ഉത്തരകൊറിയയ്ക്ക് എതിരെ സൈനിക നടപടി വരാമെന്നു ട്രംപ്

വാഷിങ്ടൻ∙ ഉത്തര കൊറിയയുമായുള്ള പ്രശ്നം ‘വലിയ, വലിയ’ സംഘർഷത്തിലെത്തിയേക്കാമെന്നും സൈനിക നടപടിയിൽ കലാശിച്ചേക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ്രടംപ്. പ്രസിഡന്റ് പദവിയിൽ ഇന്നു നൂറു ദിനം തികയ്ക്കുന്ന ട്രംപ് വാർത്താ ഏജൻസിക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രശ്നം നയതന്ത്രപരമായി തീർക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ യുദ്ധസാധ്യത തള്ളിക്കളയുന്നില്ലെന്നും ട്രംപ് പറഞ്ഞു. അഭിമുഖത്തിലെ മറ്റു പരാമർശങ്ങൾ

 തലവേദന ആ പയ്യൻ തന്നെ

പ്രസിഡന്റ് പദവിയിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഉത്തര കൊറിയ തന്നെ. എന്നാൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ കുറിച്ച് അത്രയ്ക്കങ്ങു മോശം അഭിപ്രായമല്ല ട്രംപിനുള്ളത്.

27 വയസിൽ അച്ഛൻ മരിച്ച ഒരു യുവാവിന്റെ കയ്യിൽ അധികാരമെത്തിയതിനെ തുടർന്നുണ്ടായതാണ് ഉത്തര കൊറിയയിലെ പ്രശ്നങ്ങളെന്നാണു ട്രംപ് പറയുന്നത്. കിം വിവേചനബുദ്ധിയോടെ പെരുമാറുമെന്നാണു പ്രതീക്ഷയെന്നും ട്രംപ് പറയുന്നു.

 ഷി നല്ല മനുഷ്യൻ

ഉത്തര കൊറിയൻ വിഷയത്തിൽ ചൈന നടത്തുന്ന ഇടപെടലുകളെ ട്രംപ് പ്രശംസിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നല്ലൊരു മനുഷ്യനാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഇടപെടൽ ഗുണം ചെയ്തേക്കാം – ട്രംപ് പ്രത്യാശിക്കുന്നു.

 രക്ഷിക്കാം, കാശ് തരണം

ദക്ഷിണ കൊറിയയോടുള്ള ഉദാര സമീപനത്തിൽ തിരുത്തൽ വരുത്തുമെന്ന സൂചനയും ട്രംപ് നൽകുന്നു. ഉത്തര കൊറിയൻ ഭീഷണിയെ ചെറുക്കാനായി ദക്ഷിണ കൊറിയയിൽ സ്ഥാപിച്ച താഡ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ചെലവ് ദക്ഷിണ കൊറിയ തന്നെ വഹിക്കേണ്ടി വരും.

നൂറു കോടി ഡോളർ (6500 കോടി രൂപ) ചെലവു വരുന്ന താഡ് സംവിധാനത്തിന്റെ ചെലവ് യുഎസ് എന്തിനു വഹിക്കണം? ദക്ഷിണ കൊറിയയ്ക്കു ഞങ്ങൾ സുരക്ഷ ഒരുക്കുന്നു, പകരം അവർ അതിന്റെ ചെലവ് വഹിക്കണം – ഇതാണു ട്രംപിന്റെ ന്യായം.

 ഭീകരവിരുദ്ധ പദ്ധതിയില്ല

ഐഎസ് പോലുള്ള ഭീകരസംഘടനകളെ അവസാനിപ്പിക്കുന്ന കാര്യത്തിൽ ട്രംപിനു കൃത്യമായ പദ്ധതികളൊന്നുമില്ല. തീവ്രവാദം യുഎസിലേക്ക് എത്തുന്നത് അനുവദിക്കാനാവില്ല. അതിനാൽ അത് അവസാനിപ്പിക്കണം. എന്നാൽ അത് എവിടെവച്ച് അവസാനിപ്പിക്കാനാകും? ട്രംപ് സന്ദേഹിക്കുന്നു.