കള്ളന്മാർക്ക് ട്രംപിന്റെ മുഖംമൂടി

(Representative Image)

ലണ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖംമൂടിയണിഞ്ഞെത്തിയ സഹോദരങ്ങൾ ഒരുലക്ഷം യൂറോ മോഷ്ടിച്ചു. ഇറ്റലിയിലാണു സംഭവം. 20 എടിഎമ്മുകളിൽനിന്നാണ് ഇവർ ഇത്രയും പണം കട്ടെടുത്തത്. ഇവരെ പൊലീസ് പിടികൂടി.

സിസിടിവി ക്യാമറകളിലാണ് ട്രംപിന്റെ മുഖംമൂടിയണിഞ്ഞ മോഷ്ടാക്കളുടെ മുഖം പതിഞ്ഞത്. 1991ൽ പുറത്തിറങ്ങിയ ‘പോയിന്റ് ബ്രേക്ക്’ എന്ന ഹോളിവുഡ് സിനിമയ്ക്കു സമാനമായ രീതിയിലാണു മോഷണം. സിനിമയിൽ യുഎസ് പ്രസിഡന്റുമാരുടെ മുഖംമൂടിയണിഞ്ഞാണ് ബാങ്ക് മോഷണം നടത്തുന്നത്.

1997ൽ പുറത്തിറങ്ങിയ ‘ജക്കാൾ’ എന്ന ചിത്രത്തിലേതു പോലെ മോഷ്ടാക്കൾ കാറിന്റെ നിറവും മാറ്റിയിരുന്നു. വെള്ള മെഴ്സിഡസ് കാറിന് കറുത്ത പെയിന്റടിച്ചാണ് സഹോദരങ്ങൾ മോഷണത്തിനിറങ്ങിയത്. 2001ൽ മോഷണശ്രമത്തിനിടെ ഒരു ബിസിനസുകാരനെ കൊന്നതിനു ജയിൽശിക്ഷ അനുഭവിക്കുന്നയാളുടെ മക്കളാണ് പിടിയിലായത്.