വരൂ, നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് നമുക്ക് റോക്കറ്റിൽ പോകാം

സിഡ്നി ∙ ലണ്ടനിൽനിന്നു ന്യൂയോർക്കിലോ ദുബായിലോ എത്താൻ 29 മിനിറ്റ് ധാരാളം! ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ അവിശ്വസനീയം എന്നാവും നമ്മുടെ മറുപടി. എന്നാൽ, പറയുന്നതു സാക്ഷാൽ ഇലൻ മസ്ക് ആകുമ്പോൾ അവഗണിക്കുക വയ്യ. ഓസ്ട്രേലിയയിൽ നടന്ന രാജ്യാന്തര അസ്ട്രോനോട്ടിക്കൽ കോൺഫറൻസിലാണ് മസ്ക് തന്റെ ‘അതിരില്ലാത്ത സ്വപ്നം’ പങ്കുവച്ചത്.

‘റോക്കറ്റിൽ ബഹിരാകാശത്തു പോകാമെങ്കിൽ എന്തുകൊണ്ട് അതേ വിദ്യ ഉപയോഗിച്ചു ഭൂമിയിലെ വിവിധ നഗരങ്ങളിൽ എത്തിക്കൂടാ’– അദ്ദേഹം ചോദിക്കുന്നു. ‘ഇന്റർസിറ്റി റോക്കറ്റ് ട്രാവൽ’ എന്ന തന്റെ ആശയം വിശദമാക്കുന്ന വിഡിയോയും അവതരിപ്പിച്ചു. ഇതിനു വിമാനയാത്രയ്ക്കു ചെലവാകുന്ന തുക മതിയെന്നാണു മസ്കിന്റെ അവകാശവാദം. ചന്ദ്രനിൽ ഇടത്താവളം ഒരുക്കാൻ പദ്ധതിയുണ്ടെന്നും പറയുന്നു.

ആരാണ് ഇലൻ മസ്ക്

ഇലക്ട്രിക് കാറായ ടെസ്‌ലയുടെയും സ്പേസ് എക്സ് (Space X) റോക്കറ്റുകളുടെയും സ്രഷ്ടാവായ യുഎസ് സംരംഭകൻ. റോക്കറ്റ് വിക്ഷേപണം നടത്തിയ ആദ്യ സ്വകാര്യ കമ്പനിയാണു സ്പേസ് എക്സ്. വിമാനത്തേക്കാൾ വേഗമേറിയ ട്രെയിൻ ‘ഹൈപർലൂപ്’ ഇലൻ മസ്കിന്റെ മറ്റൊരു സ്വപ്നം. വായുശൂന്യമായ തുരങ്കത്തിലൂടെ അതിവേഗം സഞ്ചരിക്കുന്ന വാഹനമാണ് ആശയത്തിനു പിന്നിൽ. ആശയം പൂർണ വിജയമാണെന്നു തെളിയിക്കാനായി.