ട്രംപ് ഫാഷിസ്റ്റല്ലേയെന്ന് ഇന്ത്യൻ യുവതി; വലഞ്ഞ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി

വിഡിയോയില്‍ ഷോണ്‍ സ്പൈസര്‍.

വാഷിങ്ടൻ ∙ ഒരു ഫാഷിസ്റ്റിനു വേണ്ടി ചെയ്യുന്ന ജോലി എങ്ങനെയുണ്ട്? ചോദ്യം കേട്ട് വൈറ്റ് ഹൗസിലെ പ്രസ് സെക്രട്ടറി ഷോൺ സ്പൈസർ ആദ്യം അമ്പരന്നു. പിന്നെ ചിരിച്ചുകൊണ്ട് ഇന്ത്യക്കാരിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

‘ആപ്പിളി’ന്റെ ഒരു കടയായിരുന്നു ‘ഏറ്റുമുട്ടലി’ന്റെ വേദി. ഫോൺ വാങ്ങാനെത്തിയ ഇന്ത്യക്കാരിയായ ശ്രീ ചൗഹാൻ (33) സ്പൈസറെ യാദൃച്ഛികമായി കണ്ടു. കിട്ടിയ അവസരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വംശീയ വിദ്വേഷത്തെപ്പറ്റി തുരുതുരെ ചോദ്യങ്ങളുന്നയിച്ചു. ഒപ്പം ഇതെല്ലാം മൊബൈൽ ഫോണിലെ ക്യാമറയിൽ പകർത്തി.

തിരഞ്ഞെടുപ്പിൽ ഇടപെടാൻ റഷ്യയെ സഹായിച്ചോ, നിങ്ങളും ക്രിമിനലല്ലേ, പ്രസിഡന്റിനെപ്പോലെ താങ്കളും രാജ്യത്തെ വഞ്ചിച്ചോ തുടങ്ങിയ പ്രകോപനപരമായ ചോദ്യങ്ങളാണ് യുവതി ഉന്നയിച്ചത്. ആദ്യം ചിരിച്ചു പിൻവാങ്ങിയെങ്കിലും ഒടുവിൽ സ്പൈസർ പറഞ്ഞു: നിങ്ങളെപ്പോലുള്ളവരെ ഇവിടെ തുടരാൻ അനുവദിക്കുന്നതു തന്നെ ഈ രാജ്യത്തിന്റെ മഹത്വത്തിനു തെളിവാണ്.

ഇതോടെ തന്റെ നിറത്തെ ഉദ്ദേശിച്ച് വംശീയ അധിക്ഷേപം സ്പൈസർ നടത്തിയെന്ന് ശ്രീ ചൗഹാൻ ആരോപിച്ചു. തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു സ്പൈസർ ചെയ്തതെന്ന ആരോപണം ഉന്നയിച്ചുകൊണ്ട് താൻ പകർത്തിയ ദൃശ്യങ്ങൾ ശ്രീ ചൗഹാൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.

വിഡിയോ വൈറലായതോടെ വിവാദം മറ്റൊരു തലത്തിലെത്തി. പതിവായി നടത്താറുള്ള പത്രസമ്മേളനത്തിൽ ഇതേപ്പറ്റി സ്പൈസർ പറഞ്ഞു: അമേരിക്ക ഒരു സ്വതന്ത്ര രാജ്യമാണ്. ഇങ്ങനെയൊക്കെ പെരുമാറാനുള്ള അവകാശം ഇവിടത്തെ പൗരന്മാർക്കുണ്ടെന്നതാണ് അതിന്റെ മഹത്വം.

എന്നാൽ അതിരുവിട്ടു പെരുമാറിയ യുവതിയെ പാക്കിസ്ഥാനിലേക്കു വിടണമെന്ന വാദവുമായി ട്രംപ് അനുകൂല ഇന്ത്യക്കാരും രംഗത്തെത്തി. ‘പാക്കിസ്ഥാനെ സ്നേഹിച്ച ഹിലറിയെപ്പോലെയാണ് യുവതിയും. ഈ രാജ്യം എത്ര മഹത്വം നിറഞ്ഞതാണെന്ന് മനസിലാക്കാനായി യുവതിയെ പാക്കിസ്ഥാനിലേക്കു വിടണം’– റിപ്പബ്ലിക്കൻ ഹിന്ദു മുന്നണിയുടെ നേതാവ് ശലഭ് കുമാർ പറഞ്ഞു.

അമേരിക്കയിൽ ജനിച്ചുവളർന്ന ശ്രീയുടെ മാതാപിതാക്കൾ ഗുജറാത്ത് സ്വദേശികളാണ്. പാരന്റ്സ് ഇൻ പാർട്ണർഷിപ് എന്ന സ്ഥാപനത്തിന്റെ മേധാവിയാണ് ശ്രീ ചൗഹാൻ ഇപ്പോൾ.

തിരഞ്ഞെടുപ്പു സമയത്ത് ട്രംപ് അനുകൂലികളുമായി സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടുമ്പോൾ സമാനമായ രീതിയിൽ വംശീയ വിദ്വേഷം അനുഭവിച്ചിരുന്നുവെന്നും രാജ്യം വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നെന്നും ശ്രീ പറയുന്നു. ട്രംപും അദ്ദേഹത്തിന്റെ സംഘവും ചേർന്ന് അമേരിക്കയിലെ ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കുകയാണെന്ന് ശ്രീ ആരോപിക്കുന്നു.