വിലാപമില്ലാതെ, പ്രണയകാവ്യം

കണ്ണൻ പെരുവണ്ണാൻ ചിത്രം: എം.ടി. വിധുരാജ്

‘ശരദഭ്രവീഥിയിലുല്ലസിക്കു- മൊരു വെള്ളി നക്ഷത്ര, മെന്തുകൊണ്ടോ, അനുരക്തയായിപോൽപ്പൂഴിമണ്ണി- ലമരും വെറുമൊരു പുൽക്കൊടിയിൽ’ – രമണൻ, ചങ്ങമ്പുഴ.

അന്നയാൾ ഒരു പുൽക്കൊടിയോളം ചെറുതായിരുന്നു. എന്നിട്ടും അന്നാട്ടിലെ വെള്ളിനക്ഷത്രത്തെ സ്വന്തമാക്കി. എല്ലാവരും കണ്ണുതുറിച്ചു നിന്ന മണ്ണിൽ അവർ ഒരു മനസ്സോടെ ജീവിച്ചു. മുന്നിൽ വന്നു വെല്ലുവിളിച്ച തടസ്സങ്ങളോടു മല്ലിട്ട് ഉത്തരമലബാറിലെ പ്രമുഖ തെയ്യംകലാകാരനായി വളർന്നു. നാട് ആദരവോടെ അഭിവാദനം ചെയ്യുന്ന കണ്ണൻ പെരുവണ്ണാന്റെ കഥ ജാതിയിൽ ഏറെ ഉയർന്ന ജാനകിയില്ലാതെ പൂർണമാവില്ല.

കളിയാട്ടം എന്ന സിനിമ നാം കാണുന്നതിനും ആറു പതിറ്റാണ്ടു മുൻപു കണ്ണൂരിലെ വെങ്ങരക്കാർ ആ കഥയുടെ ആദ്യപകുതി കണ്ടിരുന്നു. കണ്ണൻ പെരുവണ്ണാനിലൂടെ...ജാനകിയിലൂടെ... ആ തലമുറയിൽ എല്ലാവരും ചൊല്ലിനടന്ന ചങ്ങമ്പുഴയുടെ രമണനെന്ന പ്രണയവിലാപകാവ്യമായിരുന്നു അവരുടെ പ്രചോദനം. സംഭവബഹുലമായ ആ സംഭവകഥ പറയാൻ കണ്ണൻ എൺപത്തിയൊന്നാം വയസ്സിലും നമുക്കൊപ്പമുണ്ട്.

കാലം നരവീഴ്ത്തിയ മുഖമാണ് കണ്ണന്. ആളെ തിരിച്ചറിയാൻ കണ്ണട വേണം. നെറ്റിയിൽ ഭസ്മക്കുറി തൊട്ടു കണ്ണിറുക്കിയുള്ള പതിവു ചിരിയുമായി കണ്ണൻ പെരുവണ്ണാൻ വെങ്ങരയിലെ വീട്ടുപടിക്കൽ ഇരുന്നു. എന്നാണ് ജാനകിയെ ആദ്യമായി കണ്ടതെന്നു ചോദിച്ചപ്പോൾ പല്ലില്ലാത്ത മോണ കാട്ടി വീണ്ടും കണ്ണിറുക്കി. എന്നിട്ട് ആ കഥ പറഞ്ഞുതുടങ്ങി.

കണ്ണൻ പെരുവണ്ണാൻ , ജാനകി

വർഷം 1958. ഇട്ടമ്മലിൽ പുതിയ ഭഗവതി തെയ്യം കെട്ടിയാടി കഴിഞ്ഞ കാലം. ഒരു തെയ്യംകലാകാരനു ലഭിക്കുന്ന പ്രധാന അംഗീകാരങ്ങളിലൊന്നായ പട്ടും വളയും കണ്ണനെ തേടിയെത്തിയത് ആ കാലത്താണ്. തെയ്യംകെട്ടിലെ മിടുക്ക് തിരിച്ചറിഞ്ഞവർ അംഗീകരിക്കുമ്പോൾ വയസ്സ് 21 മാത്രം. അമ്പു പെരുവണ്ണാന്റെ മകനു പട്ടും വളയും ലഭിച്ചത് അന്നു വലിയ വാർത്തയായിരുന്നു. വള ലഭിച്ചവർക്കു മാത്രമേ വേട്ടയ്ക്കൊരുമകൻ ഉൾപ്പെടെയുള്ള പ്രധാന തെയ്യങ്ങൾ കെട്ടിയാടാൻ കഴിഞ്ഞിരുന്നുള്ളു.

