ട്രംപ് വിരുദ്ധ നീക്കത്തിനു തിരിച്ചടി; ജോർജിയയിൽ റിപ്പബ്ലിക്കൻ ജയം

ജോർജിയയിൽ യുഎസ് കോൺഗ്രസിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കാരൻ ഹാൻഡൽ.

വാഷിങ്ടൻ ∙ യുഎസ് സംസ്ഥാനമായ ജോർജിയയിൽ യുഎസ് കോൺഗ്രസിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി കാരൻ ഹാൻഡൽ വിജയിച്ചു. റിപ്പബ്ലിക്കൻ കോട്ടയിൽ അട്ടിമറിജയം നേടാൻ ഡമോക്രാറ്റുകൾ ശക്തമായി രംഗത്തിറങ്ങിയതോടെ, രാജ്യാന്തരശ്രദ്ധ നേടിയ മൽസരം ജോർജിയയുടെ ചരിത്രത്തിലെ ചെലവേറിയ ഉപതിരഞ്ഞെടുപ്പായി മാറി.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഹിതപരിശോധന എന്ന നിലയിൽ രാഷ്ട്രീയ പ്രാധാന്യം നേടിയ ജോർജിയയിലെ ആറാം കോൺഗ്രഷനൽ ഡിസ്ട്രിക്ടിലെ മൽസരത്തിൽ 52% വോട്ടു നേടിയാണു ജോർജിയ മുൻ സ്റ്റേറ്റ് സെക്രട്ടറി കൂടിയായ കാരൻ ഹാൻഡൽ വിജയിച്ചത്. ആകെ തിരഞ്ഞെടുപ്പു ചെലവ് 5.7 കോടി ഡോളറാണെന്നാണു കണക്ക്. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിലെ ചെലവിന്റെ ഇരട്ടിയാണിത്.

ആരോഗ്യവകുപ്പ് സെക്രട്ടറിയായി ടോം പ്രൈസിനെ ട്രംപ് നിയമിച്ചതോടെ ഒഴിവുവന്ന സീറ്റിലാണു തിരഞ്ഞെടുപ്പു നടന്നത്. മൂന്നുകോടിയോളം ഡോളർ ചെലവഴിച്ചെങ്കിലും ഡമോക്രാറ്റ് സ്ഥാനാർഥി ജോൻ ഒസോഫിനു കഴിഞ്ഞ പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽ ഹിലറി ക്ലിന്റൻ നേടിയതിലും കുറവ് വോട്ടാണു ലഭിച്ചത്. അയൽ സംസ്ഥാനമായ സൗത്ത് കാരലൈനയിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും ട്രംപിന്റെ കക്ഷി വിജയം നേടി. യുഎസ് കോൺഗ്രസിന്റെ ഇരുസഭകളും നിലവിൽ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലാണ്. ഉപതിരഞ്ഞെടുപ്പു വിജയം ട്രംപ് ഭരണകൂടത്തിനു കൂടുതൽ ആത്മവീര്യം പകരും.