Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യൻ അഭയാർഥികളെ നാടുകടത്തൽ; തീരുമാനത്തിൽ ഇടപെടില്ലെന്നു സുപ്രീംകോടതി

rohingya-refugees രോഹിൻഗ്യൻ അഭയാർഥികൾ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ രോഹിൻഗ്യൻ അഭയാർഥികളെ തിരികെ മ്യാൻമറിലേക്കു നാടുകട‍ത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഇടപെടില്ലെന്നു സുപ്രീംകോടതി. ‘തീരുമാനമെടുത്തുകഴിഞ്ഞ സ്ഥിതിക്ക് ഇടപെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’– സുപ്രീംകോടതി വ്യക്തമാക്കി.

അസമിൽ അനധികൃതമായി കുടിയേറിയ ഏഴു രോഹിൻഗ്യൻ മുസ്‌ലിംകളെ വ്യാഴാഴ്ച മ്യാൻമറിലേക്കു തിരിച്ചയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നൽകിയ ഹർജി തള്ളിയാണു സുപ്രീംകോടതി നിലപാടു വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ എസ്.കെ.കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഏഴു രോഹിൻഗ്യകളും അനധികൃത കുടിയേറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവർ തങ്ങളുടെ പൗരന്മാരാണെന്നു മ്യാൻമർ അറിയിച്ചിട്ടുമുണ്ട്. അവരെ തിരിച്ചയക്കാൻ സർക്കാർ തീരുമാനമെടുത്തതിനാൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. 2012ലാണ് ഏഴുപേരും ഇന്ത്യയിലെത്തിയത്. ഇവരെ സ്വീകരിക്കാമെന്നു മ്യാൻമർ അറിയിച്ചിട്ടുണ്ടെന്നും അഡിഷനൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

സർക്കാരിന്റെ അഭിപ്രായം കേട്ട കോടതി പ്രശാന്ത് ഭൂഷന്റെ ഹർജി തള്ളുകയായിരുന്നു. രോഹിൻഗ്യകളുടെ ജീവൻ സംരക്ഷിക്കാൻ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്നു ഭൂഷൺ ഓർമിപ്പിച്ചു. ജീവിക്കാനുള്ള അവകാശത്തെക്കുറിച്ചു തങ്ങൾക്കു പൂർണബോധ്യമുണ്ടെന്നും അക്കാര്യം ആരും ഓർമിപ്പിക്കേണ്ടെന്നും ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മറുപടി പറഞ്ഞു.

അഞ്ചംഗ രോഹിൻഗ്യൻ അഭയാർഥി കുടുംബം കഴിഞ്ഞദിവസം വിഴിഞ്ഞത്തും എത്തിയിരുന്നു. ഹൈദരാബാദിലെ സൈബ്രാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലാപൂർ അഭയാർഥി ക്യാംപ് ഒന്നിൽനിന്ന് ഒളിച്ചുകടന്നവരാണിവർ. ഐബി, ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇവരെ ചോദ്യം ചെയ്തു. മ്യാൻമറിലെ മ്യാവൂ ജില്ലയിൽനിന്നുള്ള തയ്യൂബ് (35), ഭാര്യ സഫൂറ ഖത്തൂൺ (27), ഇവരുടെ ആറുമാസം പ്രായമായ കുഞ്ഞ്, തയ്യൂബിന്റെ സഹോദരൻ അർഷാദ് (25), സഫൂറയുടെ പ്രായപൂർത്തിയാകാത്ത സഹോദരൻ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.

related stories