‘ഇട്ടമ്മലിലെ ആ തെയ്യം കെട്ടുമ്പോഴാവണം അവൾ എന്നെ ആദ്യമായി കണ്ടത്. തെയ്യ വേഷത്തിൽ കണ്ടത് എന്നെയാവില്ല, സാക്ഷാൽ ഭഗവതി തന്നെയാണല്ലോ? എനിക്കവളെ ഇഷ്ടമായിരുന്നു. ആരും അവളെ ഇഷ്ടപ്പെടും. അത്രയ്ക്ക് ഐശ്വര്യമായിരുന്നു ജാനകിയെ കാണാൻ’ - നല്ല ഒത്ത ശരീരവും സൗമ്യമായ പെരുമാറ്റവുമായി ജാനകിയുടെ മാത്രമല്ല, എല്ലാവരുടെയും ഇഷ്ടം നേടിയ കണ്ണൻ വാക്കുകൾക്കിടയിൽ പ്രണയാതുരനായി. പ്രായം ചുളിവുകൾ വീഴ്ത്തിയത് ഇപ്പോഴല്ലേ!

പ്രണയമെങ്ങനെ അറിയിക്കുമെന്നതായിരുന്നു പ്രശ്നം. വലിയവീട്ടിലെ കുട്ടി. പോരാത്തതിനു താനൊരു കീഴ്ജാതിക്കാരൻ. കുലീന യാദവകുടുംബത്തിൽ പിറന്ന പെൺകുട്ടിയെ ഒരു തെയ്യംകെട്ടുകാരൻ സ്നേഹിക്കുന്നുവെന്നറിഞ്ഞാൽ അയാളുടെ കുലത്തെ പോലും ബാധിക്കുന്ന കാലം. എന്നിട്ടും പറയാതിരിക്കാൻ കണ്ണനു കഴിഞ്ഞില്ല. ജാനകി പാടത്തേക്കുള്ള നടവഴിയിൽ തനിച്ചായ തക്കം നോക്കി ഇടവഴിയിൽ പതുങ്ങിനിന്നു കണ്ണൻ കാര്യം പറഞ്ഞു. എങ്ങനെയെന്നല്ലേ? എല്ലാവരും ചങ്ങമ്പുഴയുടെ രമണൻ പാടിനടക്കുന്ന കാലത്ത് പ്രണയം പറയാൻ വാക്കുകൾക്കും വരികൾക്കും പഞ്ഞമില്ലല്ലോ?

കണ്ണൻ പ്രണയം പാടിപ്പറയുമ്പോൾ, അക്കാലത്തെ എല്ലാ പെൺകുട്ടികളെയും പോലെ ജാനകിയും വഴിമാറി നടന്നു. കണ്ണന് അതൊരു പതിവായി. പതിയെ പതിയെ അവർ ഇഷ്ടത്തിലായി. തമ്മിൽ കാണുന്നതു‌തന്നെ അസാധ്യമായ കാലത്തും അവർ വഴികൾ കണ്ടെത്തി... മിണ്ടി... സംസാരിച്ചു... അടുത്തു.

