റഷ്യാ ബന്ധം പുകയുമ്പോൾ ട്രംപും ഭാര്യയും പാരിസിൽ

വാഷിങ്ടൻ∙ റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ യുഎസിൽ രാഷ്ട്രീയവിവാദം മുറുകുമ്പോൾ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫ്രാൻസിൽ. ഇന്നലെ പാരിസിലെത്തിയ ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയുമായി കൂടിക്കാഴ്ച നടത്തും. ഫ്രഞ്ച് ദേശീയാഘോഷ ചടങ്ങിൽ വിശിഷ്ടാതിഥിയായും പങ്കെടുക്കും. മെലനിയ ട്രംപും ഒപ്പമുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്തു ട്രംപിന്റെ മൂത്തമകൻ ട്രംപ് ജൂനിയർ, റഷ്യൻ അഭിഭാഷകയുമായി നടത്തിയ ചർച്ച സംബന്ധിച്ച വെളിപ്പെടുത്തലുകളാണു പുതിയ വിവാദത്തിനു കാരണമായത്.

അതിനിടെ, ഡെമോക്രാറ്റിക് പാർട്ടി ട്രംപിനെതിരായ ഇംപീച്മെന്റ് നീക്കമാരംഭിച്ചു. യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടൽ സംബന്ധിച്ച അന്വേഷണം ട്രംപ് തടസ്സപ്പെടുത്തിയെന്നാരോപിച്ചാണു ഡെമോക്രാറ്റിക് അംഗം ഇംപീച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിക്കു നിയന്ത്രണമുള്ള കോൺഗ്രസിൽ ഈ നീക്കം വിജയിക്കാനിടയില്ല. ജനപ്രതിനിധി സഭയിൽ പ്രമേയത്തിനു ഭൂരിപക്ഷ പിന്തുണ ലഭിച്ചാൽ മാത്രമേ തുടർനടപടി സാധ്യമാകൂ.