ആടിയുലഞ്ഞ് ബ്രിട്ടൻ; ബ്രെക്സിറ്റിൽ കണ്ണുനട്ട് ഇന്ത്യ

‘ഒന്നു നിനയ്ക്കും, മറ്റൊന്നാകും’-ബ്രിട്ടിഷ് പ്രധാനമന്ത്രിമാർക്ക് ഇപ്പോൾ സംഭവിക്കുന്നത് ഇങ്ങനെയാണ്. ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരിക്കെ ഹിതപരിശോധന നടത്തി–യൂറോപ്യൻ യൂണിയനിൽ (ഇയു) ബ്രിട്ടൻ തുടരണമോ വേണ്ടയോ? ബ്രിട്ടൻ ഇയുവിൽ തുടരണം എന്നു വ്യക്തിപരമായി ആഗ്രഹിച്ച നേതാവായിരുന്നു കാമറൺ. ജനങ്ങൾ മറിച്ചു വിധിയെഴുതി–51.9% ബ്രിട്ടൻ, യൂണിയനി‍ൽ തുടരേണ്ട (ബ്രെക്സിറ്റ്) എന്നു വിധിച്ചു. അതോടെ ഡേവിഡ് കാമറൺ രാജിവച്ചുപോയി.

അതുവരെ ബ്രെക്സിറ്റിനെ എതിർത്ത തെരേസ മേ പ്രധാനമന്ത്രിയായി. ജനങ്ങൾ ബ്രെക്സിറ്റിനെ അനുകൂലിച്ച സ്ഥിതിക്കു തിരഞ്ഞെടുപ്പിനു പോയാൽ വൻ ഭൂരിപക്ഷത്തോടെ തിരിച്ചുവരാം എന്നു തെരേസ മേ കണക്കു കൂട്ടി. എന്നാൽ ആ കണക്കുകൂട്ടൽ തെറ്റിപ്പോയി. എതിർപക്ഷത്തു ജെറിമി കോർബിൻ നയിച്ച ലേബർപാർട്ടി അതിശക്തമായ പ്രതിപക്ഷമെന്നനിലയിൽ തിരിച്ചെത്തി.

ചുരുക്കത്തിൽ തെരേസ മേ വീണ്ടും പ്രധാനമന്ത്രിയാകുന്നതു രാഷ്ട്രീയമായി ദുർബലയായിട്ടാണ്, പ്രതിച്ഛായയാകട്ടെ മങ്ങിയ നിലയിലും. ഇതേസമയം ജെറിമി കോർബിൻ പ്രതിപക്ഷനേതാവെന്ന നിലയിൽ കൂടുതൽ കരുത്താർജിച്ചിരിക്കുന്നു. സർക്കാരിനു പ്രതിപക്ഷത്തെ പാടേ അവഗണിച്ചു മുന്നോട്ടു പോകാനാവാത്ത നില.

ബ്രെക്സിറ്റ് സുഗമമോ കഠിനമോ?

കഴിഞ്ഞ ഒരുവർഷത്തിനിടെ ആഗോള രാഷ്ട്രീയത്തിൽ മൂന്ന് അട്ടിമറികളുണ്ടായി എന്നാണു വിദഗ്ധർ വിലയിരുത്തുന്നത്: ഒന്ന്, യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം, രണ്ട്, യുഎസിൽ ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയം, മൂന്ന്, ഇപ്പോൾ തെരേസ മേയ്ക്ക് ഭൂരിപക്ഷം കുറഞ്ഞ് അധികാരത്തിൽ തുടരേണ്ടിവരുന്നത്.ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നതു ബ്രെക്സിറ്റിന് എന്തുസംഭവിക്കും എന്നാണ്.

യൂറോപ്യൻ യൂണിയൻ 28 രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ്. ആസ്ഥാനം ബ്രസൽസാണ്. ഈമാസം 19 മുതൽ ബ്രിട്ടൻ പുറത്തുപോകുന്നതിന്റെ ചർച്ചകൾ തുടങ്ങാനിരിക്കുന്നു. അതു സുഗമവും മൃദുവുമാകുമോ അതോ വിഷമകരമാകുമോ എന്നതാണു പ്രധാനം. ഇയു രാഷ്ട്രങ്ങൾ ചേർന്ന ഒറ്റവിപണി, പൊതു കസ്റ്റംസ് നിരക്കുകൾ എന്നിവയ്ക്കു ബ്രിട്ടൻ വഴങ്ങുകയാണെങ്കിൽ അതു മൃദുസമീപനമാണ്, അല്ലെങ്കിൽ കഠിനവും.

തെരേസ മേയ്ക്ക് കടുത്തനിലപാടെടുക്കുക അത്ര എളുപ്പമല്ല. കാരണം അവർക്കു തുടരണമെങ്കിൽ വടക്കൻ അയർലൻഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയിലെ (ഡിയുപി) 10 പേരുടെ പിന്തുണ വേണം. വടക്കൻ അയർലൻഡിനു യൂറോപ്യൻ യൂണിയൻ അംഗമായ റിപ്പബ്ലിക് ഓഫ് അയർലൻഡുമായി അതിർത്തിയുണ്ട്. ഇയുവുമായി പാടേ ബന്ധം വിച്ഛേദിക്കുന്നതിനെ ഡിയുപി അനുകൂലിക്കാൻ ഇടയില്ല.

ഇന്ത്യൻ ആശങ്ക തൊഴിൽ നയം

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രിട്ടനിലെ പുതിയ സർക്കാരിന്റെ നയവും സമീപനവും വളരെ പ്രധാനമാണ്. ഇതുവരെ യൂറോപ്യൻ യൂണിയനു പൊതുവായ ഒരു നയമാണ് ഇന്ത്യ കൈക്കൊണ്ടത്. എന്നാൽ ബ്രെക്സിറ്റ് യാഥാർഥ്യമായാൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും വെവ്വേറെ നയം നമുക്കു സ്വീകരിക്കേണ്ടി വരും. പുറമേനിന്നുള്ള തൊഴിലാളികളുടെ കാര്യത്തിൽ പുതിയ സർക്കാരിന്റെ ഇമിഗ്രേഷൻ നിയമം എന്തായിരിക്കും എന്നതു നമുക്കു നിർണായകമാണ്.

യൂറോപ്യൻ യൂണിയനിൽനിന്നുള്ള തൊഴിലാളികളുടെ വരവു പൂർണമായും തടഞ്ഞാൽ ഇന്ത്യയോടും അതേസമീപനമാകുമോ എന്ന സംശയം നിലനിൽക്കുന്നു. യുഎസിൽ ട്രംപിന്റെ തൊഴിൽനയങ്ങളും വീസാ നിയന്ത്രണവും ഉയർത്തുന്ന ആശങ്കകൾക്കു പുറമേയാണിത്.