ബ്രിട്ടനും ഉദാര തൊഴിൽ നിയമങ്ങൾ മാറ്റും; കുടിയേറ്റ നിയന്ത്രണ ശുപാർശകളുടെ സർക്കാർ രേഖ പുറത്ത്

ലണ്ടൻ∙ ബ്രെക്‌സിറ്റ് നടപടികൾ പൂർത്തിയായാലുടൻ ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കർശനമായി നിയന്ത്രിക്കാനുള്ള ശുപാർശകളടങ്ങിയ സർക്കാർ രേഖ പുറത്തായി. യൂറോപ്യൻ യൂണിയനിൽനിന്നുള്ള ഉയർന്ന വിദഗ്ധ തൊഴിലാളികൾക്കൊഴികെ എല്ലാ വിദേശികൾക്കും കർശന നിയന്ത്രണം വരുമെന്നാണു ഗാർഡിയൻ പുറത്തുവിട്ട 82 പേജ് രേഖയിലുള്ളത്.

നിലവിലുള്ള ഉദാര തൊഴിൽ നിയമങ്ങൾ മാറ്റിമറിക്കാനാണു ബ്രിട്ടിഷ് സർക്കാർ പദ്ധതിയിടുന്നതെന്നും ഇതോടെ വ്യക്തമായി. അവിദഗ്ധ തൊഴിലാളികളെ നിയന്ത്രിക്കാനായി ഇവർക്കു പരമാവധി രണ്ടു വർഷത്തെ വീസ അനുവദിക്കാനാണു ശുപാർശ. ഉയർന്ന തൊഴിൽ വൈദഗ്ധ്യം ഉളളവർക്ക് 3–5 വർഷം വരെ കാലാവധി അനുവദിക്കാം. കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും കർശന നിയന്ത്രണം വരും. യൂറോപ്യൻ യൂണിയൻ വിടുന്ന നടപടികൾ പൂർത്തീകരിക്കുന്നതോടെ ബ്രിട്ടന്റെ കുടിയേറ്റ നിയമം പരിഷ്കരിക്കാനുള്ള ശുപാർശകളടക്കിയ രേഖകൾ ഓഗസ്റ്റിലാണു തയാറാക്കിയത്.