താച്ചറുടെ പ്രതിമ സ്ഥാപിക്കുമെന്ന് തെരേസ മേ

തെരേസ മേ

ലണ്ടൻ ∙ ബ്രിട്ടിഷ് പാർലമെന്റ് ചത്വരത്തിൽ മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്നു പിന്നോട്ടില്ലെന്നു പ്രധാനമന്ത്രി തെരേസ മേ. തകർക്കുമെന്നു ഭീഷണിയുള്ളതിനാൽ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം മരവിപ്പിച്ചതായുള്ള വാർത്തകൾ പ്രധാനമന്ത്രി തള്ളി. ഏകാധിപതിയെപ്പോലെ ഭരിച്ച്, ഉരുക്കു വനിതയെന്ന ഇരട്ടപ്പേരു സ്വന്തമാക്കിയ മാർഗരറ്റ് താച്ചറുടെ പ്രതിമ മഹാത്മാ ഗാന്ധിയുടെയും നെൽസൺ മണ്ടേലയുടെയും ഏബ്രഹാം ലിങ്കന്റെയും ഒപ്പം പാർലമെന്റ് ചത്വരത്തിൽ സ്ഥാപിക്കുന്നതിനെതിരെ വിവിധ സംഘടനകളും തൊഴിലാളി യൂണിയനുകളും രംഗത്തുവന്നിരുന്നു.

മുൻ പ്രധാനമന്ത്രിമാരായ വിൻസ്റ്റൺ ചർച്ചിലും ബഞ്ചമിൻ ദിസ്രേലിയും ഉൾപ്പെടെ മൊത്തം 11 പേരുടെ പ്രതിമകൾ ചരിത്രമുറങ്ങുന്ന പാർലമെന്റ് ചത്വരത്തിലുണ്ട്. ഇതിനൊപ്പമാണു താച്ചറുടെ പ്രതിമയും സ്ഥാപിക്കാൻ ഡേവിഡ് കാമറണിന്റെ നേതൃത്വത്തിലുണ്ടായിരുന്ന യാഥാസ്ഥിതിക സർക്കാർ തീരുമാനമെടുത്തത്.