അങ്ങനെ ബാനനും പോയി; ട്രംപിന്റെ ഉപദേശകരിലെ ഒരാൾകൂടി ‘അകാലത്തിൽ പൊലിഞ്ഞു’

സ്റ്റീവ് ബാനൻ

വാഷിങ്ടൻ∙ വൈറ്റ്ഹൗസ് പ്രധാന ഉപദേശകൻ സ്റ്റീവ് ബാനനെ കൂടി പറഞ്ഞുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവും പുതിയ ‘ശുദ്ധീകരണം’. തീവ്ര വലതുപക്ഷ നിലപാടുള്ള ബ്രെയ്റ്റ്ബാറ്റ് ന്യൂസ് വെബ്സൈറ്റിന്റെ മേധാവി സ്ഥാനം രാജിവച്ച് ട്രംപിന്റെ ഉപദേശകനാകാൻ പോയ ബാനൻ, വൈറ്റ്ഹൗസ് ജോലി ‘മതിയാക്കി’ പഴയ മാധ്യമസ്ഥാപനത്തിൽ മണിക്കൂറുകൾക്കുള്ളിൽ തിരികെ പ്രവേശിച്ചു. ട്രപിന്റെ പ്രസിഡന്റ് കാലം കഴിഞ്ഞെന്നും ശരിക്കുമുള്ള യുദ്ധം ഇനി തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നും പ്രഖ്യാപിച്ചാണ് മാധ്യമലോകത്തേക്ക് ബാനന്റെ തിരിച്ചുവരവ്.

∙ ഒരു വൈറ്റ്ഹൗസ് ഓർമച്ചിത്രം

ഏഴുമാസം മുൻപ്, പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത് എട്ടു ദിവസം പിന്നിട്ടപ്പോൾ, വൈസ് പ്രസിഡന്റിനും ഉപദേശകർക്കുമൊപ്പം ഡോണൾഡ് ട്രംപ്. ഫോൺ സംഭാഷണത്തിന്റെ അങ്ങേത്തലയ്ക്കൽ അനുമോദനവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ്. ഈ ചിത്രത്തിലുള്ളവരിൽ ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെൻസും മാത്രമേ ഇപ്പോഴും വൈറ്റ്ഹൗസിലുള്ളൂ. ബാക്കി എല്ലാവരും ‘ഉപദേശം മതിയാക്കി’ ജോലി വിട്ടു, അഥവാ ട്രംപ് പറഞ്ഞുവിട്ടു. പെൻസിനെ പറഞ്ഞുവിടുക ട്രംപിന് അത്ര എളുപ്പമല്ല. അതിന് ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും അനുവാദം വേണം.

1. ഡോണൾഡ് ട്രംപ്
ജനുവരി 20 മുതൽ ഇപ്പോഴും യുഎസ് പ്രസിഡന്റ്

2. റെയ്ൻസ് പ്രീബസ്
ചീഫ് ഓഫ് സ്റ്റാഫ് ആയി ആറു മാസം പിന്നിട്ടപ്പോൾ പണി തെറിച്ചു. കമ്യൂണിക്കേഷൻസ് ഡയറക്ടറായി നിയമിച്ച ആന്റണി സ്കാരമൂചി ജോലി ചെയ്തത് കഷ്ടിച്ചു പത്തു ദിവസം. പ്രീബസിനു പകരം വന്നതു ജോൺ കെല്ലി.

3. മൈക്ക് പെൻസ്
ഇപ്പോഴും വൈസ് പ്രസിഡന്റ്. ട്രംപിനൊപ്പം ആദ്യ ഏഴുമാസം തികച്ച ഒരേയൊരാൾ.

4. സ്റ്റീവ് ബാനൻ
അഭിപ്രായവ്യത്യാസങ്ങൾ മൂലം ട്രംപ് കഴിഞ്ഞദിവസം പറഞ്ഞുവിട്ട ചീഫ് ഓഫ് സ്റ്റാഫ്.

5. സീൻ സ്പൈസർ
പ്രസ് സെക്രട്ടറി ആയിരുന്നു. മാധ്യമങ്ങളുമായി ഇടയ്ക്കിടെ കശപിശ. പലരു തല്ലിയാൽ പാമ്പു ചാവില്ലെന്നു തോന്നിയപ്പോൾ ജോലി രാജിവച്ചു സ്ഥലം വിട്ടു.

6. മൈക്കൽ ഫ്ലിൻ
ദേശീയ സുരക്ഷാ ഉപദേശകനായിരുന്നു. 23 ദിവസം ജോലിയിൽ തികച്ചശേഷം റഷ്യൻ ബന്ധം മൂലം വിവാദത്തിൽപെട്ടപ്പോൾ ട്രംപിനു പുറത്താക്കേണ്ടി വന്നു.