അഭയാർഥികളുടെ എണ്ണം വെട്ടിക്കുറച്ച് യുഎസ്; പരമാവധി 45,000

വാഷിങ്ടൻ ∙ ട്രംപ് സർക്കാരിന്റെ കടുത്ത കുടിയേറ്റവിരുദ്ധ നിലപാടിന്റെ തുടർച്ചയെന്നോണം, അടുത്തവർഷം സ്വീകരിക്കുന്ന അഭയാർഥികളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ യുഎസ് തീരുമാനിച്ചു. കഴിഞ്ഞവർഷം 84,995 അഭയാർഥികൾക്ക് ഇടംനൽകിയെങ്കിലും അടുത്തവർഷം പരമാവധി 45,000 പേർക്ക് അഭയം നൽകിയാൽ മതിയെന്നാണു തീരുമാനം.

സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു നടപടി. ദശകങ്ങൾക്കിടെ ആദ്യമാണു യുഎസ് അഭയാർഥികളുടെ എണ്ണം കുറയ്ക്കുന്നത്. ഇതു സംബന്ധിച്ചു സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൻ കോൺഗ്രസിൽ താമസിയാതെ പ്രസ്താവന നടത്തും. 1975നു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു 30 ലക്ഷം അഭയാർഥികളെ സ്വീകരിച്ച അമേരിക്ക, 1980ൽ രണ്ടു ലക്ഷത്തിലേറെപ്പേർക്ക് അഭയം നൽകിയിരുന്നു.

തീരുമാനത്തിനെതിരെ ഡെമോക്രാറ്റ് നേതാക്കൾക്കു പുറമേ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.

ലോകത്ത് ആകെ അഭയാർഥികൾ: 2.25 കോടി

ജന്മനാട്ടിൽനിന്ന് ഒഴിപ്പിക്കപ്പെട്ടവർ 6.56 കോടി (യുഎൻ അഭയാർഥി വിഭാഗത്തിന്റെ കണക്ക്)

2018ൽ യുഎസ് അനുവദിക്കുന്ന അഭയാർഥികൾ (മേഖല തിരിച്ച്)

ആഫ്രിക്ക: 19,000

കിഴക്കൻ ഏഷ്യ: 5000

യൂറോപ്‌, മധ്യേഷ്യ: 2,000

ലാറ്റിനമേരിക്ക, കരീബിയൻ: 1500

ദക്ഷിണേഷ്യ: 17,500