ക്യൂബയുമായി പോരിന് ട്രംപ്; ഒബാമയുടെ നയം റദ്ദാക്കി

വാഷിങ്ടൺ∙ പതിറ്റാണ്ടുകൾ നീണ്ട വൈരം അവസാനിപ്പിച്ചു ക്യൂബയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച ബറാക് ഒബാമയുടെ ‘ഏകപക്ഷീയമായ ക്യൂബൻ നയം’ റദ്ദാക്കുകയാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡോളറിന്റെ ചെലവിൽ റൗൾ കാസ്ട്രോയുടെ സൈനികഭരണം വേണ്ടെന്നു പ്രഖ്യാപിച്ച ട്രംപ്, തിരഞ്ഞടുപ്പു വാഗ്ദാനം പാലിക്കുന്നതിനു പുതിയ ക്യൂബൻ നയം പ്രഖ്യാപിക്കുകയാണെന്നും അറിയിച്ചു.

ക്യുബ–യുഎസ് ബന്ധങ്ങളിൽ വീണ്ടും അസ്വസ്ഥത സൃഷ്ടിക്കുന്നതാണു ട്രംപിന്റെ പ്രഖ്യാപനം. മുൻഗാമിയുടെ നയങ്ങൾക്കു കടകവിരുദ്ധ നിലപാട് ട്രംപ് സ്വീകരിക്കുന്ന മൂന്നാമതു സംഭവമാണിത്. നേരത്തേ ‘ഒബാമ കെയർ’ ആരോഗ്യപദ്ധതി അസാധുവാക്കുകയും പാസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നു പിന്മാറുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടവുമായി ദീർഘകാല ശത്രുതയ്ക്കു വിരാമമിട്ടു നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ 2014ൽ ആണ് ഒബാമ തീരുമാനമെടുത്തത്. ഹവാനയിലെ യുഎസ് സ്ഥാനപതികാര്യാലയം തുറന്നതിനൊപ്പം 88 വർഷത്തിനു ശേഷം ക്യൂബ സന്ദർശിക്കുന്ന ആദ്യപ്രസിഡന്റുമായി ഒബാമ. പുതിയ ക്യൂബാ നയം ട്രംപ് പ്രഖ്യാപിച്ചെങ്കിലും നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചിട്ടില്ല.

എന്നാൽ, യുഎസ് പൗരന്മാരുടെ ക്യൂബാ സന്ദർശനത്തിനും സൈനികരംഗത്തെ വ്യവസായ നിക്ഷേപത്തിനും ഉൾപ്പെടെ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പുതിയ നിയന്ത്രണം കൊണ്ടുവരുന്നതിനെ ക്യൂബ വിമർശിച്ചു. വാഷിങ്ടണുമായി പരസ്പര ബഹുമാനത്തോടെയുള്ള ചർച്ചകൾക്കു തയാറാണെന്നും അറിയിച്ചു. ക്യൂബൻ ജനതയ്ക്കും യുഎസ് ജനതയ്ക്കും ഗുണകരമാണു പുതിയ നയമെന്നു മിയാമിയിലെ ക്യൂബൻ–അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടു ട്രംപ് പറഞ്ഞു.

മുഴുവൻ രാഷ്ട്രീയത്തടവുകാരെയും വിട്ടയയ്ക്കുകയും സ്വാതന്ത്ര്യത്തെ ബഹുമാനിക്കുകയും ചെയ്യാതെ ക്യൂബയ്ക്കെതിരെയുള്ള ഉപരോധം പിൻവലിക്കില്ല. ക്യൂബയുടെ സൈനിക, സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങളിലേക്കു യുഎസ് ഡോളർ ഒഴുകുന്നതു നിയന്ത്രിക്കുമെന്നും വിനോദസഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ക്യൂബയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ഒബാമ കൈക്കൊണ്ട നടപടികൾ മുഴുവൻ ട്രംപ് റദ്ദാക്കിയിട്ടില്ല.

ഈയിടെ ആരംഭിച്ച യുഎസ്–ക്യൂബ വിമാന സർവീസുകളും ക്രൂസ് ഗതാഗതവും തുടരും. ഹവാനയിൽ നിന്നു യുഎസ് പൗരന്മാർക്കു സ്വന്തം ഉപയോഗത്തിനായി കൊണ്ടുവരാൻ കഴിയുന്ന ഹവാന ചുരുട്ടിനും ക്യൂബൻ റമ്മിനും നേരത്തേ നിയന്ത്രണമുണ്ടായിരുന്നു. ഈ പരിധി പിൻവലിച്ച ഒബാമയുടെ തീരുമാനവും റദ്ദാക്കിയിട്ടില്ല.