ആന്റണി സ്കാരമുസി ട്രംപിന്റെ കമ്യൂണിക്കേഷൻസ് ഡയറക്ടർ; സാറ സാൻഡേഴ്സ് പുതിയ പ്രസ് സെക്രട്ടറി

ആന്റണി സ്കാരമുസി, സാറ സാൻഡേഴ്സ്

വാഷിങ്ടൻ∙ ബാങ്കിങ്–ധനകാര്യ വിദഗ്ധനും വിശ്വസ്ത അനുചരനുമായ ആന്റണി സ്കാരമുസിയെ(53) യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി നിയമിച്ചു. ഇതിൽ പ്രതിഷേധിച്ചു പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി സിയാൻ സ്പൈസർ രാജിവച്ചു. സ്പൈസറുടെ സഹായിയായിരുന്ന സാറ സാൻഡേഴ്സാണു പുതിയ പ്രസ് സെക്രട്ടറി.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണു പ്രസിഡന്റ് മാധ്യമ വിഭാഗത്തിൽ വൻ അഴിച്ചുപണി നടത്തിയത്. എക്സ്പോർട്ട്–ഇംപോർട്ട് ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും ചീഫ് സ്ട്രാറ്റജി ഓഫിസറുമാണു സ്കാരമുസി. ഓഗസ്റ്റ് 15നു ചുമതലയേൽക്കും.

യുഎസ് മാധ്യമങ്ങളും പ്രസിഡന്റിന്റെ ഓഫിസുമായുള്ള ബന്ധം വഷളാക്കിയതിന്റെ പേരിൽ സിയാൻ സ്പൈസർ ഏറെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. സ്കാരമുസിയുടെ നിയമനത്തിൽ അതൃപ്തി അറിയിച്ച് അദ്ദേഹം ട്രംപിനെ കണ്ടിരുന്നു. 

ആ വാക്കുകൾക്ക് മാപ്പ്: സ്കാരമുസി

വാഷിങ്ടൻ∙ പ്രസിഡന്റ് തിരഞ്ഞെടുപ്പു സമയത്തു ട്രംപിനെ ‘രാഷ്ട്രീയത്തിലെ ക്ഷുദ്രക്കാരൻ’ എന്നു വിശേഷിപ്പിച്ചതിൽ സ്കാരമുസി മാപ്പു പറഞ്ഞു. ഏറ്റവും വലിയ തെറ്റായിരുന്നു അതെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി.

റിപ്പബ്ലിക്കൻ സ്ഥാനാർഥികളായിരുന്ന സ്കോട്ട് വാക്കറെയും പിന്നീടു ജെബ് ബുഷിനെയും പിന്തുണയ്ക്കുകയും ട്രംപിനെ അധിക്ഷേപിക്കുകയും ചെയ്തതിനാണ് ഇപ്പോൾ മാപ്പു പറഞ്ഞിരിക്കുന്നത്. ഇത്തരമൊരു പ്രയോഗം നടത്തിയ വിവരം ട്രംപിന് അറിയാമോ എന്ന ചോദ്യത്തിനു ദിവസേനയെന്നോണം പ്രസിഡന്റ് അതു തന്നെ ഓർമിപ്പിക്കാറുണ്ട് എന്നായിരുന്നു മറുപടി.