മൂന്നാമത്തെ 'മനുഷ്യൻ'

1968 മെക്സിക്കോ സിറ്റി ഒളിംപിക്സിലെ ബ്ലാക്ക് പവർ സല്യൂട്ട്. ഇടതു ഭാഗത്ത് ഏറ്റവും മുന്നിൽ പീറ്റർ നോർമൻ.

‘ദാ, ഏറ്റവും ഇങ്ങേയറ്റത്തു നിൽക്കുന്നതാണു ഞാൻ’– ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ ചിത്രങ്ങളിലൊന്നിൽ തന്റെ മുഖമുണ്ടായിട്ടും ഇങ്ങനെ പറഞ്ഞറിയിക്കേണ്ടി വന്ന നിസ്സഹായതയുടെ പേരാണു പീറ്റർ നോർമൻ. നോർമനൊപ്പം ആ ദൃശ്യത്തിൽ നിറഞ്ഞുനിന്ന രണ്ടുപേർ പിന്നീടു ഹീറോകളായി. ചിത്രത്തിന്റെ ഭാഗമായിട്ടും നോർമൻ ചരിത്രത്തിന്റെ ഫ്രെയിമിനു പുറത്താവുകയും ചെയ്തു.

രംഗം: 1968ലെ മെക്സിക്കോ സിറ്റി ഒളിംപിക്സ്. 200 മീറ്റർ ഓട്ടമൽസരത്തിന്റെ മെഡൽദാനച്ചടങ്ങ്. അമേരിക്കക്കാരായ ടോമി സ്മിത്തും യുവാൻ കാർലോസും ഓസ്ട്രേലിയക്കാരനായ പീറ്റർ നോർമനും മെഡൽ പോഡിയത്തിലേക്ക്. ലോക റെക്കോർഡ് സമയത്തോടെ സ്മിത്തിനായിരുന്നു സ്വർണം. കാർലോസിനെ പിന്തള്ളി നോർമൻ രണ്ടാമതെത്തി. മെക്സിക്കോ സിറ്റിയിലെ ശൈത്യ കാലാവസ്ഥയിൽ ഫ്രീസ് ചെയ്തു പോകുമായിരുന്ന ആ നിമിഷത്തെ പക്ഷേ മൂന്നു പേരും ചേർന്ന് അനശ്വരമാക്കി.

മെഡൽദാനച്ചടങ്ങിനിടെ അമേരിക്കൻ ദേശീയഗാനമുയർന്നപ്പോൾ സ്മിത്തും കാർലോസും തല താഴ്ത്തി, കീശയിൽനിന്നെന്തോ പുറത്തെടുക്കുന്നപോലെ കൈകളുയർത്തി. കറുത്ത ഗ്ലൗ അണിഞ്ഞ സ്മിത്തിന്റെ വലംകയ്യും കാർലോസിന്റെ ഇടംകയ്യും അന്തരീക്ഷത്തിലുയർന്നു. സ്റ്റേഡിയം നിറഞ്ഞ അമേരിക്കൻ ആരാധകർ ആദ്യം നിശ്ശബ്ദരായി. പിന്നെ കൂവി വിളിച്ചു.

നോർമന്റെ ശവമഞ്ചവുമായി ടോമി സ്മിത്തും യുവാൻ കാർലോസും.

അമേരിക്കയിൽ കറുത്ത വർഗക്കാർ നേരിടുന്ന വിവേചനത്തോടുള്ള ശക്തമായ പ്രതിഷേധമായിരുന്നു സ്മിത്തിന്റെയും കാർലോസിന്റെയും പ്രതിഷേധം. ലോകം പിന്നീടതിനെ വിളിച്ചു–ബ്ലാക്ക് പവർ സല്യൂട്ട്. അന്ന് ഒളിംപിക്സിൽനിന്നു മടക്കി അയയ്ക്കപ്പെട്ടെങ്കിലും സ്മിത്തും കാർലോസും പിന്നീടു ലോകമെങ്ങും വീരനായകരായി. പക്ഷേ, മെഡൽ പോഡിയത്തിന്റെ വെള്ളിപ്പടിയിൽ നിശ്ശബ്ദനായി നിന്ന പീറ്റർ നോർമനെ ആരും കണ്ടില്ല. സ്മിത്തിനോടും കാർലോസിനോടുമുള്ള ഐക്യദാർഢ്യമായി അദ്ദേഹം നെഞ്ചിൽ കുത്തിയ മനുഷ്യാവകാശ ബാഡ്ജും!

  ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്പ്രിന്റർമാരിലൊരാളാണ് പീറ്റർ നോർമൻ. മെക്സിക്കോ സിറ്റിയിൽ നോർമൻ കുറിച്ച സമയം ഇന്നും ഓസ്ട്രേലിയൻ റെക്കോർഡായി നിലനിൽക്കുന്നു. രണ്ടായിരത്തിലെ സിഡ്നി ഒളിംപിക്സിൽ ഈ സമയത്തിൽ ആരെങ്കിലും ഓടിയിരുന്നെങ്കിൽ സ്വർണം നേടിയേനെ.

എന്നിട്ടും ഫേവറിറ്റായിട്ടല്ല നോർമൻ മെക്സിക്കോ സിറ്റി ഒളിംപിക്സിനെത്തിയത്. ടോമി സ്മിത്തിനും ജോൺ കാർലോസിനുമിടയിൽ നോർമനെ ആരും ശ്രദ്ധിച്ചു പോലുമുണ്ടായിരുന്നില്ല. സെമിഫൈനലിൽ കാർലോസിനു പിന്നിൽ രണ്ടാം സ്ഥാനക്കാരനായിട്ടാണ് നോർമൻ ഫൈനലിലെത്തിയത്. പക്ഷേ, ഫൈനലിൽ കഥ മാറി. ലോക റെക്കോർഡും ഒളിംപിക് റെക്കോർഡും കുറിച്ച് സ്മിത്ത് സ്വർണത്തിലേക്കോടി. രണ്ടാം സ്ഥാനത്തു കാർലോസിനെ പ്രതീക്ഷിച്ചവരെ അദ്ഭുതപ്പെടുത്തി വെളുത്തു കൊലുന്നനെയുള്ള നോർമൻ ഫിനിഷിങ് ലൈൻ കടന്നു.

 അമേരിക്കയിൽ പൗരാവകാശ സമരങ്ങളുടെ മുന്നണിപ്പോരാളിയായ മാർട്ടിൻ ലൂതർ കിങ് ജൂനിയർ കൊല്ലപ്പെട്ട വർഷമായിരുന്നു 1968. ലോകമെങ്ങും വിവേചനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ രൂപപ്പെടുന്ന സമയം. ഒളിംപിക് മെ‍ഡൽ‍ വാങ്ങി വെറുതെ മടങ്ങിപ്പോകാൻ കറുത്ത വർഗക്കാരായ സ്മിത്തിന്റെയും കാർലോസിന്റെയും മനസ്സു സമ്മതിച്ചില്ല. മനുഷ്യത്വരഹിതമായ വിവേചനങ്ങൾക്കെതിരെ പ്രതികരിക്കാൻ ഒളിംപിക്സ് പോലൊരു വേദിയുണ്ടോ...? ഷൂ ഉപേക്ഷിച്ച് സോക്സ് മാത്രം അണിഞ്ഞ്, മെഡൽ ദാനച്ചടങ്ങിൽ അമേരിക്കൻ ദേശീയ ഗാനമുയരുമ്പോൾ കറുത്ത ഗ്ലൗ അണിഞ്ഞ മുഷ്ടി ഉയർത്താനായിരുന്നു തീരുമാനം. നോർമനോടു തങ്ങളുടെ പദ്ധതി അറിയിച്ച സന്ദർഭം കാർലോസ് പിന്നീടു തന്റെ ആത്മകഥയിൽ വിവരിച്ചതിങ്ങനെ; നോർമനോടു ഞങ്ങൾ ആദ്യം ചോദിച്ചു: ‘നിങ്ങൾ മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കുന്നുണ്ടോ...?’
അതെ–അദ്ദേഹം തലയാട്ടി.

