വൈറ്റ് ഹൗസിന് മുന്നിൽ ഇന്ത്യന്‍ വംശജന്റെ വക ‘രോഷാകുലം ചിക്കൻ’

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടു രൂപസാദൃശ്യമുള്ള  ഭീമൻ കോഴിയുടെ രൂപം വൈറ്റ് ഹൗസിനു സമീപം സ്ഥാപിച്ച് ഇന്ത്യൻ വംശജന്റെ പ്രതിഷേധം. ട്രംപിന്റെ നയങ്ങൾക്കെതിരെയാണു ഡോക്യുമെന്ററി ചലച്ചിത്രകാരൻ കൂടിയായ തരൺ സിങ് ബ്രാറിന്റെ പ്രതിഷേധം.

അനുമതി വാങ്ങിയശേഷമാണു വൈറ്റ് ഹൗസിന്റെ തെക്കുഭാഗത്ത് വാഷിങ്ടൻ മോണുമെന്റിനു സമീപം 30 അടി ഉയരമുള്ള രോഷാകുലഭാവത്തിലുള്ള ‘ചിക്കൻ ഡോൺ’ വച്ചത്. നികുതി റിട്ടേൺ രേഖകൾ ട്രംപ് പുറത്തുവിടാത്തതും ഉത്തര കൊറിയ, റഷ്യ നയങ്ങളിൽ പരാജയപ്പെട്ടതും ചൂണ്ടിക്കാട്ടിയാണു പ്രതിഷേധം.

ഭീമൻ കോഴിക്ക് ട്രംപിന്റെ ഹെയർ സ്റ്റൈലാണ്. കൈകകളുടെ ചലനവും ട്രംപിന്റേതുനപോലെ. ഈ കോഴിയെ ഇന്റർനെറ്റിൽ 1500 യുഎസ് ഡോളറിന് വാങ്ങാൻ കിട്ടുമത്രേ. ഓൺലൈൻ പ്രചാരണത്തിലൂടെ സമാഹരിച്ച പണം കൊണ്ടാണു വേറിട്ട പ്രതിഷേധരീതി ഒരുക്കിയത്. 

ഈ സമയം ട്രംപ് വൈറ്റ് ഹൗസിലില്ലാതിരുന്നതിനാൽ പ്രതിഷേധം സുഗമമായി നടന്നു.