Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കം കളഞ്ഞു പഠിക്കേണ്ട; റജിസ്റ്റർ നമ്പർ തന്നാൽ ‘ജയിപ്പിക്കാമെന്ന്’ ഹാക്കർ

Cyber-Sword സൈബർസ്വാർഡിന്റെ വെബ്സൈറ്റ് പോസ്റ്റിൽ നിന്ന്.

കോട്ടയം∙ കേരള ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷന്‍ വെബ്സൈറ്റിന്റെ സുരക്ഷാപാളിച്ച വീണ്ടും പൊതുജനത്തിനു മുന്നിൽ പൊളിച്ചു കാട്ടി എത്തിക്കൽ ഹാക്കർ ‘സൈബർസ്വാർഡ്’ രംഗത്ത്. പല തവണ മുന്നറിയിപ്പു നൽകിയിട്ടും പിഴവ് അധികൃതർ പരിഹരിക്കാത്തതിനെ കണക്കറ്റു പരിഹസിച്ചാണു ഫെയ്സ്ബുക് പേജിലെ പോസ്റ്റ്. റജിസ്റ്റർ നമ്പർ തന്നാൽ ഏതു വിഷയത്തിനു പരാജയപ്പെട്ടവരെയും വിജയിപ്പിക്കാമെന്ന ‘വാഗ്ദാനവും’ സൈബർസ്വാർഡ് നൽകുന്നു. ഒരു വിദ്യാർഥിയെ വിജയിപ്പിച്ചതായും അവകാശവാദമുണ്ട്. ഏപ്രിൽ ഏഴിനായിരുന്നു ആദ്യത്തെ പോസ്റ്റ്. നടപടിയില്ലാത്തതിനെത്തുടർന്ന് ഏപ്രിൽ എട്ടിനു വന്ന പോസ്റ്റിലും ബോർഡിനു നേരെ രൂക്ഷ വിമർശനമുണ്ട്.

പരീക്ഷ റജിസ്റ്റർ നമ്പറും ജനനതീയതിയും കമന്റ് ചെയ്ത വിദ്യാർഥികള്‍ക്കുള്ള മുന്നറിയിപ്പും എത്തിക്കൽ ഹാക്കർ നൽകുന്നു. ആരെയും അനധികൃതമായി ജയിപ്പിക്കാനല്ല, ബോർഡിന്റെ പിഴവ് ചൂണ്ടിക്കാണിക്കാനായിരുന്നു തന്റെ ശ്രമമെന്നും ഹാക്കർ വ്യക്തമാക്കി. പല ഹാക്കർമാരും ഇപ്പോഴും വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ആദ്യത്തെ പോസ്റ്റിന്റെ സംക്ഷിപ്ത രൂപം ഇങ്ങനെ:

‘കേരള ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷനു കീഴിലുള്ള കോളജുകളിലെ വിദ്യാർഥികൾക്ക് ഒരു സന്തോഷ വാർത്ത. ഇനി മുതൽ രാത്രി മുഴുവന്‍ ഉറക്കം കളഞ്ഞു പഠിക്കേണ്ട, റെക്കോർഡ് എഴുതേണ്ട, ‘സപ്ലി’ എഴുതാൻ പൈസയും ചെലവാക്കേണ്ട. യാതൊരു ചെലവുമില്ലാതെ ഞാൻ നിങ്ങളെ ജയിപ്പിച്ചു തരാം. മൂന്നു മാസം മുൻപു വിദ്യാഭ്യാസ ഡയറക്ടർ, വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, മാധ്യങ്ങൾ ഇവർക്കെല്ലാം മുന്നറിയിപ്പു നൽകിയിരുന്നു അന്നു നിങ്ങളുടെ സൈറ്റ് അഡ്മിൻ മൂന്ന് ആഴ്ചത്തേക്ക് സൈറ്റ് ഡൗൺ ചെയ്തു. ഒരു സുരക്ഷാ പിഴവു പോലും പരിഹരിച്ചതുമില്ല. അതിനാൽത്തന്നെ ഇത്തവണ മുന്നറിയിപ്പില്ല. പഠിക്കാതെ ജയിക്കണമെന്ന് ആഗ്രഹിക്കുന്ന അനിയന്മാരും അനിയത്തിമാരും എന്റെ ഫെയ്സ്ബുക് പേജിന്റെ കമന്റ് ബോക്സിൽ വന്ന് ആവശ്യം അറിയിച്ചാൽ മതി. ഇടം വലം നോക്കാതെ ജയിപ്പിക്കും’– പോസ്റ്റിൽ പറയുന്നു.

