ലണ്ടൻ‌ ട്രെയിൻ സ്ഫോടനം: പതിനെട്ടുവയസ്സുകാരൻ അറസ്റ്റിൽ

ലണ്ടൻ ∙ പാർസൻസ് ഗ്രീൻ സ്റ്റേഷനിൽ ഭൂഗർഭ ട്രെയിനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ടു പതിനെട്ടുവയസ്സുകാരൻ അറസ്റ്റിൽ. 

ബോട്ടിൽ ബ്രിട്ടൻ വിടാൻ ശ്രമിക്കുകയായിരുന്ന യുവാവിനെ കെന്റിലെ ഡോവർ തുറമുഖ പ്രദേശത്തുവച്ചാണ് അറസ്റ്റ് ചെയ്തതെന്നും അന്വേഷണത്തിൽ നിർണായക വഴിത്തിരിവാണിതെന്നും സ്കോട്‌ലൻഡ് യാർഡ് പറഞ്ഞു. ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട് നഗരത്തിൽ അതിജാഗ്രത പ്രഖ്യാപിച്ചിരിക്കെയാണ് അറസ്റ്റ്. 

കൂടുതൽ പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. സുരക്ഷയൊരുക്കാൻ തെരുവുകളിൽ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. പടിഞ്ഞാറൻ ലണ്ടനിലെ ഭൂഗർഭ സ്റ്റേഷനിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ ‘ബക്കറ്റ് ബോംബ്’ സ്ഫോടനത്തിൽ മുപ്പതോളം പേർക്കാണു പരുക്കേറ്റത്. 

സാങ്കേതികപ്പിഴവുമൂലം ബോംബ് ശരിയായി പൊട്ടാത്തതുകൊണ്ടാണു വൻദുരന്തം ഒഴിവായതെന്നു കരുതുന്നു. അടച്ചിട്ട സ്റ്റേഷൻ ഇന്നലെ രാവിലെ തുറന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഉത്തരവാദിത്തമേറ്റെങ്കിലും അതു വിശ്വസനീയമല്ലെന്ന നിലപാടിലാണു പൊലീസ്. സ്കോട്‌ലൻഡ് യാർഡ് മേധാവി ക്രെസിഡ ഡിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം ലണ്ടൻ തെരുവുകൾ സന്ദർശിച്ചു.