ജാനകിയുടെ വലിയവീട്ടിൽ ഈ കഥ അറിയാൻ ഏറെ വൈകിയില്ല. വഴക്കായി, ബഹളമായി. തറവാടിന്റെ അകത്തളങ്ങളിൽ ജാനകി മാത്രമല്ല, അമ്മയും മർദനം ഏൽക്കേണ്ടി വന്നു. തറവാടിനു ‘ചീത്തപ്പേരുണ്ടാക്കാൻ പിറന്ന സന്തതിയെ’ പടിയടച്ചു പിണ്ഡംവച്ചു. ജാനകിക്കു വീടുവിട്ട് ഇറങ്ങേണ്ടി വന്നു. പട്ടുവത്തെ അമ്മവീട്ടിലായിരുന്നു അഭയം.

ജാനകിയെ താൻ വിവാഹം കഴിക്കാൻ തയാറാണെന്നും ഇതുവഴി തറവാടിന്റെ അഭിമാനം തിരിച്ചുകിട്ടുമെന്നും അറിയിച്ചു നാട്ടുകാരനായ മറ്റൊരാൾ മുന്നോട്ടുവന്നെങ്കിലും ജാനകി ഒന്നുറപ്പിച്ചിരുന്നു: കണ്ണേട്ടനൊപ്പം ജീവിതമില്ലെങ്കിൽ മരണം!

ഇതിനിടെ, അവരുടെ പ്രണയം നാട്ടിൽ പാട്ടായി. കണ്ണന്റെ ഉറ്റചങ്ങാതി പച്ചടത്ത് വീട്ടിൽ ഭരതൻ പോലും ഈ സംഭവം അറിയാൻ വൈകി. വർഷങ്ങൾക്കിപ്പുറം ആ കാലം ഓർത്തെടുക്കുന്നതിനിടെ, മദനൻ രമണനോട് ചോദിച്ചതുപോലെ ഭരതൻ

കണ്ണനോടു ചോദിച്ചു:

‘നീയെന്നിൽനിന്നാ രഹസ്യമിനിയും മറച്ചുപിടിക്കയാണോ? ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ കരളല്ലേ, നിയെന്റെ ജീവനല്ലേ?’ ജാനകിയെ സ്വന്തമാക്കാനുള്ള യാത്രയിൽ കണ്ണൻ പെരുവണ്ണാൻ ഒറ്റയ്ക്കായിരുന്നില്ല. കോൺഗ്രസിലെ സഹപ്രവർത്തകർ മാത്രമല്ല, ജ്യേഷ്ഠൻ രാമപെരുവണ്ണാന്റെ കമ്യൂണിസ്റ്റ് സുഹൃത്തുക്കളും ഇവർ ഒന്നിക്കണമെന്ന് ആഗ്രഹിച്ചു. തീയ്യരുൾപ്പെടെ പലജാതിക്കാർ കണ്ണനൊപ്പം നിന്നു.

അവർ ചേർന്ന് ആദ്യം ജാനകിയെ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലും പിന്നീട് റജിസ്ട്രാർ ഓഫിസിലുമെത്തിച്ച് വിവാഹം നടത്തിയതോടെ പ്രണയകഥ ശുഭം. നാട്ടിൽത്തന്നെ ഒരു പുര കെട്ടി കണ്ണൻ നെഞ്ചുറപ്പോടെ താമസം തുടങ്ങി. പക്ഷേ, സന്തോഷത്തോടെ ജീവിതം തുടങ്ങിയ അവർക്കു നാട്ടിലെ പ്രമാണിമാർ ചേർന്നു കൽപ്പിച്ചത് ഭ്രഷ്ട്. നാടിനു പുറത്ത് ഏറെ സ്വീകാര്യനായ തെയ്യക്കാരനായി വളർന്ന കണ്ണൻ പെരുവണ്ണാനു നാട്ടിലെ പല ക്ഷേത്രങ്ങളിലും ഇപ്പോഴും തുടരുന്ന വിലക്കിന്റെ കഥ കൂടി അറിയുക.

