9/11 ഓർമയിൽ യുഎസ്

ഓർമകൾക്കു മുൻപിൽ... 9/11 ഭീകരാക്രമണത്തിന്റെ വാർഷിക ദിനത്തിൽ വൈറ്റ് ഹൗസിലെ അനുസ്മരണച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഭാര്യ മെലനിയ, മരുമകൻ ജാറേദ് കുഷ്നർ, മകൾ ഇവാൻക എന്നിവർ.

ന്യൂയോർക്ക്∙ 9/11 ഭീകരാക്രമണ സ്മരണയിൽ അമേരിക്കയുടെ ആത്മാവു തേങ്ങുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ജനതയെ ഭയചകിതരാക്കാൻ ഭീകരാക്രമണങ്ങൾക്കു കഴിയില്ലെന്നും പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ 9/11 വാർഷിക അനുസ്മരണച്ചടങ്ങിൽ ട്രംപ് പറഞ്ഞു.

പതിനാറു വർഷം മുൻപ്, വേൾഡ് ട്രേഡ് സെന്റർ കെട്ടിടത്തിലേക്കു ഭീകരർ വിമാനം ഇടിച്ചു കയറ്റിയ അതേസമയം വൈറ്റ് ഹൗസിൽ ട്രംപും ഭാര്യ മെലനിയയും ഉദ്യോഗസ്ഥരും ഒരു നിമിഷത്തെ മൗനം ആചരിച്ചു.

ഭീകരാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കളും രക്ഷപ്പെട്ടവരുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ വേൾഡ് ട്രേഡ് സെന്റർ ദുരന്തസ്മാരകത്തിൽ ഒത്തുചേർന്നു.