മഴ മാഞ്ഞ ചെറാപ്പുഞ്ചി

ചെറാപ്പുഞ്ചിയിലെ ബസ് സർവീസ്. ചിത്രങ്ങൾ: വിഷ്ണു.വി.നായർ

മഴയാണ് ലോകചരിത്രത്തിൽ ചെറാപ്പുഞ്ചിക്കു കുളിർപകർന്നത്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ മഴ പെയ്യുന്ന നാട്ടിൽ വരൾച്ചയുണ്ടെന്നറിയുമ്പോൾ? വലിയ ടാങ്കുകളോ പൈപ്പു ലൈനുകളോ ഇല്ലാതിരുന്ന നാട്ടിൽ പ്രഭാതത്തിൽ വിളിച്ചുണർത്തുന്നതു വാട്ടർ ടാങ്കുകളാണെന്നു കേൾക്കുമ്പോൾ ? ഇതാണ് ഇപ്പോഴത്തെ ചെറാപ്പുഞ്ചി. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നിടമായിരുന്നു ഒരിക്കൽ ചെറാപ്പുഞ്ചി. പ്രതിവർഷം 12000 മില്ലീ മീറ്ററിൽ അധികം മഴ ലഭിച്ചിരുന്ന സ്ഥലം. ചില വർഷങ്ങളിൽ 20000 മില്ലീ മീറ്ററിൽ അധികം മഴ ലഭിച്ചിരുന്നു. എന്നാൽ, ചെറാപ്പുഞ്ചിയിൽ ലഭിച്ച കഴിഞ്ഞ വർഷത്തെ ശരാശരി മഴ 11473 മില്ലീ മീറ്റർ മാത്രം. ചരിത്രത്തിലെ ആ പഴയ സ്ഥാനം ഇന്നു ചെറാപ്പുഞ്ചിക്കില്ല. മേഘാലയത്തിൽ മോവ്സിങ്റാമാണ് ലോകത്തിൽ ഏറ്റവും നനവുള്ള പ്രദേശം. ചെറാപ്പുഞ്ചിയിൽ‌ നിന്ന് 16 കിലോമീറ്റർ അകലെയാണ് മോവ്സിങ്റാം ഗ്രാമം. (റോഡുമാർഗം ഏകദേശം 80 കിലോമീറ്ററുണ്ട് മോവ്സിങ്റാമിലെത്താൻ). ചെറാപ്പുഞ്ചിയിൽ നിന്നു കാണാം മോവ്സിങ്റാമെന്ന ഗ്രാമം. മറുവശത്ത് തൊട്ടടുത്തുള്ള ബംഗ്ലദേശും കാണാം.

മോവ്സിങ്റാമിലെ മഴയുടെ വാർഷിക ശരാശരി 11873 മില്ലീ മീറ്റർ. പണ്ടും മോവ്സിങ്റാമിൽ ഇതേ അളവിൽ മഴ ലഭിച്ചിരുന്നു. വടക്കു–കിഴക്കൻ സംസ്ഥാനങ്ങളിൽ മഴയുടെ അളവ് കണക്കാക്കിയിരുന്ന കാലം മുതൽ ഏറ്റവും നനവുള്ള പ്രദേശം ചെറാപ്പുഞ്ചിയായിരുന്നു. ഈ സഹസ്രാബ്ദത്തിലാണ് ആ സ്ഥാനം നഷ്ടപ്പെട്ടത്. കഴിഞ്ഞ വർഷം കേരളത്തിൽ ലഭിച്ചത് 3055 മില്ലീ മീറ്റർ മഴയാണ്. കേരളത്തെക്കാൾ നാലു മടങ്ങു കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമാണു ചെറാപ്പുഞ്ചി.

