ജി മെയിലുകളിൽ നുഴഞ്ഞുകയറ്റം: 10 ലക്ഷം അക്കൗണ്ടുകൾ തകർന്നു; മണിക്കൂറുകൾ നിശ്ചലമായി വാട്സാപ്

സാൻഫ്രാൻസിസ്കോ∙ ലോകമെമ്പാടുമുള്ള ജി മെയിൽ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്താനായി വ്യാജ ഇമെയിൽ ആക്രമണം. ജി മെയിൽ സുരക്ഷാസംവിധാനം തകിടം മറിച്ച നുഴഞ്ഞുകയറ്റം ഒരു മണിക്കൂറിനകം നിർവീര്യമാക്കിയെന്നാണു ഗൂഗിൾ അധികൃതർ അറിയിച്ചത്. അപ്പോഴേക്കും ഏകദേശം 10 ലക്ഷം ജി–മെയിൽ അക്കൗണ്ടുകളെ ഇതു ബാധിച്ചു.

തട്ടിപ്പുസന്ദേശങ്ങളുടെ പതിവിനു വിരുദ്ധമായി, ഇത്തവണ പരിചയമുള്ള വിലാസങ്ങളിൽനിന്നാണു വ്യാജ ഇ മെയിലുകൾ പടർന്നത്. തീരെ സംശയം ജനിപ്പിക്കാത്തവിധം സജ്ജീകരിച്ച സന്ദേശത്തോടൊപ്പമുള്ള ‘ഗൂഗിൾ ഡോക്സ്’ അല്ലെങ്കിൽ ‘ജി ഡോക്‌സ്’ ലിങ്ക്സിൽ ക്ലിക്ക് ചെയ്യാനാണു നിർദേശം. ക്ലിക്ക് ചെയ്യുന്നതോടെ യഥാർഥത്തിലുള്ള ഗൂഗിൾ സെക്യൂരിറ്റി പേജാണു വരിക.

അക്കൗണ്ട് കൈകാര്യം ചെയ്യാൻ ജി ഡോക്സ് എന്നു നടിക്കുന്ന വ്യാജ ആപ്പിന് അനുമതി തേടുന്നതാണ് അടുത്തപടി. ഇത് അനുവദിക്കുന്നതോടെ അക്കൗണ്ട് ഉടമയുടെ ഇ മെയിൽ വ്യക്തിവിവരങ്ങൾ കവർച്ച ചെയ്യപ്പെടുന്നതിനു പുറമേ കോൺടാക്ടിലുള്ള മുഴുവൻ വിലാസങ്ങളിലേക്കും ഇതേ വ്യാജ മെയിൽ അയയ്ക്കപ്പെടുകയും ചെയ്യുന്നു.

കുഴപ്പമുണ്ടായ എല്ലാ അക്കൗണ്ടുകളും ഗൂഗിൾ റദ്ദാക്കിയിട്ടുണ്ട്. വ്യക്തിവിവരങ്ങൾ ചോർന്നിട്ടില്ലെന്നാണു ഗൂഗിൾ വക്താവ് അറിയിച്ചത്.

അതിനിടെ ജനകീയ സമൂഹമാധ്യമമായ വാട്‌സാപ് കഴിഞ്ഞ ദിവസം രണ്ടു മണിക്കൂറിലേറെ പ്രവർത്തനരഹിതമായി. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 2.30 മുതൽ 4.50 വരെയാണു വാട്സാപ് നിശ്ചലമായത്. ഇന്ത്യ, കാനഡ, യുഎസ്, ബ്രസീൽ എന്നീ രാജ്യങ്ങളെ ബാധിച്ചതായാണു റിപ്പോർട്ട്. ലോകമെമ്പാടും 100 കോടിയിലേറെ ആളുകളാണു വാട്സാപ് ഉപയോഗിക്കുന്നത്.

അക്രമ വിഡിയോകൾ നീക്കാൻ ഫെയ്സ്ബുക്

കൊലപാതകം, ആത്മഹത്യ, മറ്റ് അക്രമപ്രവർത്തനങ്ങൾ എന്നിവ കാട്ടുന്ന വിഡിയോകളും തൽസമയ വിഡിയോകളും ഉടൻ നീക്കം ചെയ്യാനുള്ള കർമപദ്ധതിയുമായി ഫെയ്‌സ് ബുക് രംഗത്ത്. മൂവായിരം പേരെ ഇതിനായി നിയോഗിച്ചതായി ഫെയ്‌സ് ബുക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു.

അക്രമരംഗങ്ങളുള്ള വിഡിയോകൾ തനിയെ നീക്കം ചെയ്യപ്പെടുന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുക്കാൻ സമയമെടുക്കുമെന്നതിനാലാണു ഇതിനായി പ്രത്യേക നിയമനം നടത്തിയത്.