‘ദൈവത്തിലോ...?

‘തീർച്ചയായും...’– നോർമന്റെ ഉത്തരം.

ഞങ്ങൾ ചെയ്യാൻ പോകുന്ന കാര്യം വിവരിച്ചപ്പോൾ നോർമന്റെ കണ്ണുകളിൽ ഭയമാണു ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, കണ്ടതു സ്നേഹവും...
‘ഞാൻ നിങ്ങൾക്കൊപ്പം നിൽക്കാം’– നോർമന്റെ ഉറച്ച മറുപടി സ്മിത്തിന്റെയും കാർലോസിന്റെയും കണ്ണു നനയിച്ചു.കറുത്ത കയ്യുറ അണിഞ്ഞ് സ്മിത്തും കാർലോസും കൈ ഉയർത്താനായിരുന്നു തീരുമാനം. എന്നാൽ കാർലോസ് തന്റെ കയ്യുറകൾ ഒളിംപിക് ഗ്രാമത്തിൽ മറന്നുവച്ചു. ഒടുവിൽ നോർമനാണു പ്രതിവിധി കണ്ടെത്തിയത്– സ്മിത്ത് വലംകയ്യും കാർലോസ് ഇടംകയ്യും ഉയർത്തട്ടെ.

ചിന്താഭാരവുമായി സ്മിത്തും കാർലോസും മെഡൽ പോഡിയത്തിലേക്കു നടന്നപ്പോൾ നോർമൻ അടുത്തുണ്ടായിരുന്ന അമേരിക്കൻ റോവിങ് താരം പോൾ ഹോഫ്മാന്റെ അടുത്തേക്കു ചെന്നു. നെഞ്ചിലെ മനുഷ്യാവകാശ ബാഡ്ജിലേക്കു ചൂണ്ടി ചോദിച്ചു: അൽപ്പനേരം ഇതെനിക്കു തരാമോ...?

ഹോഫ്മാൻ നൽകിയ ബാഡ്ജും കുത്തി നോർമൻ സ്മിത്തിനും കാർലോസിനുമൊപ്പം ചെന്നു. പിന്നീടു സംഭവിച്ചതിനെക്കുറിച്ച് നോർമൻ പറയുന്നു.
‘‘ഏറ്റവും മുൻപിലുള്ള പടിയിലായതിനാൽ അവർ ചെയ്യുന്നതു ഞാൻ കണ്ടില്ല. പക്ഷേ, സ്റ്റേഡിയത്തിന്റെ നിശ്ശബ്ദതയിൽ ഞാനതിന്റെ തീവ്രത അനുഭവിച്ചു...’’

ഒളിംപിക്സിന്റെ അന്തസ്സ് കെടുത്തിയെന്ന മുറവിളികളുയർന്നതിനെത്തുടർന്ന് സ്മിത്തും കാർലോസും യുഎസ് ഒളിംപിക് സംഘത്തിൽനിന്നു പുറത്തായി. നാട്ടിൽ തിരിച്ചെത്തിയ രണ്ടുപേർക്കു നേരെയും വധഭീഷണികളുണ്ടായി. ഒരു ജോലി കണ്ടെത്താൻ കഷ്ടപ്പെട്ടു. എന്നാൽ അതോടൊപ്പംതന്നെ പൗരാവകാശ പ്രസ്ഥാനങ്ങളുടെ വീരനായകരായി ഇരുവരും.