തെയ്യം കെട്ടാനുള്ള അവകാശം കുടുംബപരമായി കിട്ടിയതാണെങ്കിലും കണ്ണൻ പെരുവണ്ണാനെ തെയ്യത്തിനു വിളിക്കരുതെന്നു പ്രമാണിമാർ ചട്ടം കെട്ടിയാൽ എന്തു ചെയ്യും? ജാനകിയും കണ്ണനും പട്ടിണിയാവുമെന്നു കരുതിയവർക്കു തെറ്റി. കുട്ടിയായിരിക്കുമ്പോഴേ പഠിച്ചെടുത്ത വൈദ്യവും പിന്നീട് കോട്ടയത്തു പോയി ശാസ്ത്രീയമായി പഠിച്ചെടുത്ത ഹോമിയോ ചികിൽസയും കണ്ണൻ സജീവമാക്കി. പക്ഷേ, പറഞ്ഞിട്ടെന്താ...പ്രമാണിമാർ ഭ്രഷ്ട് കൽപ്പിച്ച കണ്ണനരികിൽ പകൽവെളിച്ചത്തിൽ വരാൻ പലർക്കും മടി.

ചികിൽസയിലെ മികവു രായ്ക്കുരാമാനം രോഗികളെ എത്തിച്ചു. നൽകാൻ പണമില്ലാതെ നെല്ലും മീനുമെല്ലാം കൊണ്ടുവന്നു കൊടുത്തു ചികിൽസ തേടിയവർ ഇപ്പോഴുമുണ്ട് വെങ്ങരയിൽ. ഇതിനിടെ ജാനകി പാടത്തു പോയി കൃഷിപ്പണി ചെയ്ത് ഒരോഹരി വീട്ടിലേക്കു കൊണ്ടുവന്നു. അടിയുറച്ച കോൺഗ്രസുകാരനായ കണ്ണൻ വിമോചന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 21 ദിവസം ജയിലിലുമായി. വീട്ടിൽ തനിച്ചായിട്ടും മടങ്ങിപ്പോകാൻ ജാനകിക്കു കഴിഞ്ഞില്ല.

കണ്ണൻ വരുന്നതും കാത്തിരുന്നു. ജയിലിൽനിന്നിറങ്ങി വീട്ടിലെ പട്ടിണി മാറ്റാൻ മുംബൈയിലേക്കു വണ്ടികയറി. അവിടെ മരുന്നുകടയിൽ ആളുടെ ഒഴിവുണ്ട്, പോന്നോളൂ എന്ന് നാട്ടുകാരനായ പാഞ്ചാലി ഗോവിന്ദൻ പറഞ്ഞതനുസരിച്ചു പോയതാണ്. പക്ഷേ, കിട്ടിയത് മറ്റൊരു ജോലി. രണ്ടുമാസം പിടിച്ചുനിന്നു നോക്കി. പണം മാത്രമല്ലല്ലോ ജീവിതം.

തിരികെ ജാനകിയുടെ അടുക്കലേക്ക്. അവർക്കു മക്കൾ പിറന്നു. നാടിനെ‌ പിടിച്ചുലച്ച പ്രേമകഥയിലെ നായകനും നായികയ്ക്കും ആദ്യം പിറന്ന കുഞ്ഞിനെ അവർ പ്രേമജം എന്നു വിളിച്ചു! ‌പിന്നെ രേണുക, ധനലക്ഷ്മി, ഏക ആൺതരി ധനരാജ്, ശ്രീജ, ശ്രീവിദ്യ. അവരെല്ലാം ഇന്നു കുടുംബിനികളാണ്. ഒരുപക്ഷേ, വേരോടെ നിലംപൊത്തുമായിരുന്ന ഒരു കുടുംബത്തെ തിരിച്ചു ജീവിതത്തിലേക്കു വഴിനടത്താൻ കണ്ണനെ സഹായിച്ചതു ദൈവദാനമായി കിട്ടിയ വൈദ്യവും ദൈവമായി മാറുന്ന തെയ്യവും.

ചികിൽസയ്ക്ക് ജാതിയില്ലല്ലോ?

