചേഴ്സിന്റെ അറേബ്യൻ നൈറ്റ്സ്, വൈറ്റ് സാവേജസ്, കോബ്രാ വുമൺ എന്നിവയുൾപ്പെടെ 23 സിനിമകളിൽ സാബു താരമായി. അമേരിക്കൻ പൗരനായി മാറിയ സാബുവിന്റെ സമ്പത്ത് അന്നത്തെ ഒരു ശരാശരി ഹോളിവുഡ് നടന്റേതിനു തുല്യമായിരുന്നു.

ഇന്ത്യയിൽ കളം തെളിഞ്ഞില്ല

ഇന്ത്യയിലേക്കു തിരിച്ചുവന്ന് ചില റോളുകൾ ചെയ്യാൻ ആഗ്രഹിച്ചെങ്കിലും ഉദ്ദേശിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. മൈസൂർ രാജാവിന്റെ കൊട്ടാരത്തിൽ ആശ്രിതനായി കഴിഞ്ഞ സാബു രാജകുടുംബത്തിന്റെ അതിഥിയായാണ് തിരിച്ചെത്തിയത്. കൊട്ടാരത്തിൽ കാര്യമായ വരവേൽപ്പുണ്ടായെങ്കിലും പല വിമർശനങ്ങളും അസ്വസ്ഥതയുണ്ടാക്കി.

സാബു ഒരു യഥാർഥ സായ്പായി മാറിയെന്നായിരുന്നു ചില ഇന്ത്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. മെഹ്ബൂബ് ഖാന്റെ ‘മദർ ഇന്ത്യ’ എന്ന ചിത്രത്തിൽ അവസരം കിട്ടിയെങ്കിലും വേണ്ടെന്നു വച്ചു. പിന്നീട് സുനിൽ ദത്താണ് സാബുവിനു പകരമായി ബിർജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

സർക്കസ് പരിശീലകൻ

1950കൾക്ക് ശേഷം സാബുവിന്റെ സിനിമാജീവിതത്തിന് അത്ര നല്ല കാലമായിരുന്നില്ല. മൗഗ്ലി, എലിഫന്റ് ബോയ് പോലെയുള്ള ഫാന്റസി റോളുകൾ തനിയാവർത്തനമായപ്പോൾ നിർമാതാക്കളും മാറിചിന്തിച്ചു. കൊളോണിയൽ ശക്തികളെ പിന്താങ്ങുന്ന റോളുകൾ നിരന്തരമായി ചെയ്യുന്നതിൽ സാബുവിനും അതൃപ്തിയുണ്ടായിരുന്നു.

1957ൽ പുറത്തിറങ്ങിയ 'സാബു ആൻഡ് ദ് മാജിക് റിങ്' എന്ന ചിത്രത്തിന്റെ പോസ്റ്റർ.

ബ്രിട്ടനിൽ പോയി രണ്ടു സിനിമകളിൽ അഭിനയിച്ച സാബുവിനെ പിന്നീട് ലോകം കാണുന്നത് ഒരു സർക്കസ് കമ്പനിയിൽ ആനകളുടെ പരിശീലകനായാണ്. അവസാന ചിത്രമായ 'എ ടൈഗർ വോക്സി'ൽ ഒരു മൃഗപരിശീലകനായാണ് വേഷമിട്ടത്. 1967ൽ വെറും 39 വയസ്സുള്ളപ്പോൾ സാബു മരിച്ചു.

മകളുടെ സ്വപ്നം

സാബു അഭിനയിച്ച് അനശ്വരമാക്കിയ 'തീഫ് ഓഫ് ബഗ്ദാദ്' എന്ന സിനിമ റീമേക്ക് ചെയ്ത് അച്ഛന്റെ ഓർമകൾ നിലനിർത്താൻ മകൾ ജാസ്മിൻ പിന്നീട് ശ്രമിച്ചു. പക്ഷേ, ചില നിയമപ്രശ്നങ്ങൾ മൂലം, ആ സിനിമയുടെ പിന്നണി പ്രവർത്തകർ മുഴുവൻ ജയിലിലായി. ആഗ്രഹങ്ങൾക്കേറ്റ കടുത്ത പ്രഹരത്തിൽ മനസ്സുമടുത്ത ജാസ്മിന് രോഗം മൂർച്ഛിച്ചു.

ചിത്രത്തിന്റെ റിലീസ് വാർത്തയ്ക്കു പകരം ജാസ്മിൻ മരിച്ചുവെന്ന വാർത്തയാണ് പിന്നീട് ലോകമറിഞ്ഞത്. ആ മരണത്തിനൊപ്പം അടച്ചുവച്ചത് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുൻപുള്ള ഒരു ഇന്ത്യൻ മൗഗ്ലിയുടെ ചരിത്രമാണ്. ദക്ഷിണേന്ത്യയിൽ നിന്നൊരു പയ്യൻ ആനപ്പുറത്തേറി ഹോളിവുഡിലെത്തിയ കഥ.