തോമസും ആനിയും

ഖാസി കുന്നുകൾ കയറിയ ആദ്യ മിഷനറിയാണ് തോമസ് ജോൺസ്. ആദ്യ മിഷനറി ഖാസി കുന്നുകളിൽ കാലു കുത്തിയതിന്റെ 175–ാം വാർഷികമാണിപ്പോൾ. തോമസ് ജോൺസും ഭാര്യ ആനിയും ഖാസി കുന്നുകളിൽ 1841ൽ എത്തിയപ്പോൾ ക്രിസ്ത്യാനികൾ ആരുമുണ്ടായിരുന്നില്ല. ആശുപത്രിയും മറ്റു സൗകര്യങ്ങളും ലഭ്യമായിരുന്നില്ല.

വെയ്ൽസിൽ നിന്നുള്ള പ്രസ്ബിറ്റീരിയൻ മിഷനറിയായിരുന്നു തോമസ്. ആദ്യ പ്രസ്ബിറ്റീരിയൻ പള്ളി ഖാസി കുന്നുകളുടെ തലസ്ഥാനമായ ചെറാപ്പുഞ്ചിയിൽ സ്ഥാപിച്ചതും തോമസാണ്. വിവാഹത്തിന്റെ തൊട്ടടുത്ത നാളുകളിലാണ് തോമസ് ജോൺസും ഭാര്യ ആനിയും ഇന്ത്യയിൽ എത്തിയത്. കൊൽക്കത്തയിലെ താമസത്തിനിടെ ആദ്യ കുഞ്ഞിനു ജന്മം നൽകി. അവന്റെ ആയുസ്സ് അധിക ദിവസം നീണ്ടില്ല. ആദ്യ കുഞ്ഞിന്റെ മരണത്തിന്റെ വേദനയുമായാണ് തോമസും ആനിയും ഖാസി കുന്നുകൾ കയറിയത്. കൊൽക്കത്തയിൽ നിന്ന് ഇപ്പോഴത്തെ ബംഗ്ലദേശിൽ എത്തി, അവിടെ നിന്നായിരുന്നു മലകയറ്റം.

സഭാ പ്രവർത്തനത്തിലും സാമൂഹിക സേവനത്തിലും ഭർത്താവിനൊപ്പം ആനിയും നിന്നു. 1846ൽ മറ്റൊരു കുഞ്ഞു പിറന്നപ്പോൾ ആനിയെ മരണം കൂട്ടിക്കൊണ്ടു പോയി. 1841ൽ സ്ഥാപിച്ച പ്രസ്ബിറ്റീരിയൻ പള്ളിയുടെ മുൻപിലുള്ള കുന്നിലാണ് പള്ളിയുടെ സെമിത്തേരി. ആ സെമിത്തേരിയിലെ ആദ്യ കല്ലറ തോമസിന്റെ പ്രിയ പത്നി ആനിയുടേതാണ്.

ഷില്ലോങ്- ചെറാപ്പുഞ്ചി പാതയിലെ ഡാം.

മിഷൻ ബോർഡിലെ വിഭാഗീയതയും മറ്റു പ്രശ്നങ്ങളുമായി 1849ൽ തോമസ് മലയിറങ്ങി. കൊൽക്കത്തയിൽ മലേറിയ ബാധിതനായാണു 39–ാം വയസ്സിൽ മരിച്ചത്. കേവലം ഒൻപതു വർഷത്തെ ജീവിതത്തിനിടയിൽ‌ ആ നാടിനെയും നാട്ടുകാരെയും അറിഞ്ഞതാണ് തോമസിന്റെ ജീവിതം. ഖാസി ഭാഷ രൂപീകരണത്തിലും സ്വന്തം ഭാഷയിലെ ബൈബിൾ രൂപപ്പെടുത്തുന്നതിലും തോമസ് നിർണായക പങ്കുവഹിച്ചു.

ഒരു വർഷത്തിനുള്ളിൽ സ്വന്തമായി ഖാസി ലിപിക്കു രൂപം നൽകി. നേരത്തേ ബംഗാളി അക്ഷരങ്ങളിലായിരുന്നു ഖാസി ഭാഷ എഴുതിയിരുന്നത്. ഖാസി ഭാഷയിലെ അക്ഷരങ്ങളെ ഇംഗ്ലിഷിൽ എഴുതിയാണ് പുതിയ ലിപിക്കു രൂപം നൽകിയത്. ഇംഗ്ലിഷിലെ വലിയ അക്ഷരത്തിലാണ് ഖാസി ഭാഷ എഴുതുന്നത്.ഖാസി കുന്നുകളിലെ ഏകദേശം 70% പേർ ക്രിസ്ത്യാനികളാണ്. ക്രിസ്തുമതം സ്വീകരിച്ചെങ്കിലും ഖാസി കുന്നുകളുടെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും മുടക്കമില്ല.

