മൗറീഷ്യസ് ദ്വീപു തർക്കം; ബ്രിട്ടനെതിരായ യുഎൻ പ്രമേയം ഇന്ത്യ അനുകൂലിച്ചു

ന്യൂയോർക്ക്∙ ഇന്ത്യൻ സമുദ്രത്തിലെ മൗറീഷ്യസ് ദ്വീപു തർക്കത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ ബ്രിട്ടനെതിരായ പ്രമേയം ഇന്ത്യ അനുകൂലിച്ചു. ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാനമായ ദ്വീപസമൂഹത്തിന്റെ പേരിൽ ബ്രിട്ടനും മൗറീഷ്യസും തമ്മിലുള്ള ദശകങ്ങൾ നീണ്ട തർക്കം രാജ്യാന്തര കോടതിക്കു വിടാനുള്ള യുഎൻ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ അടക്കം 94 രാജ്യങ്ങൾ വോട്ട് ചെയ്തപ്പോൾ ബ്രിട്ടനു 15 വോട്ട് മാത്രമാണു ലഭിച്ചത്.

മൗറീഷ്യസിന്റെ പ്രദേശമായ ഷഗോസ് ആർക്കിപെലാഗോ 1965 മുതൽ യുകെ അവകാശത്തിലാണ്. 1968ൽ മൗറീഷ്യസിനു സ്വാതന്ത്ര്യം നൽകുന്നതിനു മുൻപേ ദ്വീപ് ബ്രിട്ടൻ വേർപെടുത്തിയെടുത്തിരുന്നു. ആർക്കിപെലാഗോയിലെ ഏറ്റവും വലിയ ദ്വീപായ ഡിയഗോ ഗാർസ്യ ബ്രിട്ടിഷ്–യുഎസ് സൈനികത്താവളമാണ്.

ഇറാഖ്–അഫ്ഗാൻ യുദ്ധങ്ങളിൽ യുഎസിന്റെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്ന് ഈ ദ്വീപായിരുന്നു. ദ്വീപു മേഖലയുടെ സുരക്ഷയ്ക്കു തന്ത്രപ്രധാനമാണെന്നു വാദിച്ച് യുഎൻ പ്രമേയത്തിനെതിരെയാണു യുഎസ് വോട്ട് ചെയ്തത്. ദ്വീപിന്റെ നിയമാവകാശം പരിശോധിക്കാനാണു ഹേഗ് ആസ്ഥാനമായ കോടതിയെ യുഎൻ ചുമതലപ്പെടുത്തിയത്. ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യയടക്കം ഭൂരിഭാഗം രാജ്യങ്ങളും പിന്തുണച്ചത് ബ്രിട്ടനു തിരിച്ചടിയായി.