വെനസ്വേല: ഗവർണർ തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കി മഡുറോ; വൻക്രമക്കേടെന്നു പ്രതിപക്ഷം

കാരക്കസ്∙ വെനസ്വേലയിലെ പ്രാദേശിക ഗവർണർ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് നിക്കൊളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് പാർട്ടിക്കു വൻജയം. 23 സംസ്ഥാനങ്ങളിൽ പതിനേഴിലും ഗവർണർ സ്ഥാനം മഡുറോയുടെ പാർട്ടിക്കാണ്. പ്രതിപക്ഷ ഡമോക്രാറ്റിക് യൂണിയൻ റൗണ്ട് ടേബിളിന് ആറിടത്തേ വിജയിക്കാനായുള്ളൂ.

എന്നാൽ, വൻതോതിൽ ക്രമക്കേടു കാട്ടി സോഷ്യലിസ്റ്റ് പാർട്ടി അധികാരം പിടിക്കുകയായിരുന്നുവെന്നു പ്രതിപക്ഷം ആരോപിച്ചു. തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്നും മഡുറോയ്ക്കും ഏകാധിപത്യ ഭരണത്തിനുമെതിരെ വൻ പ്രക്ഷോഭം ആരംഭിക്കുമന്നും പ്രതിപക്ഷ കക്ഷികളുടെ മഹാസഖ്യം പ്രഖ്യാപിച്ചു.

പ്രതിപക്ഷം മികച്ച വിജയം നേടുമെന്നായിരുന്നു പ്രവചനങ്ങൾ. ഔദ്യോഗിക കണക്കനുസരിച്ച് 61.14% പേർ വോട്ടുചെയ്ത തിരഞ്ഞെടുപ്പിൽ വൻതോതിൽ ക്രമക്കേടു നടന്നതായി രാജ്യാന്തര നിരീക്ഷകരും ആരോപിക്കുന്നുണ്ട്.

വെനസ്വേല വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നതായി രാജ്യാന്തര നാണ്യനിധിയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മുഖ്യ വരുമാനമായ എണ്ണയുടെ വിലയിൽ വൻ ഇടിവുണ്ടായതിനെ തുടർന്നു രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തിരഞ്ഞെടുപ്പു ക്രമക്കേടിന്റെ പേരിൽ രാജ്യാന്തരസമൂഹം കൂടുതൽ ഉപരോധം കൂടി ഏർപ്പെടുത്തിയാൽ സ്ഥിതി ഗുരുതരമാകും.

തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തർക്കങ്ങൾ രാജ്യത്തെ കൂടുതൽ സംഘർഷത്തിലേക്കു നയിച്ചേക്കും. മഡുറോ ഉൾപ്പെടെയുള്ള ഉന്നതർക്കു യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന് എങ്ങുനിന്നും കടം ലഭിക്കാത്ത സ്ഥിതിയാണ്. യൂറോപ്യൻ യൂണിയനും കടുത്ത നടപടികളിലേക്കു നീങ്ങുന്നു.