കേരളത്തിലെ സൈബറിടം സുരക്ഷിതമല്ലെന്ന മുന്നറിയിപ്പു നൽകിയ താൻ ‘സർക്കാരിനെ ഭീഷണിപ്പെടുത്തി’ എന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും പോസ്റ്റിലുണ്ട്. വിദ്യാർഥികളുടെ ആധാർ ഡേറ്റ ഉൾപ്പെടെ ബോർഡിനു നൽകിയ എല്ലാ വ്യക്തിഗത വിവരങ്ങളും തന്റെ പക്കലുണ്ടെന്നും എത്തിക്കൽ ഹാക്കർ അവകാശപ്പെടുന്നു. ഇതിന്റെ ഉത്തരവാദിയും സർക്കാരാണ്. രാത്രി മുഴുവൻ ഉറക്കമൊഴിച്ചു പഠിക്കുന്നവരേക്കാൾ കൂടുതൽ മാർക്ക് മറ്റുള്ളവർക്കു കിട്ടുന്നുണ്ട്. ഹാക്കർമാർക്കു കാശു കൊടുത്താണു പഠിക്കാത്തവർ പാസ്സാകുന്നത്.

സർക്കാരിന്റെ ശത്രുവല്ല താനെന്നും ഹാക്കർ വ്യക്തമാക്കുന്നു. പിഴവ് ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്യുന്നത്. അതെങ്കിലും തിരുത്താന്‍ ശ്രമിക്കണം. സൈബർ സെൽ തന്നെ പിടികൂടിയാലും സൈറ്റ് സുരക്ഷിതമാക്കാൻ എന്തെങ്കിലും ചെയ്യണമെന്നാണ് അപേക്ഷയെന്നും ഹാക്കർ വ്യക്തമാക്കി. വിദ്യാഭ്യാസ ഡയറക്ടർക്കും കെൽട്രോണിനു നേരെയുമുണ്ടു വിമർശനം. പത്തുതവണ വരെ പിഴവ് ചൂണ്ടിക്കാട്ടി. അപ്പോൾ അതു തിരുത്തിയിരുന്നെങ്കിൽ നിലവിലെ പ്രശ്നമുണ്ടാകില്ലായിരുന്നു. ഇപ്പോഴും പലരും വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അവരെ ഓടിച്ചുവിട്ട് സൈറ്റിന് എപ്പോഴും കാവൽ കിടക്കാനാകില്ല. എത്രയും പെട്ടെന്നു പിഴവ് പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്നും സൈബർ സ്വാർഡ് വ്യക്തമാക്കി.

ഏപ്രിൽ എട്ടിനു നൽകിയ പോസ്റ്റിലാണു വിദ്യാർഥികളോടു ഹാക്കർ ക്ഷമാപണം നടത്തിയത്. ‘എനിക്ക് നിങ്ങളെ ജയിപ്പിക്കാൻ സാധിക്കും. പക്ഷേ എന്റെ മനഃസ്സാക്ഷി അനുവദിച്ചില്ല. അർഹത ഉള്ളവർക്ക് അംഗീകാരം ലഭിക്കണം. അല്ലാതെ ഒരു ഹാക്കറിന്റെ സാമർഥ്യം കൊണ്ടു ജയിക്കുന്നത് ശരിയല്ല എന്നാണ് അഭിപ്രായം. കഷ്ടപ്പെട്ടു പഠിച്ചു പാസ്സാവുന്ന കുട്ടികളുടെ പ്രയാസം കാണാതെയിരിക്കാൻ എനിക്കു സാധിക്കില്ല. ഈ പറഞ്ഞതിന് അർഥം ഇപ്പോൾ ജയിക്കാത്തവരെ കുറ്റപ്പെടുത്തിയതല്ല. നിങ്ങളും പഠിച്ചു പാസാവാൻ നോക്കണം, പരിശ്രമിക്കണം...’ പോസ്റ്റിൽ പറയുന്നു.

related stories