മ്യാൻമറിൽനിന്ന് എല്ലാം നഷ്ടമായി 3.7 ലക്ഷം രോഹിൻഗ്യകൾ

കര പറ്റാൻ കൊതിച്ച്: മ്യാൻമറിൽനിന്നു ബംഗാൾ ഉൾക്കടലിലൂടെ ബോട്ടുയാത്രയ്ക്കു ശേഷം അവശയായി ബംഗ്ലദേശിലെ ഷാ പൊറീർ ദ്വീപിൽ കരപറ്റിയ രോഹിൻഗ്യ അഭയാർഥി സ്ത്രീ, തീരത്തു തളർന്നിരുന്നപ്പോൾ. ചിത്രം: റോയിട്ടേഴ്സ്

ധാക്ക∙ മ്യാൻമറിൽനിന്നു രോഹിൻഗ്യകളുടെ കൂട്ടപ്പലായനത്തിന്റെ ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരക്കണക്കുമായി ഐക്യരാഷ്ട്ര സംഘടന. ഓഗസ്റ്റ് 25നു ശേഷം 3,70,000 രോഹിൻഗ്യ മുസ്‌ലിംകളാണു മ്യാൻമർ പ്രവിശ്യയായ റാഖൈനിൽനിന്നു ബംഗ്ലദേശിലേക്കെത്തിയത്. പലായനം തുടരുന്നതിനാൽ കൃത്യമായ സംഖ്യ ഇതിൽക്കൂടുതൽ വരുമെന്നാണു നിഗമനം. യാത്രയ്ക്കിടെ വഴിയിൽ കുടുങ്ങിയ അഭയാർഥികളെയും കണക്കിൽപ്പെടുത്തിയിട്ടില്ല.

3,13,000 രോഹിൻഗ്യകൾ തെക്കുകിഴക്കൻ ബംഗ്ലദേശിലെത്തിയെന്നാണു യുഎൻ അഭയാർഥിവിഭാഗം തിങ്കളാഴ്ച നൽകിയ കണക്കുകൾ. ആവശ്യത്തിനു വെള്ളവും ഭക്ഷണവുമില്ലാതെ ദീർഘദൂരം കാൽനടയാത്രയ്ക്കു ശേഷം തളർന്ന അവശരും രോഗികളുമാണ് അഭയാർഥികളിലേറെയും. ഇതിനിടെ, ലക്ഷക്കണക്കിനു വരുന്ന അഭയാർഥികളെ പാർപ്പിക്കാൻ സ്ഥലമില്ലാതെ നട്ടംതിരിയുന്ന ബംഗ്ലദേശ് സർക്കാർ, പുനരധിവാസത്തിനു രാജ്യാന്തരസഹായം തേടി.

വെള്ളപ്പൊക്ക ഭീഷണിയുള്ള വിദൂരദ്വീപിൽ അഭയാർഥികൾക്കു താമസകേന്ദ്രങ്ങൾ ഒരുക്കാനുള്ള സർക്കാർ തീരുമാനത്തെ യുഎൻ ഏജൻസികൾ എതിർത്തിട്ടുണ്ട്. തീരത്തുനിന്ന് ഒരു മണിക്കൂർ ബോട്ടുയാത്ര ചെയ്താൽ എത്തുന്ന ഭസൻ ചാർ എന്ന ദ്വീപാണു ബംഗ്ലദേശ് കണ്ടെത്തിയ സ്ഥലം. 2006ൽ കടലിൽനിന്നു പൊന്തിവന്ന ഈ ദ്വീപ് എല്ലാ വർഷവും രണ്ടു തവണയെങ്കിലും വെള്ളത്തിൽ മുങ്ങും. ഇവിടെ പതിനായിരം ഏക്കറിൽ സൗകര്യമൊരുക്കാനാണു തീരുമാനം.

മ്യാൻമറിനെ വിമർശിച്ച് യുഎസ്; പിന്തുണച്ച് ചൈന

രോഹിൻഗ്യകൾക്കെതിരെ അക്രമം വർധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച യുഎസ് ഭരണകൂടം, മ്യാൻമറിലെ സുരക്ഷാസേന സാധാരണ ജനങ്ങൾക്കു സംരക്ഷണമൊരുക്കുന്നില്ലെന്നു കുറ്റപ്പെടുത്തി. അക്രമം അവസാനിപ്പിക്കാൻ ഫലപ്രദമായ നടപടികളുണ്ടാകണമെന്നു മ്യാൻമർ നേതാവ് ഓങ് സാങ് സൂ ചിയോടു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. എന്നാൽ, റാഖൈനിൽ ‘സുസ്ഥിരതയ്ക്കും സമാധാന’ത്തിനും വേണ്ടിയുള്ള മ്യാൻമർ ശ്രമങ്ങൾക്കു ചൈന പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിൻഗ്യകളെ അടിച്ചമർത്താനുള്ള മ്യാൻമർ നീക്കം സമാധാന നൊബേൽ പുരസ്കാരത്തിന്റെ മരണം സൂചിപ്പിക്കുന്നുവെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയനി അഭിപ്രായപ്പെട്ടു.