വെങ്ങര മൂലക്കിലെ തുണ്ടുവളപ്പിൽ കുഞ്ഞിക്കണ്ണൻ പണിക്കർ, അമ്മയ്ക്ക് ശ്വാസതടസ്സം വന്നപ്പോൾ ആരെയും കൂസാതെ കണ്ണന്റെ അടുക്കലെത്തിച്ചു. രോഗം ഭേദമായാൽ, കണ്ണനെക്കൊണ്ടു തെയ്യം തറവാട്ടിൽ കെട്ടിക്കുമെന്നു നേർന്നു. ചികിൽസ ഫലിച്ചാലും ഈ ജന്മം തെയ്യം കെട്ടാൻ കഴിയുമെന്നു തോന്നുന്നില്ലെന്ന് നിരാശപ്പെട്ട കണ്ണനോടു പണിക്കർ പറഞ്ഞു: ‘നമ്മള് രണ്ടു കുടുംബക്കാരായാലും മതി. ഇക്കുറി തെയ്യം കെട്ടിയിരിക്കും’ ചികിൽസ ഫലിച്ചെന്നു മാത്രമല്ല, കണ്ണൻ പെരുവണ്ണാൻ വീണ്ടും തെയ്യക്കാരനാവുകയും ചെയ്തു. ജീവിത യുദ്ധത്തിൽ കണ്ണൻ വീണ്ടും ജയിച്ചു. ആദ്യം കെട്ടിയാടിയ തെയ്യം കതിവന്നൂർ വീരനായത് വിധി കാത്തുവച്ച കൗതുകമാവാം. കോലത്തുനാട്ടിലെ വീരപുത്രൻ മാങ്ങാട്ടെ മന്ദപ്പന്റെ കഥയാണല്ലോ കതിവന്നൂർ വീരൻ തെയ്യം.

കണ്ണൻ തെയ്യം കെട്ടുന്നതറിഞ്ഞ് പ്രമാണിമാർ ചെയ്തത് എന്താണെന്നറിയുമോ? സമീപത്തായി കഥകളി വച്ചു. തെയ്യത്തിന് ആളുകൂടാതിരിക്കാനുള്ള വിദ്യ. കുറെപ്പേർ കഥകളി കാണാൻ പോയി. ഇന്നത്തെ പോലെ വൈദ്യുതി വെളിച്ചമില്ല. ചൂട്ടുകത്തിച്ച് ഉയർത്തി കഥകളി കാണുന്നതിനിടെ ചിലർക്കു പൊള്ളലേറ്റു. തെയ്യം കാണാതെ കഥകളി കാണാൻ പോയതിലുള്ള ശാപമാകാം ഇതെന്ന് അവർതന്നെ കരുതി. ഈ സംഭവത്തോടെ കണ്ണൻ പെരുവണ്ണാൻ വീണ്ടും സ്വീകാര്യനായി. പിന്നെ, പതിറ്റാണ്ടുകൾ നീണ്ട തെയ്യംകെട്ട്. ഫോക്‌ലോർ അക്കാദമിയുടെ ഉൾപ്പെടെ പുരസ്കാരങ്ങളും കണ്ണനെ തേടിയെത്തി.

അഞ്ചാംവയസ്സിൽ നീലമഹാകേശി തെയ്യം കെട്ടിത്തുടങ്ങിയതാണ് കണ്ണനെന്ന തെയ്യക്കാരന്റെ ജീവിതം. ഗന്ധർവൻ പ്രവേശിച്ചുവെന്നു കരുതുന്ന സ്ത്രീയുടെ വീട്ടിൽ നടത്തുന്ന ഗന്ധർവൻ പാട്ട് ആചാരത്തിന്റെ ഭാഗമായിരുന്നു നീലമഹാകേശി. അച്ഛൻ അമ്പു പെരുവണ്ണാനും മുത്തച്ഛൻ കണ്ണൻ കുറ്റുവനും ചേർന്ന് 21 കല്ലുപതിച്ച തലപ്പാടി കെട്ടിവിട്ടാണ് നീലമഹാകേശിയായത്.

