ചുഴലിക്കാറ്റിൽ യുഎസിൽ മരണം ആറായി

ഇർമ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ഫ്‌ളോറിഡയിൽ നിന്നുള്ള ദൃശ്യം.

മിയാമി∙ ഇർമ ചുഴലിക്കാറ്റ് മുൻകരുതലായി യുഎസിലെ ഫ്ലോറിഡയിൽനിന്നു മാറ്റിപ്പാർപ്പിച്ചവരിൽ കുറെയധികം പേർ വീടുകളിലേക്കു തിരികെ പോകുന്നു. ഇതിനിടെ ഇർമ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിലും ജോർജിയയിലുമായി മരിച്ചവരുടെ എണ്ണം ആറായി. മരണസഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ പറഞ്ഞു. ഫ്ലോറിഡയിൽ ഒന്നരക്കോടിയോളം പേർക്ക് ഇനിയും വൈദ്യുതിയില്ല. 65 ലക്ഷം പേരെ ഫ്ലോറിഡയിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. യുഎസിന്റെ സമീപകാല ചരിത്രത്തിൽ ഇത്രയധികം പേരെ കൂട്ടത്തോടെ മാറ്റിപ്പാർപ്പിച്ചിട്ടില്ല. കരീബിയൻ തീരത്തു വൻനാശം വിതച്ച ഇർമ അവിടെ 40 പേരുടെ ജീവൻ അപഹരിച്ചു. ഇന്നു വൈകിട്ടോടെ ഇർമയുടെ ശക്തി ക്ഷയിക്കുമെന്നു യുഎസിലെ ദേശീയ ചുഴലിക്കാറ്റു കേന്ദ്രം അറിയിച്ചു.