സൗദി വിലക്ക് നീക്കി; ഇനി വാട്സാപ്പിലും സ്കൈപ്പിലും കണ്ടു സംസാരിക്കാം

റിയാദ് ∙ വാട്സാപ്, സ്കൈപ്പ് തുടങ്ങിയ ഇന്റര്‍നെറ്റ് വിഡിയോ കോളിങ് ആപ്ലിക്കേഷനുകളുടെ വിലക്ക് സൗദി അറേബ്യ നീക്കി. വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ (വിഒഐപി) അധിഷ്ഠിത സൗകര്യങ്ങൾ  ഇനി രാജ്യത്തെങ്ങും ലഭ്യമാകുമെന്നു വാർത്താവിനിമയ മന്ത്രാലയത്തിന്റെ വാർത്തക്കുറിപ്പില്‍ അറിയിച്ചു. പ്രവാസികൾക്ക് ഏറെ ഗുണകരമാണു തീരുമാനം.

അതേസമയം, പുതിയ നീക്കത്തിലൂടെ ബിസിനസ് രംഗത്തു കൂടുതൽ മുന്നേറ്റമാണു സൗദി ലക്ഷ്യമിടുന്നത്. എണ്ണ ആശ്രിതത്വം കുറച്ച് സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽകരിക്കുന്നതിന്റെ ഭാഗമായാണു നിയന്ത്രണം പിൻവലിക്കുന്നത്. വിഒഐപി ലഭ്യത ഡിജിറ്റല്‍ സംരംഭങ്ങളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കും. മാധ്യമ, വിനോദ മേഖലകളുടെ വളർച്ചയ്ക്കും നടപടി ഏറെ സഹായിക്കും.