വയസ്സു കൂടുംതോറും കെട്ടുന്ന തെയ്യങ്ങളും മാറി വന്നു. ആടിവേടനും ഓണത്താറുമെല്ലാം കെട്ടി കുട്ടിത്തെയ്യക്കാരനായി പേരെടുത്ത കണ്ണൻ ഏഴാം വയസ്സിൽ സ്കൂളിൽ ചേർന്നു. 13-ാം വയസ്സിൽ മുത്തപ്പന്റെ വെള്ളാട്ടം കഴിച്ചതോടെ കുട്ടിത്തെയ്യങ്ങൾ വിട്ടു. വയനാട്ടുകുലവൻ ഉൾപ്പെടെയുള്ള തെയ്യക്കോലങ്ങളുമായി കണ്ണൻ പെട്ടെന്നു പേരെടുത്തു. അച്ഛനും മുത്തച്ഛനുമെല്ലാം അണിയുന്ന കാൽച്ചിലമ്പും വളകളുമൊന്നും കുട്ടിത്തെയ്യക്കാരനായിരുന്ന തനിക്കു പാകമായിരുന്നില്ലെന്നു കണ്ണൻ ഓർക്കുന്നു. ഉറഞ്ഞുതുള്ളുന്നതിനിടെ ഊരിപ്പോകുമെന്നു പേടിച്ച് കാൽച്ചിലമ്പ് ഒഴിവാക്കിയ സന്ദർഭം പോലും ഉണ്ടായിട്ടുണ്ടത്രേ.

കണ്ണന്റെ അച്ഛനും കുടുംബക്കാർക്കും നാട്ടുവൈദ്യവും മറ്റും വശമായിരുന്നു. വെങ്ങരയിൽ സ്വന്തമായി മരുന്നു പീടികയും അവർ നടത്തിവന്നു. സ്കൂൾ കാലം മുതലേ മരുന്നും വൈദ്യവുമൊക്കെ മനസ്സിലാക്കാൻ കണ്ണൻ ഉൽസാഹിച്ചു. ഹോമിയോ ചികിൽസ വശമാക്കിവന്ന കണ്ണൻ നാട്ടിൽ സ്വന്തമായി ഹോമിയോ ഡിസ്പെൻസറിയും തുടങ്ങി. കൊല്ലത്തെ ശ്രീരാമവിലാസം പ്രസിൽ നിന്നും ആലപ്പുഴയിലെ വിദ്യാരംഗം പ്രസിൽ നിന്നും പുസ്തകങ്ങൾ വരുത്തി പഠിച്ചു. ഇതേക്കുറിച്ചു ചോദിക്കുമ്പോൾ ഇടതടവില്ലാതെ രണ്ടു വരി ചൊല്ലി കണ്ണിറുക്കും കണ്ണൻ. പഠിച്ചതൊക്കെയും മനപ്പാഠമാണ്, ഈ പ്രായത്തിലും!

പ്രായത്തെ തോൽപ്പിക്കാൻ ഊർജമായി ജാനകിയുടെ ഓർമകളുണ്ട്. നാട്ടിലെ പ്രമാണിമാർ മുഴുവൻ എതിർത്തിട്ടും മരണം വരെ നിഴൽപോലെ നിന്ന ജാനകി. കണ്ണന്റെ ഭാഷയിൽ പറഞ്ഞാൽ, ആരോടും പരിഭവിക്കാത്ത, ഉള്ളതുകൊണ്ടു കഴിച്ചിലാക്കുന്ന ജാനകി.. 2005ലായിരുന്നു അവർ ആകാശനക്ഷത്രങ്ങൾക്കിടയിലൊളിച്ചത്. തിളക്കമുള്ള ആ നക്ഷത്രത്തെ പ്രണയിച്ചു ഭൂമിയിൽ കഴിയുകയാണ് പുൽക്കൊടി ഇപ്പോഴും... ഇനിയൊരു ജന്മമുണ്ടെങ്കിൽ, വീണ്ടും ഒരേ മണ്ണിലമരാം എന്ന പ്രതീക്ഷയോടെ...