ഉത്തര കൊറിയയെ തകർത്തുകളയുമെന്ന് ഡോണൾഡ് ട്രംപ്

ന്യൂയോർക്ക് ∙ ആണവ–ആയുധ പരീക്ഷണങ്ങൾ നിർത്തി അടങ്ങിയിരുന്നില്ലെങ്കിൽ ഉത്തര കൊറിയയെ പൂർണമായും തകർത്തുകളയുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഐക്യരാഷ്ട്രസംഘടനാ പൊതുസഭയിലെ തന്റെ ആദ്യ പ്രസംഗത്തിലാണ് ഉത്തര കൊറിയ ആണവായുധ പരീക്ഷണം അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്നു യുഎസ് പ്രസിഡന്റ് മുന്നറിയിപ്പു നൽകിയത്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെയും പേരെടുത്തുപറയാതെ ട്രംപ് വിമർശിച്ചു.

ഭീകരവാദത്തിനു പണവും പിന്തുണയും നൽകുന്ന രാജ്യങ്ങൾ സ്വയം തിരിച്ചറിയുകയും ഒത്തുചേർന്നു നടപടികളെടുക്കുകയും ചെയ്യണം. പാക്കിസ്ഥാൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആഴ്ചകൾക്കു മുൻപ് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖാഘാൻ അബ്ബാസിയും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.