Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2018 മുതൽ സൗദിയിൽ സിനിമകൾ കാണാം, നിരോധനത്തിന് അന്ത്യമാകുന്നു

theatre Representative Image

റിയാദ്∙ ദശാബ്ദങ്ങൾ നീണ്ട സിനിമാ നിരോധനം എടുത്തുമാറ്റി സൗദി അറേബ്യയുടെ ചരിത്രപരമായ തീരുമാനം. രാജ്യത്തു സിനിമാ തിയറ്ററുകൾ തുറക്കുമെന്ന പ്രഖ്യാപനം ഏഴു മാസം മുൻപ് നടത്തിയിരുന്നെങ്കിലും അത് എന്നായിരിക്കുമെന്നു സൗദി വ്യക്തമാക്കിയിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോൾ വ്യക്തത വരുത്തിയത്.

സിനിമാ തിയറ്ററുകൾക്ക് ലൈസൻസ് നൽകുന്നതിന് എത്രയും പെട്ടെന്നു നടപടി ആരംഭിക്കും. വരുന്ന മാർച്ചിൽ‌തന്നെ സൗദിയിലെ ആദ്യ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുമെന്നാണു സൂചന. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച വിഷൻ 2030ന്റെ ചുവടുപിടിച്ചാണു വിനോദമേഖലയിലെ വിലക്കുകൾ നീക്കാനുള്ള തീരുമാനം.

‘2018 ആദ്യം തന്നെ വാണിജ്യസിനിമാ പ്രവർത്തനങ്ങൾ സൗദിയിൽ തുടങ്ങും. 35 വർഷങ്ങൾക്കു ശേഷമാണ് ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്’– സാംസ്കാരിക മന്ത്രാലയം അറിയിച്ചു. 1980കളിലാണ് സാംസ്കാരിക മൂല്യച്യുതിയുണ്ടാക്കുന്നുവെന്നു പറഞ്ഞ് സൗദിയിലെ തിയറ്ററുകൾക്ക് വിലക്കു വരുന്നത്. അതിനാൽത്തന്നെ ഇപ്പോഴും കാര്യമായ വളർച്ചയില്ലാതെ തുടരുന്ന സൗദിയിലെ ചലച്ചിത്ര നിർമാണത്തിനും ഊർജം പകരുന്നതാണു പുതിയ തീരുമാനം.

2013ൽ സൗദിയിൽ നിന്ന് ഇതാദ്യമായി ഓസ്കർ പുരസ്കാരത്തിന് ഔദ്യോഗികമായി ‘വായ്ജ്ദ’ എന്ന ചിത്രമയച്ചിരുന്നു. എണ്ണയ്ക്കു പുറമേ മറ്റ് സാമ്പത്തിക സ്രോതസ്സുകൾ തേടുന്ന സാഹചര്യത്തിലും ചലച്ചിത്രവ്യവസായം ഇനി ഏറെ സഹായകരമാകും. 2400 കോടി ഡോളറിന്റെ അധികവരുമാനമാണ് ഇതിലൂടെ സൗദി പ്രതീക്ഷിക്കുന്നത്. മുപ്പതിനായിരത്തിലേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

എന്നാൽ നിലവിൽ പൊതുഇടങ്ങളിൽ തുടരുന്ന ചില നിയന്ത്രണങ്ങൾ സിനിമാതിയറ്ററുകളുടെ കാര്യത്തിലും ഉണ്ടാകുമെന്നാണു സൂചന. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഇടങ്ങളിലായിരിക്കും സീറ്റ്. കുടുംബങ്ങൾക്കും പ്രത്യേക മേഖലയുണ്ടാകും

സൗദിയിലെ സാമൂഹിക അവസ്ഥകളിൽ നിർണായക മാറ്റങ്ങളാണ് പുതിയ തീരുമാനത്തോടെ ഉണ്ടാകാനിരിക്കുന്നത്. സിനിമ പാപമാണെന്നും അശ്ലീലമാണെന്നും വിശ്വസിക്കുന്ന യാഥാസ്ഥിതികരുടെ വാദങ്ങളെ പിന്തള്ളിയാണ് പുതിയ തീരുമാനം. എങ്കിലും പല ഭാഗങ്ങളിൽ നിന്നുമുള്ള വിമർശനങ്ങൾക്കും കുറവില്ല. നിലവിലെ സാഹചര്യത്തിൽ വിമർശനങ്ങൾക്കു നേരെ കണ്ണടയ്ക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.

സമീപകാലത്ത് സംഗീതപരിപാടികൾ സംഘടിപ്പിച്ചും സൗദി മാറ്റത്തിന്റെ സൂചനകൾ നൽകിയിരുന്നു. കോമിക് കഥാപാത്രങ്ങളെപ്പോലെ വേഷം ധരിച്ചുള്ള ഫെസ്റ്റിവലും ജനങ്ങൾക്കായി നടത്തി. ദേശീയദിനാചരണത്തിന്റെ ആഘോഷപരിപാടികളിലും കാതലായ മാറ്റങ്ങൾ കൊണ്ടുവന്നു. ലോകോത്തര നിലവാരമുള്ള ഓപറ ഹൗസ് നിർമിക്കുമെന്നും സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ജൂൺ മുതൽ വനിതകൾക്ക് വാഹനമോടിക്കാനുള്ള അധികാരവും സൗദി നൽകുകയാണ്.