സെമിത്തേരികളുടെ നാട്

പ്രകൃതി ഭംഗിയിൽ എബോഡ് ഓഫ് ക്ലൗഡ്സ് (മേഘങ്ങളുടെ വാസസ്ഥലം) എന്നാണ് മേഘാലയത്തിന്റെ വിശേഷണം. കിഴക്കിന്റെ സ്കോട്‍ലാൻഡ് എന്ന മറ്റൊരു വിശേഷണം കൂടിയുണ്ട്. മൂന്നു കുന്നുകളുടെ കൂനയാണ് മേഘാലയം – ഖാസി, ഗാരോ, ജയ്ൻതിയ. ഓരോ കുന്നിനും സ്വന്തം ഭാഷയും സംസ്കാരവും ആചാരങ്ങളുമുണ്ട്. ഖാസി കുന്നുകളുടെ തലസ്ഥാനമായാണ് ചെറാപ്പുഞ്ചി അറിയപ്പെടുന്നത്. ഏകദേശം 70000 പേരാണ് ഖാസി കുന്നുകളുടെ അവകാശികൾ. അധികം ജനനിബിഡമല്ല ഈ പ്രദേശം. കുന്നുകളും അതിനിടയിലുള്ള ആവാസ കേന്ദ്രവുമാണ് ഖാസിയുടെ പ്രത്യേകത. പഴയ മോഡൽ ബസുകൾ ഇപ്പോഴും ഈ മലകളിലൂടെ ഓടുന്നു എന്നത് മറ്റൊരു കൗതുകം.

കുന്നുകളിലോരോന്നിലും കാണുന്ന കല്ലറകൾക്കും പറയാൻ പല വിശേഷങ്ങളുണ്ട്. മനുഷ്യവാസമില്ലാത്ത ഓരോ കുന്നിലും സെമിത്തേരികളുണ്ട്. കല്ലറകൾ എണ്ണുമ്പോൾ കുന്നുകളിൽ ഇത്രയും പേർ ജീവിച്ചിരുന്നുവോയെന്ന സംശയം. അടിക്കടിയുണ്ടാകുന്ന ഭൂചലനമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ആശങ്കപ്പെടുത്തുന്നത്.

ഷില്ലോങ്- ചെറാപ്പുഞ്ചി പാതയിലെ പ്രഭാതകാഴ്ച.

കുന്നുകളെ കുലുക്കുന്ന ചലനങ്ങളിൽ മരിച്ചവരുടെ കല്ലറകളാണ് ഈ സെമിത്തേരികളിൽ. ഭൂചലനത്തെ നേരിടാനുള്ള രീതിയിലാണ് കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത്. ബഹുനില കെട്ടിടങ്ങളൊന്നുമില്ല. വീടുകളുടെ മേൽക്കൂര ടിൻ ഷീറ്റാണ്. ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്നാലും അവശിഷ്ടങ്ങൾ വീണ് അപകടമുണ്ടാകില്ല.

മനുഷ്യ നിർമിത ദുരന്തം

മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്നു ചെറാപ്പുഞ്ചിയിലേക്ക് 55 കിലോമീറ്റർ. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 5000 അടി ഉയരത്തിലാണ് ഖാസി കുന്നുകൾ. അസമിലെ ഗുവാഹത്തിയിൽ നിന്ന് ദേശീയപാത–37ലൂടെയാണ് ഷില്ലോങ്ങിലേക്കുള്ള യാത്ര. ഈ ദേശീയപാതയുടെ ഒരു വശം അസമും മറുവശം മേഘാലയവുമാണ്. ഷില്ലോങ്ങിലേക്കും അവിടെ നിന്നു ചെറാപ്പുഞ്ചിയിലേക്കുമുള്ള വഴികളിലെ കാഴ്ചകൾ വർണനാതീതം.

