തീനാളങ്ങളിൽനിന്ന് അമ്മ കുഞ്ഞിനെ എറിഞ്ഞു; മാലാഖക്കൈകളിലേക്ക്

തീ വിഴുങ്ങി: പടിഞ്ഞാറൻ ലണ്ടനിലെ കെൻസിങ്ടണിലുള്ള ഗ്രെൻഫെൽ ടവർ അഗ്നിബാധയിൽ കത്തിയമരുന്നു. ചിത്രം: എഎഫ്പി

ലണ്ടൻ ∙ തീനാളങ്ങൾ ചുറ്റിലും പടർന്നപ്പോൾ ആ അമ്മയ്ക്കു മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. താഴെ കൂടിനിന്നവരോട് ആർത്തുനിലവിളിച്ച് പത്താം നിലയിൽനിന്ന് അവർ തന്റെ പി‍ഞ്ചുകുഞ്ഞിനെ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു. താഴെ കൂടിനിന്നവരിലൊരാൾ, ദൈവത്തിന്റേതെന്ന പോലെ കൈകൾ വിടർത്തി ആ കുരുന്നുജീവനെ ഏറ്റുവാങ്ങി. ഏതോ മാലാഖക്കൈകളിൽ ഒരു പോറൽപോലുമേൽക്കാതെ തന്റെ കുഞ്ഞ് ജീവിച്ചിരിക്കുന്നുവെന്ന് ആ അമ്മ അറിഞ്ഞിരിക്കുമോ? അവർക്ക് എന്തു സംഭവിച്ചിട്ടുണ്ടാകും? അറിയില്ല. പടിഞ്ഞാറൻ ലണ്ടനിലെ കെൻസിങ്ടണിലുള്ള ഗ്രെൻഫെൽ ടവറിനെ അഗ്നി വിഴുങ്ങിയപ്പോഴാണു ഹൃദയമിടിപ്പു നിലയ്ക്കുന്ന സംഭവത്തിനു നാട്ടുകാർ സാക്ഷികളായത്.

ഇന്നലെ ബ്രിട്ടിഷ് സമയം അർധരാത്രി കഴി‍ഞ്ഞ് ഒരുമണിയോടെയായായിരുന്നു കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. ദുരന്തത്തിൽ 12 പേർ മരിച്ചതായും നൂറോളം പേർക്കു പരുക്കേറ്റതായുമാണു വിവരമെങ്കിലും മരണസംഖ്യ കൂടിയേക്കുമെന്നു പൊലീസ് പറഞ്ഞു. 24 നിലകളിലെ 120 ഫ്ലാറ്റുകളിലായി അറുന്നൂറോളം പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്. മിക്കവരും ഉറക്കത്തിലായിരുന്നു. തീയും പുകയും പടർന്നതോടെ പരിഭ്രാന്തരായ താമസക്കാർ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും തേടി. ഇതിനിടെയാണു പത്താംനിലയിൽനിന്ന് അമ്മ കുഞ്ഞിനെ താഴേക്കെറിഞ്ഞതെന്നു ദൃക്സാക്ഷിയായ സാമിറ ലംറനി ടെലിഗ്രാഫ് പത്രത്തോടു പറഞ്ഞു.

പലരും ജനാലപ്പടിയിലൂടെ ഇറങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ചിലർ കുട്ടികളെ താഴേക്ക് ഇട്ടുവെന്നും, ഒരാൾ പുതുപ്പുകളും മറ്റും ചേർത്തു പാരഷൂട്ട് പോലെയുണ്ടാക്കി താഴേക്കു പറക്കാൻ ശ്രമിച്ചുവെന്നും മറ്റൊരു ദൃക്സാക്ഷി പറഞ്ഞു. കെട്ടിടം ഇപ്പോഴും പരിശോധിച്ചു വരികയാണ്. ഇതു പൂർത്തിയായാലേ മരണസംഖ്യ വ്യക്തമാകൂ.