ലോകമെങ്ങും മനുഷ്യാവകാശ പോരാട്ടങ്ങളുടെ പ്രതീകമായി ബ്ലാക്ക് സല്യൂട്ട് പ്രകീർത്തിക്കപ്പെട്ടു. നോർമന്റെ കഥ നേരെ തിരിച്ചായിരുന്നു. ഒളിംപിക്സിൽനിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടില്ല. പക്ഷേ, അതുകഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതോടെ തുടങ്ങി ദുരിതകാലം. രാജ്യത്തെ നാണം കെടുത്തിയവനായി അദ്ദേഹം ചിത്രീകരിക്കപ്പെട്ടു. 1972 മ്യൂണിക് ഒളിംപിക്സിനു 13 തവണ യോഗ്യതാ സമയം കണ്ടെത്തിയിട്ടും ഓസ്ട്രേലിയ നോർമനെ അയച്ചില്ല. വ്യക്തിജീവിതത്തിലും നോർമനെ ദുരന്തങ്ങൾ പിന്തുടർന്നു.

വിവാഹബന്ധം തകർന്നു. കടുത്ത വിഷാദം പിടികൂടിയതിനെത്തുടർന്ന് നോർമൻ ആശുപത്രിയിലായി. കാൽമുട്ടിൽ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം പെയിൻ കില്ലറുകൾക്ക് അടിമയായി. രണ്ടായിരത്തിൽ ഓസ്ട്രേലിയ ഒളിംപിക്സിന് ആതിഥ്യമരുളിയപ്പോഴും നോർമനെ മറന്നു. മുൻ ഒളിംപിക് ചാംപ്യൻമാരെ ആദരിക്കാൻ നടത്തിയ ചടങ്ങിലേക്കും നോർമനു ക്ഷണമുണ്ടായില്ല.

‘നോർമൻ അമേരിക്കക്കാരനായിരുന്നില്ല, കറുത്ത വർഗക്കാരനായിരുന്നില്ല, ‍അദ്ദേഹത്തിനു ഞങ്ങൾക്കൊപ്പം നിൽക്കേണ്ട ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹം ഒരു മനുഷ്യനായിരുന്നു...’– കാർലോസും സ്മിത്തിന്റെയും വാക്കുകൾ. ബ്ലാക്ക് സല്യൂട്ട് സംഭവത്തെത്തുടർന്നു നോർമന്റെ ഉറ്റമിത്രങ്ങളായി മാറിയിരുന്നു ഇരുവരും. നോർമന്റെ മരുമകൻ അദ്ദേഹത്തെക്കുറിച്ച് ‘സല്യൂട്ട്’ എന്ന ഡോക്യുമെന്ററി നിർമിച്ചപ്പോൾ അന്നത്തെ ഓർമകൾ ഒന്നിച്ചു പങ്കുവച്ചു മൂന്നുപേരും.

ഒരു ചിത്രത്തിൽ തീരുന്നില്ല ഈ കഥ. 2006ൽ നോർമൻ മരണപ്പെട്ടപ്പോൾ  പ്രിയ സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ മെൽബണിൽ പറന്നെത്തി സ്മിത്തും കാർലോസും. 38 വർഷങ്ങൾക്കു മുൻപു മെഡൽ പോഡിയത്തിൽ മൂന്നുപേരും ചേർന്നു സൃഷ്ടിച്ച ചിത്രത്തിന്റെ തുടർച്ചപോലെ മറ്റൊന്നുകൂടി ലോകം കണ്ടു. നോർമന്റെ ശവമഞ്ചവുമേന്തി നിൽക്കുന്ന സ്മിത്തും കാർലോസും. ആദ്യത്തെ ചിത്രം മനുഷ്യാവകാശത്തിന്റെ ഉജ്വല പ്രഖ്യാപനമായിരുന്നെങ്കിൽ രണ്ടാമത്തേതു മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണം. ആറു വർഷങ്ങൾക്കുശേഷം നോർമനോടു ചെയ്ത അനീതികൾക്കു മാപ്പു പറഞ്ഞ് ഓസ്ട്രേലിയൻ പാർലമെന്റും പ്രായശ്ചിത്തം ചെയ്തു. ഏറെ വൈകിയെങ്കിലും...