കൽക്കരി, ചുണ്ണാമ്പു കല്ല് എന്നിവയുടെ അശാസ്ത്രീയമായ ഖനനം കുന്നുകളുടെ നാടിനെ തരിപ്പണമാക്കി. കാപ്പിപ്പൊടി നിറത്തിലാണ് ഇവിടെയുള്ള കൽക്കരി. സിമന്റിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന ചുണ്ണാമ്പ് കല്ല് വൻതോതിൽ ലഭ്യമാണ്. കുന്നുകളാണ് ബംഗാൾ ഉൾക്കടലിൽ നിന്നുള്ള മേഘങ്ങളെ തടഞ്ഞു നിർത്തി മഴ പെയ്യിക്കുന്നത്.

കുന്നുകൾ ഇടിഞ്ഞപ്പോൾ മഴയും കുറഞ്ഞുവെന്ന് നാട്ടുകാരനായ സോഹ്‍ലേഹ് പറഞ്ഞു. എന്റെ കുട്ടിക്കാലത്ത് എപ്പോഴും മഴയായിരുന്നു. ഇപ്പോൾ മഴയ്ക്കായുള്ള കാത്തിരിപ്പാണ്. മഴയുടെ കുറവുകൊണ്ട് ഞങ്ങളുടെ കുട്ടികൾക്ക് അസുഖങ്ങളാണ്. വീടിന്റെ ഭാഗമായുള്ള മുറിയിൽ കൽക്കരി കത്തിച്ചാണ് തുണിയുണങ്ങിയിരുന്നത്. ആഹാരം പാകം ചെയ്യുന്നതും കൽക്കരി കത്തിച്ചായിരുന്നു. ഇപ്പോൾ ആ കൽക്കരിക്കുന്നുകൾ ഇല്ലാതായി. കാടു നശിച്ചതാണ് മഴ കുറയാൻ കാരണമെന്ന അഭിപ്രായം വാസ്തവമല്ല. ഒരിക്കലും വൃക്ഷങ്ങളിൽ കൈവയ്ക്കില്ലെന്നു നാട്ടുകാർ പറയുന്നു, കാരണം മരങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നു – സോഹ്‍ലേഹിന്റെ വാക്കുകൾ.

ഈ കുന്നുകളിൽ എന്തും വിളയും. ചേനയും മധുരക്കിഴങ്ങും മറ്റു പച്ചക്കറികളുമെല്ലാം കുന്നുകളിൽ വിളയുന്നു. കൃഷിഫലങ്ങൾ തൊട്ടടുത്ത പട്ടണത്തിലെ ചന്തയിൽ എത്തിക്കും. അവിടെ ലഭിക്കുന്ന അരിക്കു പകരമായിതു വിൽക്കും. പണ്ടിതായിരുന്നു രീതി, ഇപ്പോൾ പലചരക്ക്, പച്ചക്കറിക്കടകളും ഈ പട്ടണത്തിലുണ്ട്. മഴയുടെ ലോകചരിത്രം മാത്രമല്ല, ഖാസി കുന്നുകളുടെ തിലകമായ ചെറാപ്പുഞ്ചിയുടെ പേരും മാറിയിരിക്കുന്നു. ഖാസി ഭാഷയിലെ സോഹ്റ എന്ന പേരിലാണ് ഈ പട്ടണം ഇപ്പോൾ അറിയപ്പെടുന്നത്. ശൈത്യ കാലത്ത് മഴയില്ലാത്ത മേഘങ്ങൾ ചെറാപ്പുഞ്ചിക്കു മീതെ നിഴലിട്ടു നിൽക്കുകയാണ്, പെയ്യുമെന്ന പ്രതീക്ഷ മാത്രമാണ് നാട്ടുകാരുടെ മനസ്സിൽ.