നെയ്റ്റ് ചുഴലിക്കൊടുങ്കാറ്റ് യുഎസിലേക്ക്

നെയ്റ്റ് ചുഴലിക്കൊടുങ്കാറ്റിന്റെ സാറ്റലൈറ്റ് ദൃശ്യം.

വാഷിങ്ടൻ∙ നിക്കരാഗ്വയിലും കോസ്റ്ററിക്കയിലുമായി 22 ജീവനെടുത്ത നെയ്റ്റ് ചുഴലിക്കൊടുങ്കാറ്റ് മെക്സിക്കൻ ഉപദ്വീപും കടന്നു യുഎസിലേക്ക്. അടുത്ത ദിവസം ഇതു യുഎസിലെ ലൂസി യാന സംസ്ഥാനത്തു നാശം വിതച്ചേക്കാമെന്ന പ്രവചനത്തിൽ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നെയ്റ്റ് ഭീകരരൂപം പൂണ്ടു 38–50 സെന്റിമീറ്റർ മഴയ്ക്കു കാരണമായേക്കുമെന്നാണു പ്രവചനം.

75 കിലോമീറ്റർ വേഗത്തിൽ ചീറിയടിക്കുന്ന കാറ്റ് മെക്സിക്കോയുടെ യുക്കാറ്റൻ ഉപദ്വീപിൽ കനത്ത നാശമുണ്ടാക്കാനിടയുണ്ട്. യുഎസ് തീരത്തു ന്യൂ ഓർലിയൻസിലും പരിസരങ്ങളിലുമാകും നെയ്റ്റിന്റെ സംഹാരതാണ്ഡവം. രണ്ടാഴ്ച തുടർച്ചയായ മഴയ്ക്കു പിന്നാലെയാണു നിക്കരാഗ്വയിൽ നെയ്റ്റിന്റെ സംഹാരയാത്ര തുടങ്ങിയത്. ഇവിടെ 15 പേർ കൊല്ലപ്പെട്ടു. കോസ്റ്ററിക്കയിൽ ഏഴു പേർ മരിച്ചു.