ലണ്ടനിലെ വാഹനാപകടം; വിചാരണ തുടങ്ങ‍ി

ലണ്ടൻ ∙ ഓഗസ്റ്റിൽ ബ്രിട്ടനിലെ നോട്ടിങ്ങാമിൽ രണ്ടു മലയാളികൾ ഉൾപ്പെടെ എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തെത്തുടർന്നു പിടിയിലായ ട്രക്ക് ഡ്രൈവർമാർ കുറ്റം നിഷേധിച്ചു. പോളണ്ട് സ്വദേശി റിസാർഡ് മസിയേറാ (31), ബ്രിട്ടിഷ് പൗരൻ ഡേവിഡ് വാഗ്സ്റ്റാഫ് (51) എന്നിവരുടെ വിചാരണ നടപടികൾ എയ്ൽസ്ബറി ക്രൗൺ കോടതിയിലാണു നടക്കുന്നത്. ഇരുവർക്കുമെതിരെ കൊലക്കുറ്റമുൾപ്പെടെ ചുമത്തിയിട്ടുണ്ട്.

അമിതമായി മദ്യപിച്ചതിനും കേസുള്ള മസിയേറായെ കസ്റ്റഡിയിൽ വിട്ട കോടതി, വാഗ്സ്റ്റാഫിനു ജാമ്യം അനുവദിച്ചു. എം1 മോട്ടോർവേയിൽ മിൽട്ടൺ കെയിൻസിനു സമീപം ഒരേദിശയിൽ സഞ്ചരിച്ചിരുന്ന മിനി ബസും രണ്ടു ട്രക്കുകളും കൂട്ടിയിടിച്ചായിരുന്നു അപകടം. പാലാ ചേർപ്പുങ്കൽ കടുക്കുന്നേൽ സിറിയക് ജോസഫ് (ബെന്നി-50), വിപ്രോയിൽ എൻജിനീയറായ കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് ഇരുമ്പപ്പുഴ സ്വദേശി ഋഷി രാജീവ് (27) എന്നിവരാണു മരിച്ച മലയാളികൾ.