ലണ്ടൻ തീപിടിത്തം: കാണാതായ 58 പേരും മരിച്ചതായി സ്ഥിരീകരണം

ലണ്ടൻ∙ ഗ്രെൻഫെൽ ടവറിലെ തീപിടിത്തത്തെ തുടർന്നു കാണാതായ 58 പേരും മരിച്ചതായി സ്കോട്‌ലൻഡ് യാർഡ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും മെട്രോപൊലിറ്റൻ പൊലീസ് കമാൻഡർ സ്റ്റ്യുവർട് കൻഡി പറഞ്ഞു. തീ വിഴുങ്ങിയ 24 നില കെട്ടിടത്തിലെ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഇനിയും ആഴ്ചകളെടുത്തേക്കും. 30 പേർ മരിച്ചതായായിരുന്നു ഇതുവരെയുള്ള ഔദ്യോഗിക കണക്കുകൾ. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭീകരാക്രമണം ഉൾപ്പെടെ വൻ ദുരന്തങ്ങൾക്കു ബ്രിട്ടൻ ഇരയാകുന്നതിലുള്ള ദുഃഖം എലിസബത്ത് രാജ്ഞി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗ്രെൻഫെൽ ടവർ ദുരന്തത്തിലെ മരണസംഖ്യയെക്കുറിച്ച് സ്കോട്‌ലൻഡ് യാർഡ് വെളിപ്പെടുത്തൽ. 91–ാം ജന്മദിനത്തിലെ പതിവു സന്ദേശത്തിലാണ് ആഘോഷമില്ലെന്നും ദേശീയദുഃഖത്തിൽ പങ്കു ചേരുന്നെന്നും ബ്രിട്ടൻ പതറില്ലെന്നും രാജ്ഞി അറിയിച്ചത്.

പടിഞ്ഞാറൻ ലണ്ടനിലെ അപ്പാർട്മെന്റ് തീപിടിത്തത്തിൽനിന്നു രക്ഷപ്പെട്ടവർക്കുള്ള അഭയകേന്ദ്രവും എലിസബത്ത് രാജ്ഞി സന്ദർശിച്ചിരുന്നു.