‘മോദിയും ട്രംപും: ഊഷ്മള ബന്ധത്തിന് ചേരുന്ന നേതാക്കൾ’

ന്യൂയോർക്ക് ∙ ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനു വേണ്ടി ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുന്ന നേതാക്കളാണു നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപുമെന്നു രാഷ്ട്രീയ നിരീക്ഷകർ. 

ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ എച്ച്1ബി തൊഴിൽ വീസയിലുൾപ്പെടെ ആശങ്കകളും അഭിപ്രായങ്ങളും പങ്കുവയ്ക്കാനും പരിഹാരമുണ്ടാക്കാനും ശ്രമിച്ച് ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധം ഉറപ്പാക്കാനാകുമെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

മോദി–ട്രംപ് കൂടിക്കാഴ്ച ഉചിതമായ സമയത്തുതന്നെയെന്ന് ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ അനുഭവ് ഗുപ്ത അഭിപ്രായപ്പെടുന്നു. എച്ച്1ബി വീസ, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ ബന്ധത്തെ ബാധിക്കരുതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ തുറന്ന സമ്പദ്‌വ്യവസ്ഥ യുഎസിനു നൽകുന്ന സാധ്യതകൾ മുൻനിർത്തി, ഇന്ത്യ–യുഎസ് നല്ല ബന്ധത്തിനു യുഎസ് കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ട്.

ഏഷ്യ–പസിഫിക് മേഖലയിൽ യുഎസിന്റെ മുഖ്യ പങ്കാളിയാകാനും ഇന്ത്യയ്ക്കു കഴിയും. അതുകൊണ്ടുതന്നെ, ഇന്ത്യയുമായി ബന്ധം ഇനിയും ശക്തിപ്പെടുത്തുന്നതു ട്രംപിനെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. ഇന്ത്യ–യുഎസ് ബന്ധത്തിൽ കരുത്തു പകർന്ന മോദിക്ക് ഇനിയും അതു മുന്നോട്ടു കൊണ്ടുപോകാനാകുമെന്നും ഗുപ്ത പറയുന്നു.