ലണ്ടനിലെ ഭീകരാക്രമണങ്ങൾ‌: ലോകനേതാക്കൾ അപലപിച്ചു

ലണ്ടൻ ബ്രിജിൽ ഭീകരാക്രമണത്തെത്തുടർന്ന് സുരക്ഷ ശക്തമാക്കിയപ്പോൾ.

ന്യൂഡൽഹി ∙ ലണ്ടനിൽ ഇന്നലെ നടന്ന രണ്ടു ഭീകരാക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അവ ഞെട്ടിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ഭീകരാക്രമണങ്ങളെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അപലപിച്ചു. മരണത്തിൽ അനുശോചിക്കുകയും പരുക്കേറ്റവർക്കായി പ്രാർഥിക്കുകയും ചെയ്യുന്നതായി അവർ അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പയും സംഭവത്തെ അപലപിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ, ലണ്ടൻ മേയർ സദീഖ് ഖാൻ, മാഞ്ചസ്റ്ററിലെ പുതിയ മേയർ ആൻഡി ബൺഹാം എന്നിവർ സംഭവത്തിൽ നടുക്കം അറിയിച്ചു.

ജർമൻ ചാൻസലർ അംഗല മെർക്കൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ തുടങ്ങി ഒട്ടേറെ ലോകനേതാക്കളും ഭീകരാക്രമണങ്ങളെ അപലപിച്ചു.