മെയിൽ ചോർത്താൻ സ്കോട്‌ലൻഡ് യാർഡിനു വേണം ഇന്ത്യക്കാരെ

ലണ്ടൻ ∙ ചാരപ്പണിക്കു സ്കോട്‌ലൻഡ് യാർഡ് ഉപയോഗിക്കുന്നത് ഇന്ത്യൻ ഹാക്കർമാരെ. ബ്രിട്ടനിലെ ‘ദ് ഗാർഡിയനി’ലെ പത്രപ്രവർത്തകരുടെയും ഗ്രീൻപീസ് അടക്കമുള്ള പരിസ്ഥിതി സംഘടനകളുടെ പ്രവർത്തകരുടെയും ഇ–മെയിൽ‌ ആണ് ഇന്ത്യൻ ‘മിടുക്കൻമാരെ’ ഉപയോഗിച്ചു ചോർത്തിയത്.

ഇതു സംബന്ധിച്ചു രഹസ്യ കത്തു കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിലെ ഇൻഡിപെൻഡന്റ് പൊലീസ് കംപ്ലയിന്റ് കമ്മിഷൻ അന്വേഷണം ആരംഭിച്ചു. ഗുരുതരമായ ആരോപണമാണു ലോകത്തെ ഏറ്റവും പ്രശസ്തമായ പൊലീസ് വിഭാഗം നേരിടുന്നത്.

ഇന്ത്യയിലെ പൊലീസുമായി ചേർന്നാണു ഹാക്കർമാരെ ഉപയോഗിച്ചു വർഷങ്ങളായി രഹസ്യങ്ങൾ ചോർത്തിയിരുന്നതെന്നു കത്തിലെ വിവരങ്ങൾ പുറത്തുവിട്ട ‘ദ് ഗാർഡിയൻ’ പത്രം പറയുന്നു. പാസ്‌വേഡ് അടക്കമുള്ള വിവരങ്ങൾ ശരിയാണെന്നു തങ്ങളുടെ റിപ്പോർട്ടർമാർ അന്വേഷിച്ച് ഉറപ്പുവരുത്തിയെന്നും റിപ്പോർട്ടിലുണ്ട്.

ഇരുരാജ്യങ്ങളിലെയും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ ചട്ടപ്രകാരം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ഗ്രീൻപാർട്ടി നേതാവ് ജെന്നി ജോൺസ് രംഗത്തുവന്നിട്ടുണ്ട്.